കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Thursday 23 December 2010

ജാഫര്‍ പനാഹി ജയിലില്‍

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയെ 6വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരിക്കുന്നു.അടുത്ത 20വര്‍ഷക്കാലം പനാഹി സിനിമകളെടുക്കാനോ, തിരക്കഥകളെഴുതാനോ,വിദേശയാത്ര നടത്താനോ,അഭിമുഖങ്ങള്‍ നല്‍കാനോ പാടില്ല.
ജാഫര്‍ പനാഹിയെ ഉടന്‍ വിട്ടയയ്ക്കണ മെന്നാവശ്യപ്പെടുന്ന ഹര്‍ജി താഴെ.
To:  The Government of the Islamic Republic of Iran
We call on the Government of the Islamic Republic of Iran for the immediate release of internationally respected Iranian Filmmaker Jafar Pahani, (winner of the Camera d' Or at Cannes, the Golden Lion at the Venice Film Festival and the Silver Bear at the Berlin Film Festival ) and his family and dependents.
Sincerely,
The Undersigned
പനാഹി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ‘കാണി’പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കുള്ളലിങ്ക്:  http://kaanineram.blogspot.com/2010/04/blog-post_13.html

Sunday 19 December 2010

കുട്ടിസ്രാങ്ക്:പ്രദര്‍ശനം

2010 ഡിസംബര്‍ 25 കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍

കുട്ടിസ്രാങ്കിനെക്കുറിച്ചുള്ള ലേഖനങ്ങള്‍:
(1) മുങ്ങി മരിച്ച ഭൂലോകസുന്ദരന്‍ (The handsomest drowned man in the world)എന്ന പേരില്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കെസിന്റെ ഒരു കഥയുണ്ട്‌. ഗ്രാമത്തിലെ കടപ്പുറത്തടിഞ്ഞ അജ്ഞാത ജഡം കുട്ടികളാണ്‌ ആദ്യം കണ്ടത്‌. മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോള്‍ ഏതു മൃതശരീരത്തേക്കാളും ഭാരമേറിയതാണതെന്നു മനസ്സിലായി. ഗ്രാമത്തിലെ സ്‌ത്രീകള്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിനിടെഅതിന്റെ ശരീരവടിവുകള്‍ കണ്ട്‌ ആശ്ചര്യപ്പെട്ടു. മുങ്ങിമരിച്ചമറ്റുള്ളവരെപ്പോലെമുഖത്ത്‌ ഏകാന്തതാഭാവ മില്ലാത്തതിനാല്‍ അന്തസ്സോടെയാണയാള്‍ മരിച്ചതെന്ന്‌ അവര്‍ തീര്‍ച്ചപ്പെടുത്തുന്നു... ..കൂടുതല്‍..                                  
 (2)ഷാജി എൻ. കരുൺ സം‌വിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ[1]മലയാളചലച്ചിത്രമാണ്‌ കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർ‌വ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്‌. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാള ചലച്ചിത്ര സം‌രഭമാണിത്[2]. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി[1]              ..കൂടുതല്‍..                                                                                                                                                                                                      (3)ഷാജി എന്* കരുണ്* ലോകശ്രദ്ധ നേടിയവാനപ്രസ്ഥത്തിനു ശേഷം മലയാളത്തില്* വീണ്ടുമെത്തുകയാണ്* കുട്ടിസ്രാങ്കിലൂടെ..അമ്പതുകളുടെ കാലഘട്ടത്തില്* ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ കഥ സംവിധായകന്റേതു തന്നെയാണ്.. കുട്ടിസ്രാങ്കിന്റെ കഥ മൂന്ന് സ്ത്രീകളുടെ കോണില്* നിന്നാണ്*പറഞ്ഞു തുടങ്ങുന്നത്.. സ്രാങ്കിന്റെ മൃത ശരീരം തിരിച്ചറിയാനെത്തുന്ന മൂന്നു പേറ്ക്കും സ്രാങ്കിനെക്കുറിച്ചു വ്യത്യസ്ഥ കാഴ്ചപ്പടാണുള്ളത്.. ജാതിയോ മതമോ കുടുംബമോ ഒന്നുമില്ലാത്ത കുട്ടിസ്രാങ്ക് വിഭിന്നങ്ങളായ വഴികളിലൂടെയുംസംസ്കാരങ്ങളിലൂടെയും കടന്നുപോകുന്നു... ..കൂടുതല്‍..                                                                       (4)ലോകസിനിമയില്‍ പുതിയ ചിന്താധാരയായി മാജിക്കല്‍ റിയലിസം പ്രവേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലേക്കുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ എന്ന നിലയില്‍ മാജിക്കല്‍ റിയലിസം കടന്നുവരുന്നു കുട്ടിസ്രാങ്കില്‍................ ..കൂടുതല്‍..

Friday 10 December 2010

അയ്യപ്പന്റെ ഓര്‍മ്മയില്‍..

ചങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കവി എ.അയ്യപ്പന്‍ അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി.പി.എന്‍.ഗോപികൃഷ്ണന്‍,ആലങ്കോട് ലീലാകൃഷ്ണന്‍,പി.സുന്ദരരാജന്‍ എന്നിവര്‍ അയ്യപ്പനെ അനുസ്മരിച്ച് സംസാരിച്ചു.പി.രാജഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സി.എസ്. സോമന്‍ നന്ദിയും പറഞ്ഞു.അയ്യപ്പന്റെ കവിതകലുടെ ആലാപനവും ഒഡെസ സത്യന്‍ സംവിധാനം ചെയ്ത ‘ഇത്രയും യാതഭാഗം’എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.യോഗത്തില്‍അന്തരിച്ച അഭിനേത്രി ശാന്താദേവിക്ക് ആദരാഞ്ജലികളര്‍പ്പിക്കുകയും  തുടര്‍ന്ന്അവര്‍ അവസാനമായി അഭിനയിച്ച ‘ബ്രിഡ്ജ്’എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
.അയ്യപ്പന്‍ അനുസ്മരണ പ്രസംഗങ്ങളില്‍ നിന്ന്:
  പി.എന്‍. ഗോപികൃഷ്ണന്‍

കവിതയിലേക്കു കടന്നു വന്ന യൗവനാരംഭത്തില്‍ എന്റെ മുറിയില്‍ സ്വന്തം കൈപ്പടയിലെഴുതി ഒട്ടിച്ചു വെച്ച മൂന്നു കവിതാഖണ്ഡളുണ്ടായിരുന്നു. മൂന്നും ബുദ്ധനെ പ്രമേയമാക്കുന്നവ. ബുദ്ധന്‍ മലയാളത്തില്‍ വീണ്ടും മടങ്ങി വന്നത് അക്കാലത്താണ്. കെ. ജി. എസിന്റെ 'വരും വരും എന്ന പ്രതീക്ഷ' സച്ചിദാനന്റെ 'പനി' അയ്യപ്പന്റെ ഒരു കവിത എന്നിവയായിരുന്നു അത്. എല്ലാ പുഴകളും സമുദ്രത്തിലെത്തുന്ന പോലെ, എല്ലാ കവിതകളും ആധുനികത എന്ന പ്രത്യേക സമുദ്രത്തില്‍ എത്തിച്ചേരുമെന്നാണ് അന്നു വിശ്വസിച്ചിരുന്നത്. നമ്മുടെ ഉള്ളിലെ ചിലത് ഇവ വെളിപ്പെടുത്തുമെന്നും വിശ്വസിച്ചു. ഞാന്‍ എന്ന ആധുനിക സ്വത്വവും ലേകവും തമ്മിലുള്ള സംഘര്‍ഷം വെളിപ്പെടുത്താന്‍ ഇതൊക്കെ മതിയാവുമെന്നായിരുന്നു വിചാരം. പില്‍ക്കാലത്ത് ഈ മൂന്നു കവിതാ ഖണ്ഡങ്ങളും തമ്മിലുള്ള ദൂരങ്ങള്‍ എനിക്കു വ്യക്തമായി തുടങ്ങി. അന്ന് 'ആധുനികത' എന്നത് ഏകരൂപാത്മകമായ ഒരു കാര്യമായി കണക്കാക്കുകയും അന്നത്തെ പ്രധാനപ്പെട്ട 10-15 കവിതകളെ ആസ്പദമാക്കി പുതിയവരുടെ കവിതയെ വിലയിരുത്തുകയുമാണ് ചെയ്തു പോന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സച്ചിദാനന്ദനും കക്കാടും തമ്മില്‍, കെ. ജി. എസും കടമ്മനിട്ടയും തമ്മില്‍ എന്തു വ്യത്യാസമാണ് എന്നൊക്കെ തിരിച്ചറിയാനാവും. ആധുനികതയെ ഇങ്ങനെ തിരിച്ചറിയുന്ന കവിതാ പഠനങ്ങള്‍ വളരെ കുറവാണ്. ആധുനികതക്കുള്ളിലെ വിവിധ ധാരകള്‍ തമ്മിലുള്ള വ്യത്യാസം പരിശോധിക്കുക എന്ന കര്‍ത്തവ്യം പല നിരൂപകരും നിര്‍വ്വഹിച്ചിട്ടില്ല. ഇ. വി. രാമകൃഷ്ണന്റെ making it two എന്ന പുസ്തകമാണ് ഇത്തരമൊരു പരിശോധന നിര്‍വ്വഹിക്കാന്‍ തുനിഞ്ഞത്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ആധുനിക കവിതയിലെ ധാരകളെ പഠിച്ചെഴുതിയതാണ് ആ പുസ്തകം. മലയാളവും മറാത്തിയുമെല്ലാമതിലുണ്ട്. മലയാളത്തില്‍ നിന്ന് ഇ. വി. രാമകൃഷ്ണന്‍ ഉദ്ധരിക്കുന്നവരിലൊരാള്‍ അയ്യപ്പപ്പണിക്കരാണ്. അദ്ദേഹത്തിന്റെ 'പകലുകള്‍ രാത്രികള്‍' എന്ന കവിതയിലെ സന്ധ്യാഖണ്ഡത്തിലെ 
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ....എന്നീ വരികള്‍ അസ്ഥിത്വവാദത്തില്‍ കുളിച്ചു നില്ക്കുന്ന നായകന്‍ തന്റെ കാമുകിയോട് പറയുന്നതാണ്. ചങ്ങമ്പുഴക്ക് എതിരാണവയെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. രമണനിലെ തൂങ്ങിച്ചാവലല്ല ഇവിടെ നടക്കുന്നത്.
ചിരിമാഞ്ഞു പോയൊരെന്‍
ഇ.വി.രാമകൃഷ്ണന്‍
ചുണ്ടിന്റെ കോണിലൊരു
പരിഹാസ മുദ്ര നീ കാണും....
കാല്പനികതയില്‍ നിന്ന് ആധുനികതയുടെ നായിക സങ്കല്പത്തിലെത്തുമ്പോള്‍ വലിയമാറ്റമുണ്ടാകുന്നുണ്ട്. കാല്പനികതയുടെ elements എങ്ങനെ ആധുനികതയില്‍ കയറി കൂടി എന്നതാണ് രാമകൃഷ്ണന്റെ ഒരു നേട്ടം. കാല്പനികതയില്‍ നിന്ന് ഒരു ലിറിക്കല്‍ പാരമ്പര്യം നീണ്ടുവരുന്നുണ്ട്. പരാജയപ്പെട്ട എന്നelement അതില്‍ നിന്നെടുത്തതാണ്. വീഴ്ചയുടെ കവിതയാണത്. ആധുനികതയുടെ ഒരു പറ്റം കവിതകളില്‍ അതിനു മുമ്പുള്ള ഭാവഗീതാത്മകതയുടെ ഒരു തുടര്‍ച്ച കാണാം. ഉച്ച ആധുനികകത (high modernism) എന്നാണ് രാമകൃഷ്ണന്‍ അതിനെ വിളിക്കുന്നത്.   സച്ചിദാനന്ദന്‍, കെ. ജി. എസ് എന്നിവര്‍ ഭാവഗീതാത്മകതയെ ആദ്യം തന്നെ വലിച്ചെറിയുന്നു. പകരം നാടകീയത കൊണ്ടു വരുന്നു. സംഗീതം ഉപേക്ഷിച്ച് നാടകീയതയോടടുക്കുന്നു. അതിനെ അവാങ്ഗാര്‍ദ് എന്നാണ് രാമകൃഷ്ണന്‍ വിളിക്കുന്നത്. 
ഭാവഗീതത്തെ പൂര്‍ണ്ണമായും നിരസിക്കുന്ന കവിതകള്‍ ഹിന്ദിയിലും മറാഠിയിലും മലയാളത്തിലും ഉണ്ടാവുന്നുണ്ട്. ഇങ്ങനെ രണ്ടു വ്യത്യസ്ത ധാരകളെങ്കിലും ആധുനികതയിലുണ്ട്. അയ്യപ്പനെ ഇതിലെവിടെ പ്രതീഷ്ഠിക്കാം എന്നതാണ് പ്രസക്തമായ കാര്യം. 
അയ്യപ്പന് സച്ചിദാനന്ദന്റെയും ശങ്കരപ്പിള്ളയുടെയും വിനയചന്ദ്രന്റെയും പ്രായമുണ്ട്. എങ്കിലും കവിതാരംഗത്ത് അയ്യപ്പന്‍ അല്പം വൈകിയാണെത്തുന്നത്. അപ്പോഴെക്കും ആധുനികതയുടെ ആദ്യകാല കോളിളക്കങ്ങള്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. കവിത ഗദ്യത്തിലെഴുതണോ വൃത്തത്തിലെഴുതണോ തുടങ്ങിയ ഉപരിപ്ലവമായ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു. എണ്‍പതുകളുടെ തുടക്കത്തിലാണ് അയ്യപ്പന്റെ കവിതകള്‍ വ്യക്തിത്വം സ്ഥാപിച്ചു തുടങ്ങുന്നത്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍കിടക്കുള്ള ഒഴിവുസ്ഥലം (vacantspace) നികത്തുകയാണ് അയ്യപ്പന്റെ കവിത ചെയ്തത്. അയ്യപ്പന് ഒന്നും അന്യമായിരുന്നില്ല. കല്പറ്റ നാരായണന്‍ അയ്യപ്പനെക്കുറിച്ചുള്ള പഠനത്തില്‍, കവിതയില്‍ ചിത്രകലാ പാരമ്പര്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ( വെള്ള സായാഹ്നം/ മഞ്ഞസായാഹ്നം) വലിയൊരു ഗാന പാരമ്പര്യം അയ്യപ്പനിലുണ്ട്. കേകയുടെ വിവിധ രൂപങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിട്ടുണ്ട്. 

മുറിഞ്ഞ ശില്പങ്ങള്‍ കൊണ്ടാണു അയ്യപ്പന്റ കവിത. ശ്ലഥമായ നിബന്ധങ്ങള്‍ എന്നു പറയാം. ഭാവഗീതാത്മകതയെ അയ്യപ്പന്‍ നിഷേധിച്ചിട്ടില്ല.( ഗ്രീഷ്‌മേ സഖി ) ഭാവഗീതാത്മകതയെയും നാടകീയതയെയും സ്വീകരിക്കും. അയ്യപ്പന്റെ 'പ്രവാസിയുടെ ഗീത' ത്തിനെഴുതിയ അവതാരികയില്‍ പ്രതികവിതയുടെയും നഗ്ന കവിതയുടേയും പാരമ്പര്യം അയ്യപ്പന്‍ തുടരുന്നതായി സച്ചിദാനന്ദന്‍ പറയുന്നത് ശരിയല്ലെന്നു പറയേണ്ടി വരും. കല്പറ്റ നാരായണന്‍ അയ്യപ്പന് കെ. ജി. എസിന്റെയും ചുള്ളിക്കാടിന്റെയും ഇടയ്ക്ക് സ്ഥാനം കല്പിക്കുന്നതും ശരിയല്ല. അയ്യപ്പന്‍ ഈ രണ്ടു പാരമ്പര്യങ്ങളെ തന്റെതായ രീതിയില്‍ സമന്വയിപ്പിക്കുകയാണ് ചെയ്തത്. 
നെരൂദ
അയ്യപ്പന്റെ കവിതയില്‍ മൂര്‍ത്തമായ സ്ഥലങ്ങള്‍ കാണാനാവില്ല. കവിതയുടെ ടൈറ്റിലൊക്കെ ടി. ആറിന്റെ കഥകള്‍പ്പോലെ ( നന്മയില്‍ ഗോപാലന്‍, ജാസ്സക്കിനെ കൊല്ലരുത്..)ഗംഭീരങ്ങളാവും. എന്നാല്‍ ഉള്ളില്‍ ചെന്നാല്‍ ഒന്നും മൂര്‍ത്തമല്ല. മരുഭൂമിയിലെത്തിപ്പെട്ടപോലെ ദിഗ്ഭ്രമം അനുഭവിക്കേണ്ടിവരും. നമ്മെ വഴി തെറ്റിക്കും.
നെരൂദബാലചന്ദ്രന്‍ ചുള്ളിക്കാട് ,സച്ചിദാനന്ദന്‍, കെ. ജി. എസ് എന്നിവരുടെയൊക്കെ കവിതകള്‍ക്കകത്ത് നമ്മെ കൈ പിടിച്ചുനടത്താനാളുള്ളതുകൊണ്ട് ഒരിക്കലും വഴിതെറ്റില്ല. പാതയോരത്തുള്ളതുപോലെ സൈന്‍ ബോര്‍ഡുകള്‍ അവയില്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകോത്തര കവിയായ നെരൂദയുടെ കവിതയും നമ്മെ വഴിതെറ്റിക്കില്ല. 'മാക്ച്ചു പിച്ചു' വില്‍ ചിലപ്പോള്‍ തല ചുറ്റിയേക്കും. എങ്കിലും നമ്മെ താങ്ങിത്തന്നെ കൊണ്ടുപോകും. എന്നാല്‍ അയ്യപ്പന്റെ കവിതയില്‍ തെക്കും, വടക്കും കിഴക്കുമെല്ലാം തെറ്റും. കാരണം മണ്ണു കൊണ്ടുള്ള ജീവിത ശില്പങ്ങളാണ് അയ്യപ്പന്‍ നിര്‍മ്മിക്കുന്നത്. മണ്ണ് പൊടിഞ്ഞു പോകേണ്ടതാണ്. ഒരു ശില്പവും ശാശ്വതമല്ല. ശില്പത്തെ കാണാതെ, പണിത വസ്തുവിനെയാണതു കാണുന്നത്. ബിംബങ്ങളെ പിടിച്ച് മുന്നോട്ടുപോകാനാവില്ല. പൊടിയുടെ കാവ്യ ശാസ്ത്രമാണ് അയ്യപ്പന്റേത് എന്നു പറയാം.

അയ്യപ്പന്‍ പലപ്പോഴും വ്യവസ്ഥാപിത രീതികളെ മറിച്ചിടുന്നു. വീട്, തൊഴില്‍, തെരുവ് തുടങ്ങി നമുക്ക് സ്വാസ്ഥ്യം തരുന്നതൊന്നും അയ്യപ്പന് സ്വാസ്ഥ്യം നല്‍കുന്നില്ല. സ്ഥിരമായ പാര്‍പ്പിട സംവിധാനത്തിനകത്ത് അയ്യപ്പനെ കിട്ടില്ല. 'താലിച്ചരടു പൊട്ടിയ കാമമാണു ഞാന്‍' ‘ജരയും നരയും പകര്‍ന്നുകൊടുക്കാന്‍ മക്കളില്ലാത്ത കിഴവന്‍ മനസ്സ്‘ എന്നിങ്ങനെ, വീടിനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ സ്വാസ്ഥ്യം നല്‍കാത്ത ഇടത്തിന്റേതാണ്. എന്നാല്‍ നമ്മെ അസ്വസ്ഥമാക്കുന്നത് അയ്യപ്പന് സ്വാസ്ഥ്യം നല്‍കുന്നു. ' അഭിസാരികക്ക് ഒരു ഗീതം' എന്ന കവിതാഖണ്ഢത്തില്‍ ഇത്തരം സ്വാസ്ഥ്യം കടന്നു വരുന്നതു കാണാം
അതുപോലെ ചിത്തരോഗാശുപത്രി എത്ര നല്ല ഇടമാണെന്ന് തോന്നും അയ്യപ്പന്റെ കവിതകള്‍ വായിച്ചാല്‍. മലയാളത്തില്‍ വൈലോപ്പിള്ളി,  എന്‍. വി. സച്ചിദാനന്ദന്‍, തുടങ്ങി നിരവധി പേര്‍, ആശുപത്രിക്കവിതളെഴുതിയിട്ടുണ്ട്. സമൂഹത്തിന്റെ മോശം ഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒന്നായാണ് അവ ആശുപത്രികളെ കാണുന്നത്. എന്നാല്‍ ഇത്തരം ആശുപത്രിക്കവിതകളില്‍ നിന്ന് അയ്യപ്പന്റെ കവിത പുറത്താവും. 
ഇത് അയ്യപ്പന്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണോ എന്ന ഒരു ചോദ്യമുയരും. പലപ്പോഴും പി. കുഞ്ഞിരാമന്‍ നായര്‍ ജോണ്‍ അബ്രഹാം എന്നിവരെ അയ്യപ്പനുമായി സമീകരിക്കാറുണ്ട്. തിരുവനന്തപുരത്ത് പി. സത്രത്തിന് എതിര്‍ വശത്താണ് അയ്യപ്പന്‍ മരിച്ചു കിടന്നത്. അതുമായി ബന്ധപ്പെട്ട് പി.യുമായി താരതമ്യപ്പെടുത്തുന്ന കാല്പനിക ജേര്‍ണലിസം- നമ്മള്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അയ്യപ്പന്‍ അവരെപ്പോലെയായിരുന്നില്ല. പി. ഒരിക്കലും മുഖ്യധാരാ ജീവിതത്തെ മോശമായി കണ്ടില്ല. ദസ്തയെവ്‌സ്‌ക്കി പറയുന്നുണ്ട്. ചൂതു കളിക്കരുതെന്നു വിചാരിക്കും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ചൂതുകളിക്കാരുടെ നടുവിലാകും താന്‍ എന്ന്. പി. യും അതുപോലെ വീണുപോവുകയായിരുന്നു.തന്നെ വലിച്ചുകൊണ്ടുപോകുന്ന പൈശാചിക ശക്തികളായാണ് പി.അവയെ കണ്ടത്. കുറ്റബോധത്തിന്റെ നീണ്ട നിഴലുകളാണ് ആ കവിതകളിലെങ്ങും. ഭാരതീയ സംസ്‌ക്കാരത്തെ ഈ ഗംഭീരമായി അംഗീകരിച്ച മറ്റൊരാളില്ല. പി. വ്യവസ്ഥാ വിരോധിയായിരുന്നില്ല. കൊളോണിയലിസത്തിനെതിരെ ഇവിടത്തെ പാരമ്പര്യത്തെ അംഗീകരിച്ചു.
 ജോണ്‍ അബ്രഹാമാകട്ടെ മറ്റൊരു രീതിയില്‍ ഇതിനെ മറികടക്കാന്‍ ശ്രമിച്ചു. മാര്‍ജ്ജിനലൈസ് ചെയ്ത ജീവിതവും മുഖ്യധാരാ ജീവിതവുമായി സംവാദത്തിന് ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. കഴുതയെ അഗ്രഹാരത്തില്‍ കൊണ്ടുവിടുന്നു. എന്നാല്‍ ഒരു പാരലല്‍ സ്ഥലത്തു കൂടിയല്ല കഴുത പോകുന്നത് 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങ'ളില്‍, ചെറിയാച്ചന്‍ മധ്യവര്‍ത്തിയാണ്. ' അമ്മ അറിയാ' നില്‍ മുഖ്യധാരാ ജീവിതവും, പുറത്തുള്ള വിപ്ലവ ജീവിതവും തമ്മിലുള്ള സംവാദമാണ് പ്രധാനം. എന്നാല്‍ അയ്യപ്പന്‍ അങ്ങനെ ആയിരുന്നില്ല. അയ്യപ്പന് ഇത് വേറൊരു ജീവിതമായി തോന്നിയിട്ടില്ല. 
മഹ്‌മൂദ് ദര്‍വീഷ്
വീട് വിട്ടിറങ്ങുക എന്ന പ്രമേയം ഒരു കാലത്ത് മലയാള കവിതയില്‍ സജീവമായിരുന്നു. യാത്രപ്പാട്ട് (ഡി.വിനയചന്ദ്രന്‍ ) യാത്രാമൊഴി (ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്നിങ്ങനെയുള്ള കവിതകളുണ്ടായി. എന്നാല്‍ അയ്യപ്പന്റെ വീട് എല്ലായിടത്തുമുള്ളതാണ്. ചെല്ലുന്നേടത്തെല്ലാം വീടും പെങ്ങളും കുട്ടികളും ഉണ്ട്.  ഒരു തരം നൊമാഡിക് ജീവിതസങ്കല്പമാണിത്.  ആവാസവ്യവസ്ഥയെപ്പറ്റിയുള്ള നമ്മുടെതില്‍ നിന്നു വ്യത്യസ്തമായ ബോധമാണിത്.  കൊണ്ടുനടക്കുന്ന വീട്. അവിടെ അയ്യപ്പന്‍ ഒറ്റക്കല്ല.  അയ്യപ്പന് വര്‍ത്തമാനത്തില്‍ എളുപ്പമെത്താന്‍ പറ്റുന്ന ഇടമായിരുന്നു വീട്.  വീടിനെ നിരാകരിച്ചു എന്നല്ല; പക്ഷെ വീട് എന്നാല്‍ അടച്ചുറപ്പുള്ള ഒരു ഇടമല്ല.
'പ്രവാസിയുടെ ഗീതം' എന്നാണ് അയ്യപ്പന്റെ ഒരു പുസ്തകത്തിന്റെ പേര്.  പ്രവാസം 20-ാം നൂറ്റാണ്ടിലെ ഒരു പ്രധാന വിഷയമാണ്.  മിലാന്‍കുന്ദേര, സോള്‍ഷെനിത്‌സണ്‍‍, ചാര്‍ളിചാപ്ലിന്‍, ബ്രെഹ്റ്റ് തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരെല്ലാം പ്രവാസികളായിരുന്നിട്ടുണ്ട്.  അതെല്ലാം രാഷ്ട്രീയ കാരണങ്ങളാലുള്ള പ്രവാസമായിരുന്നു.  എന്നാല്‍ കിഴക്ക് മറ്റൊരു തരം പ്രവാസമായിരുന്നു ഉണ്ടായത്.  മുഹമ്മദ് ദര്‍വീഷ് എന്ന കവി ചോദിക്കുന്നുണ്ട്.
അവസാനത്തെ ആകാശത്തിനു ശേഷം 
പക്ഷി എങ്ങോട്ടു പറക്കും
അവസാനത്തെ ചക്രവാളത്തിനു ശേഷം
ഞങ്ങളെങ്ങോട്ടു പോകും.
ഇത് ഒരു കവിയുടെ മാത്രം പ്രശ്‌നമല്ല.  ഒരു ജനത മുഴുവന്‍ പ്രവാസത്തിലാണ്.  എല്ലാ വാതിലുകളും ഒരു പോലെയാണെന്ന ദര്‍വീഷ് പറയുന്നുണ്ട്. enter  എന്നെഴുതിയാലുംexit എന്നെഴുതിയാലും ഒരു വ്യത്യാസവുമില്ല.
ഇത് യൂറോപ്പിനു പിടികിട്ടാത്തതാണ്.  ദര്‍വീഷിന്റെ മൃതശരീരം സ്വന്തം രാജ്യത്തു സംസ്‌ക്കരിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
അവിടെ കവി ഒരവസ്ഥയാണ്. പ്രവാസം ഒരു രാജ്യമാണ്.  ദര്‍വീഷിന്റേത് landslept കഴിഞ്ഞരാജ്യമാണ്.  എല്ലാം അടിച്ചുകൊണ്ടുപോയി.  മണ്ണുമാത്രമാണ് ബാക്കി.  മുഹമ്മദ് ദര്‍വീഷുമായി അയ്യപ്പനെ താരതമ്യം ചെയ്യുകയല്ല.  എന്നാല്‍ ഇത് അയ്യപ്പന്‍ മറ്റൊരു തരത്തില്‍ പറയുന്നു.  അനുഭവങ്ങളില്‍ നിന്ന് നാടുകടത്തപ്പെടുക എന്നൊരു പ്രക്രിയക്ക്  വശംവദരാവുന്ന ഒരു കാലത്ത് ജീവിക്കുന്ന നമ്മളും ഇന്ന് പ്രവാസി എന്നറിയപ്പെടുന്ന ഒരാളും തമ്മില്‍ വലിയ വ്യത്യാസമില്ല.  ഇന്ന് എഴുതപ്പെടുന്ന കവിത നില്ക്കുന്ന ഒരു സ്ഥലം ഇതാണ്.  ഗ്രാസ്‌റൂട്ട് ലവലില്‍ നിന്ന് രണ്ടുകൂട്ടരും പറിച്ചെറിയപ്പെട്ടിട്ടുണ്ട്.
അവസാനത്തെ10 കൊല്ലം അയ്യപ്പന്‍ എഴുതിയ ഏതെങ്കിലും കവിത പറ
യാന്‍ പറഞ്ഞാല്‍ ഒറ്റയടിക്ക് ഓര്‍മ്മിച്ചെടുക്കാനാവില്ല.  സ്വയം അനുകരണത്തില്‍ അയ്യപ്പന്‍ എത്തി.  ഭാവനാസമ്പന്നനായ ഒരു കവിക്കും മനുഷ്യനും സമൂഹം നല്‍കേണ്ട കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ ഉണ്ടായിട്ടില്ല.  അത്തരം സൊസൈറ്റിയില്‍ മനുഷ്യന്‍ യാന്ത്രികനാവുന്നത് സ്വാഭാവികമാണ്.  കൊടുക്കല്‍ വാങ്ങലുകളില്ലാത്തപ്പോള്‍ ജയിച്ച സ്ഥലത്തെ വീണ്ടും വീണ്ടും അനുകരിക്കാന്‍ ശ്രമമുണ്ടാവും.  കു
മാരനാശാനെപ്പോലൊരാളുടെ കവിത സംസ്‌ക്കാരത്തിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു.  പഠനങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ. പവിത്രന്‍ എന്ന സംവിധായകന് ആരാധകരേറെയുണ്ടായിരുന്നെങ്കിലും  'യാരോ ഒരാള്‍' എന്ന സിനിമ ഇന്ന് കിട്ടാനില്ല.   ജോണിന്റെ സിനിമകളും വ്യാപകമായി ലഭ്യമല്ല.  ഒ.വി. വിജയന്‍, അയ്യപ്പപ്പണിക്കര്‍  തുടങ്ങിയവരുടെ മിക്ക പുസ്തകങ്ങളും കിട്ടാനില്ല.  ഒരു കൃതി എഴുത്തുകാരനേക്കാള്‍ വലുതാണ്.  ഏതുജീവിതത്തെക്കാളും വലുത്. കൃതികളുടെ ഇടങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയെയാണ് ഭയക്കേണ്ടത്.  നാളെ ഒരു കുട്ടിക്ക് അയ്യപ്പന്റെ കവിതകള്‍ വായിക്കണമെങ്കില്‍ അത് ലഭ്യമാകുമോ എന്നതാണ് അലട്ടുന്ന ചോദ്യം.
ആലങ്കോട് ലീലാകൃഷ്ണന്‍
ഗോപീകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തിയേടത്തുനിന്നു തുടങ്ങാമെന്നു തോന്നുന്നു.  എന്തുകൊണ്ട് അയ്യപ്പന്‍ വ്യവസ്ഥക്കു പുറത്തുള്ള ഒരാളായി,  എന്തുകൊണ്ട് തെരുവിന്റെ കവിയായി,  തെരുവിന്റെ പ്രവാചകനായി, എന്തുകൊണ്ട്  വേശ്യകളും, കൂട്ടിക്കൊടുപ്പുകാരും, തെരുവുതെണ്ടികളും അയ്യപ്പന്റെ ചങ്ങാതിമാരായി.  ഈ അന്വേഷണമാണ് അയ്യപ്പന്റെ കവിതയുടെ അബോധം എന്തെന്ന അന്വേഷണത്തിനുള്ള ഒരു വഴി എന്ന് കരുതുന്നു. 3-ാം വയസ്സില്‍ പങ്കുകച്ചവടക്കാരനാല്‍ അച്ഛന്‍ കൊല്ലപ്പെടുകയും 10-ാം വയസ്സില്‍ അമ്മയുടെ ജാരനാല്‍ അമ്മ കൊല്ലപ്പെടുകയും ചെയ്ത കാര്യങ്ങളൊക്കെ അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്.  എന്തുകൊണ്ടാണ് അടിവരക്ക് നിറം കൊടുക്കാന്‍, ചുവന്നവര വരക്കാന്‍ ചോര അന്വേഷിച്ച് അയ്യപ്പന്‍ പോയത്?

  ഇലകളായ് ഇനി നമ്മള്‍ പുനര്‍ജ്ജനിക്കുമെങ്കില്‍ 
ഒരേ വൃക്ഷത്തില്‍ പിറക്കണം.
എനിക്ക് സ്‌നേഹത്താലും ആനന്ദത്താലും
കണ്ണുനിറഞ്ഞ ഒരു പെങ്ങളില വേണം.
തന്റെ ജീവിതത്തിലില്ലാത്ത പലതും തേടിപ്പോയ ഒരു നൊമേഡ് - പ്രാചീന നൊമേഡ് അല്ല - ആയിരുന്നു അയ്യപ്പന്‍.  അമ്മയുണ്ടായിട്ടും നൊമേഡ് ആയിപ്പോയവന്‍, അച്ഛനുണ്ടായിട്ടും നൊമേഡ് ആയിപ്പോയവന്‍.  വൈകാരിക ചോര്‍ച്ചകളുടെ ഏതോ മരുഭൂമിയിലേക്ക്  ഇളം പ്രായത്തില്‍ എടുത്തെറിയപ്പെട്ടവന്‍.  കേരളത്തില്‍ അങ്ങനത്തെ അനുഭവങ്ങള്‍ കുറവാണ്.  എന്നാല്‍ കസാന്‍ദ് സാക്കീസ് Report to greco വില്‍ ഒരനുഭവം വിവരിക്കുന്നുണ്ട്.  ആഭ്യന്തര കലാപത്തില്‍ വെടിവെച്ചു കൊല്ലപ്പെട്ട മുത്തച്ഛന്റെ ദിവസങ്ങള്‍ പഴക്കമുള്ള ജഡത്തില്‍ ചുംബിക്കാന്‍ അച്ഛന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്നു.   അറപ്പിക്കുന്ന പുഴുതിളക്കുന്ന ദുര്‍ഗന്ധമുള്ള ആ ശവത്തെ ചുംബിക്കാനാണ് അവനോടു പറഞ്ഞത്.  ഓക്കാനിച്ചുകൊണ്ട് ആ ശവത്തെ ചുംബിച്ചു പിന്തിരിഞ്ഞപ്പോള്‍ അച്ഛന്‍ അവനോട് പറഞ്ഞു.  നീയിപ്പോള്‍ ചുംബിച്ചത് ഗ്രീസിനെയാണ്.
ആലങ്കാരികമായി അയ്യപ്പന്‍ ചുംബിച്ചത് അഴുകിക്കൊണ്ടിരിക്കുന്ന കേരളത്തെയാണെന്ന് പറയാം.  കെ.ജി. ശങ്കരപ്പിള്ള ഒരു കവിതയില്‍ പറയുന്നതുപോലെ.
             ഓരോ കണ്ണും കാതും പാതിനാക്കും
            പൂട്ടി ചോദിക്കുന്നു
കൂട്ടകാരാ നിനക്കെന്നാണ്
കഷണ്ടി വന്നത്
                  ......
ഏറ്റവുംപ്രധാനപ്പെട്ട ചീട്ട്
            എല്ലാവരും മറച്ചുവെക്കുന്നു
            ഒരുകത്തി,ഒരു തേറ്റ,
            എല്ലാവരും കരുതുന്നു...
കപടമായ ജീവിതനാടകങ്ങളില്‍ അഭിരമിക്കുന്ന, ശരണാഘോഷങ്ങളില്‍ ഉല്ലസിക്കുന്ന, ജീവിച്ചിരിക്കെ സ്‌നേഹിക്കാന്‍ മടിക്കുന്ന, മരിച്ചശേഷം കൊണ്ടാടുന്ന സംസ്‌കാര ഘടനയുള്ള ഒരു രാജ്യത്തോട്, ഭാഷയോട് സത്യസന്ധതയുടെ ഭാഷയിലാണ് അയ്യപ്പന്‍ സംസാരിച്ചത്.
നല്ല കവികള്‍ എപ്പോഴും മറ്റൊരു രാഷ്ട്രമായിരിക്കും.  അയ്യപ്പന്റെ രാഷ്ട്രം നമുക്കു പരിചിതമല്ല.  നമ്മുടെ അളവുകള്‍കൊണ്ട് അളക്കാവുന്നതല്ല അത്.  അതുകൊണ്ടാണ് അയ്യപ്പന്റെ ശവം മോര്‍ച്ചറിയില്‍ നാലഞ്ചുനാള്‍ കിടന്നപ്പോള്‍ നമ്മള്‍ വിലപിച്ചത്.  അയ്യപ്പന്റെ ശവം മോര്‍ച്ചറിയില്‍ പോലും വരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതിയിട്ടില്ല.  മരിച്ചവരെ വെടിവെച്ചുകൊല്ലുന്നത് നമ്മുടെ മാത്രം ആചാരമാണ്.  അയ്യപ്പേട്ടന്റെ രാജ്യത്തില്‍ മരിച്ചവരെ വെടിവെച്ചു കൊല്ലാറില്ല. എല്ലാം അഴുകി മണ്ണോടു ചേരേണ്ടതാണ് എന്നതുതന്നെയാണ് അയ്യപ്പന്റെ തത്വശാസ്ത്രം.  അയ്യപ്പന്റെ ഒരു കവിതയില്‍ പറഞ്ഞ പോലെ നാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്തകങ്ങളുമല്ല ചരിത്രം.  യാത്രയാണ് ചരിത്രം.  കല്ലും മുള്ളും ചവുട്ടിത്തള്ളി കാട്ടിലേക്കുള്ള യാത്ര.  അയ്യപ്പന്‍ ഒരു കവിതയില്‍ പറയുന്നു:
ഒരു കാട്ടില്‍ നിന്ന്
ഓങ്കാരത്തിന്റെ ശംഖുകിട്ടി
അയ്യപ്പന് കടലില്‍ നിന്നല്ല ശംഖുകിട്ടുക.  കാട്ടില്‍ നിന്നാണ് ശംഖുകിട്ടുന്നത്.  അത് മലയാളിക്ക് അറിവുള്ള മേഖലയല്ല.  മലയാളി വളരെ പരിമിത വൃത്തങ്ങളിലാണ് സാഹിത്യ കലാ വ്യാപാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  എല്ലാമറിയുന്നവരായി നടിക്കുന്നവരുടെ ലോകത്ത് ഒന്നുമറിയാത്തവനായി ഭാവിച്ചുകൊണ്ട് തന്റേതായ ഒരു നീതിബോധത്തിലേക്ക് സഞ്ചരിച്ച ഒരാളാണ് അയ്യപ്പന്‍.   നവയുത്തില്‍ പത്രാധിപരായിരിക്കുകയും 'അക്ഷരം' മാസിക വൃത്തിയായി നടത്തുകയും ചെയ്തിരുന്ന ഒരു കാലം അയ്യപ്പനുണ്ടായിരുന്നു.  എഴുത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കാന്‍ കൊടുങ്ങല്ലൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുദിവസം മുഴുവന്‍ അയ്യപ്പന്‍ ഇരുന്നുകൊടുത്തു.  കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ജനയുഗത്തില്‍ ഞാന്‍ അയ്യപ്പനെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.  അതറിഞ്ഞ അയ്യപ്പന്‍ എന്റെ കൈപിടിച്ചു പറഞ്ഞു: 'ലീലാകൃഷ്ണന്‍ എന്നെക്കുറിച്ച് ഒരു അപഖ്യാതി എഴുതിയിട്ടുണ്ട് എന്ന് കേട്ടു'.
ഒരു കൈയെഴുത്തുമാസികയില്‍ സ്‌കൂള്‍ കാലത്ത് അയ്യപ്പനെഴുതിയ ഒരു കവിത അയ്യപ്പന്റെ ഒപ്പം പഠിച്ച വേണുജി അന്നവിടെ വായിക്കുകയുണ്ടായി.  അതാണ് സുവര്‍ണ്ണജൂബിലി ആഘോഷിക്കാനുള്ള തെളിവ്.  അയ്യപ്പേട്ടന്‍ തന്റെ വൃത്തിയുള്ള കൈയ്യക്ഷരത്തില്‍ എഴുതിയതാണത്.  കയ്യക്ഷരംകണ്ടാലറിയാം അയ്യപ്പേട്ടന്‍ ഉള്ള് ശുദ്ധനായ ഒരാളായിരുന്നു.    അതുകൊണ്ടാണ് ‘എന്റെ മകള്‍ ചെങ്കല്‍ച്ചൂളയില്‍ വളരുന്നുണ്ട്‘ എന്നു പറയാന്‍ അയ്യപ്പനു കഴിഞ്ഞത്.  അത് അസത്യമായിരിക്കില്ല എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.  അയ്യപ്പേട്ടനെ എനിക്കു പേടിയാണ്. സത്യംപറഞ്ഞാല്‍  ഞാന്‍ ജീവിക്കുന്ന ചെറിയ ജീവിതവും അയ്യപ്പേട്ടന്‍ ജീവിച്ച വലിയ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ട്.  അയ്യപ്പന്റെ ശവത്തിന് ഇടമില്ലാത്തപോലെ തന്നെ അയ്യപ്പേട്ടന്റെ ജീവിത്തിന് ഇടമില്ലാത്തപോലെത്തന്നെ അയ്യപ്പേട്ടന്റെ കാവ്യജീവിതത്തിനും നാളെ ഇടമില്ലാതെ വന്നേക്കാം.  
വൈലോപ്പിള്ളിയുടെ 'യുഗപരിവര്‍ത്തനം' എന്ന കവിതയില്‍ പറയുന്നു:
മുന്‍പുനാം സ്‌നേഹിച്ചവരകന്നോ,മൃതിപ്പെട്ടോ
            വന്‍പകയോടെ ചേരി മാറിയോ പൊയ്പ്പൊകുന്നു..
                  .......
            ആ മരവിപ്പിന്‍ മീതെ ചവിട്ടി മുന്നേറുന്നു
            നാമറിയാത്തോര്‍ ,ഒട്ടും നമ്മളെ അറിയാത്തോര്‍..     
... കുട്ടികള്‍ വരും എന്ന് വൈലോപ്പിള്ളി പറയുന്നു.അവരുടെ ലോകം നിങ്ങളുടേതല്ല .എങ്കിലുംഅവരുടെ കൂടെയല്ലാതെ നമുക്കു വേറെ വഴിയില്ല എന്നും വൈലോപ്പിള്ളി പറയും.  അയ്യപ്പേട്ടന്റെ കവിതയില്‍ കുട്ടികള്‍ വന്നുപോകുന്നു.  ചിത്തരോഗാശുപത്രിയാണെങ്കിലും ഒരു കുട്ടിത്തം.  മൂന്നാം വയസ്സില്‍ അച്ഛന്റെ ജഡം കണ്ട കുട്ടിയല്ല ,പത്താം വയസ്സില്‍ അമ്മയുടെ ജഡം കണ്ട കുട്ടിയല്ല, ജനിമൃതികള്‍ക്കപ്പുറത്ത് സ്‌നേഹത്തിന്റെ ഓങ്കാരത്തോടെ സഞ്ചരിച്ച അനാദിയായ നൊമേഡിന്റെ മനസ്സുള്ള ഒരാള്‍ .
പി.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
മറ്റൊരനുഭവം കൂടി പറയാനുണ്ട്.  മുമ്പൊരിക്കല്‍ പൊന്നാനി ആര്‍.വി. ലോഡ്ജില്‍ ആരൊക്കെയോ സുഹൃത്തുക്കള്‍ മുറിവാടക നല്കാതെ അയ്യപ്പനെ ഉപേക്ഷിച്ചു സ്ഥലം വിട്ടു.  ലോഡ്ജുടമയോട് അയ്യപ്പന്‍ എന്റെ പേരു പറഞ്ഞു.  അങ്ങനെ ഞാനവിടെയെത്തി മുറിവാടക കൊടുത്ത് അയ്യപ്പനെ മോചിപ്പിച്ചു കൊണ്ടുവരുമ്പോള്‍ അയ്യപ്പന്‍ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു.  മദ്യത്തിന്റെ അതിരൂക്ഷ ഗന്ധം എന്റെ ആത്മാവിലേക്ക് തുളച്ചുകയറി. എന്നിട്ട് അയ്യപ്പന്‍  പറഞ്ഞു:  ഞാന്‍ നിന്നെ ഉമ്മവെക്കാന്‍ വന്നതാണ്.  ഇപ്പോഴും ആ പൊള്ളല്‍ എന്റെഉള്ളിലുണ്ട്.
ജീവിച്ചിരുന്ന അയ്യപ്പേട്ടനെ എനിക്കു നേരിടാന്‍ പ്രയാസമായിരുന്നു.  എങ്കിലും മരിച്ച അയ്യപ്പേട്ടന്‍ എന്തൊരു നിരുപദ്രവകാരിയാണ് എന്നോര്‍ത്തുപോകുന്നു.  എല്ലാവര്‍ക്കും സ്വീകാര്യന്‍.  ആരുടെയും പോക്കറ്റടിക്കാന്‍ വരില്ല.  ആരെയും പരിഹസിക്കാന്‍ വരില്ല. 'അതാ വരുന്നു നമ്മുടെ മഹാകവി ചുള്ളിക്കാട്' എന്നു പറഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അപഹസിച്ച അയ്യപ്പനോട് ചുള്ളിക്കാട് പറഞ്ഞു: 'അയ്യപ്പേട്ടാ, എന്നെ അപമാനിച്ചില്ലെങ്കിലും അയ്യപ്പേട്ടന്‍ വലിയ കവിയാണ്'.
അയ്യപ്പപ്പണിക്കരേയും ചുള്ളിക്കാടിനെയും നിഷ്‌കളങ്കമായി അപമാനിക്കാനും സ്‌നേഹിക്കാനും കഴിയുന്ന ഒരു കവിമനസ്സ് അയ്യപ്പനുണ്ടായിരുന്നു.  അത് നമുക്കില്ലാത്തതാണ്.  നമുക്കില്ലാത്തത് മറ്റെവിടെയെങ്കിലും ഉണ്ടാകുമ്പോള്‍ നമുക്കിഷ്ടമാണ്.  ആ ഇഷ്ടമാണ് ഈ കൊണ്ടാടലുകള്‍ക്കപ്പുറത്ത് അയ്യപ്പനെ ബാക്കി നിര്‍ത്തുക.
മരിച്ച് 20 കൊല്ലം കഴിഞ്ഞാണ് പി. കുഞ്ഞിരാമന്‍ നായരെ കേരളം പുഷ്പകാലം പോലെ സ്വീകരിച്ചത്. അങ്ങനെ അയ്യപ്പേട്ടന്‍ മലയാളകാവ്യ ചരിത്രത്തില്‍ വീണ്ടുംവരുമെന്നും എനിക്ക് സം ശയമില്ല.പി. സുന്ദരരാജന്‍

അയ്യപ്പന്‍ മരിച്ചപ്പോള്‍ എന്നോട് പലരും ആ അനുഭവങ്ങള്‍ എഴുതണം എന്ന് ആവശ്യപ്പെട്ടിരുന്നു.  ഞാന്‍ എഴുതുന്നില്ല എന്ന മറുപടിയാണ് അവരോട് പറഞ്ഞത്.  കാരണം എഴുതുമ്പോള്‍വൈകാരികമായിപ്പോകും എന്നതാണ് എന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്.  പറയുമ്പോഴും വൈകാരികമാകും.
1979 മാര്‍ച്ചുമാസത്തില്‍ തുടങ്ങുന്നതാണ് ഞാനും അയ്യപ്പനും തമ്മിലുള്ള ബന്ധം.  31 കൊല്ലത്തെ ബന്ധമാണ്.

അയ്യപ്പന്റെ അരാജക ജീവിതത്തെ എങ്ങനെയാണ് നാം സമീപിക്കേണ്ടത്.  അത് കൊണ്ടാടപ്പെടേണ്ടതാണോ? ഞാന്‍ അയ്യപ്പന്റെ ജീവിതവും മരണവും കൊണ്ടാടുന്ന വ്യക്തിയാണ്.  കാരണം മരിക്കണംഎന്ന് അയ്യപ്പന്‍ പലതവണ ആഗ്രഹിച്ചിരുന്നു.  ഞാന്‍ മരിക്കുന്നില്ല എന്നതായിരുന്നു അയ്യപ്പന്റെ പരാതി.  മെഡിക്കല്‍ കോളേജുകളില്‍ ദിവസങ്ങളോളം ഞാന്‍ അയ്യപ്പന്റെ കൂടെ ഉണ്ടായിട്ടുണ്ട്.  കാരണം മറ്റാരെയും അയ്യപ്പന്‍ സഹിക്കില്ല.  സത്യനെ സഹിക്കില്ല. മധുമാഷെ സഹിക്കില്ല.  എവിടെ എപ്പോള്‍ വീണാലും എന്റെ ഫോണിലേക്ക് കോള്‍ വരികയും അയ്യപ്പന്‍ ഛര്‍ദ്ദിക്കുന്ന രക്തം തുടച്ച് ക്ലോസറ്റില്‍ കൊണ്ടുപോയി കളയുകയും ചെയ്ത വ്യക്തിയാണ് ഞാന്‍.  മരിച്ച അയ്യപ്പന്‍ എന്റെ പ്രശ്‌നമല്ല.  സച്ചിദാനന്ദന്‍ ‘കോഴിപ്പങ്ക്’ എന്ന കവിതയില്‍ 'എന്റെ കോഴിയെ നിങ്ങളെടുത്തോളിന്‍....' എന്നു പറയുന്നതുപോലെ 'അയ്യപ്പന്റെ ശവം നിങ്ങളെടുത്തോളിന്‍, അയ്യപ്പനെ ഞങ്ങള്‍ക്കു തരിന്‍' എന്നു പറയാനാണെനിക്കു തോന്നുന്നത്.
രണ്ടുമൂന്നു കാര്യങ്ങള്‍ ഞാന്‍ പറയാം.  വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂരിലെ വാഞ്ചി ലോഡ്ജിന്റെ വീതികുറഞ്ഞ കോണി കയറുമ്പോള്‍ 2-ാം നിലയില്‍ നിന്ന് മറ്റൊരാള്‍ താഴേക്ക് വരുന്നു.  അയാള്‍ മദ്യപിച്ച് കണ്ണുകള്‍ ചുവന്ന പ്രകൃതത്തിലാണ്.  എന്റെ കൈയില്‍ 'വാക്കി' ന്റെയോ, 'പ്രേരണ' യുടെയോ ഒരു കെട്ടുണ്ട്.  ഇടുങ്ങിയ കോണിയായതുകൊണ്ട് രണ്ടാള്‍ക്ക് ഒരേ സമയം കയറിയിറങ്ങാനാവില്ല.  ഞാന്‍ താഴെക്കിറങ്ങിനിന്നു.  ഞാന്‍ അയാള്‍ക്കു കൈനീട്ടിയെങ്കിലും അയാള്‍ ആ കൈ തട്ടിമാറ്റി.  എന്റെ കൈ അയാള്‍ക്കുവേണ്ട.  ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. എ. അയ്യപ്പന്‍, കവി.  അതിനു ശേഷം അഞ്ചാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അയ്യപ്പന്റെ ഒരു കവിത വായിച്ചു.  അത്രയും തീഷ്ണമായ ഒരു കവിത ഞാനതിനുമുമ്പ് വായിച്ചിട്ടില്ല.
'എന്റെ കണ്ണിലെ കൃഷ്ണമണി
......
ഞാനാണ് കണ്ണാടി‘
രണ്ടാമത്തെ സന്ദര്‍ഭം പറയാം.
ഒഡേസയായിരുന്നു ഞങ്ങളുടെ കേന്ദ്രം.  ജോണും അയ്യപ്പനും തമ്മില്‍ സ്ഥിരംഏറ്റുമുട്ടും.  എന്നാല്‍ ജോണുമായി അയ്യപ്പനു പ്രണയം.
അയ്യപ്പന്റെ മുറിയില്‍ നിന്നായിരുന്നു ജോണ്‍ മരണത്തിലേക്ക് അവസാനമായി പോയത്.  അയ്യപ്പന്റെ മുറിയില്‍ നിന്ന് അയ്യപ്പന്റെ ഷര്‍ട്ടിട്ട്.  നീ ഇപ്പോള്‍ പോവണ്ട എന്ന അയ്യപ്പന്റെ വാക്കുകള്‍ അവഗണിച്ച് പോയ ജോണ്‍ പിന്നെ തിരിച്ചുവന്നില്ല.
'വാറുപൊട്ടിയ നിന്റെ പാദരക്ഷകളെന്റെ
വാടകമുറിക്കുള്ളിലുപേക്ഷിച്ച്
നഗ്നപാദനായി പടിയിറങ്ങിപ്പോകെ
കാലില്‍ മുള്ളുതറഞ്ഞ് നൊന്തുനിന്നവന്‍ 
ഞാനാണല്ലോ' 
അയ്യപ്പന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരായിരുന്നു.  അയ്യപ്പന്റെ കവിതയെക്കുറിച്ച് കേരളത്തിലെ ഒരു നിരൂപകനും ഗൗരവമായി പഠിച്ചിട്ടില്ല.  ഒരു നല്ല നിരൂപണം വന്നിട്ടുണ്ടെങ്കില്‍ അത് പ്രസന്നരാജന്‍ പണ്ടെന്നോ മലയാളനാട്ടിലോ മറ്റോ എഴുതിയ നിരൂപണമാണ്. കവിതക്കിന്ധനമായിത്തീര്‍ന്ന ജീവിതമാണത്.
അയ്യപ്പന്റെ നൂറുകണക്കിന് കവിതകള്‍ ചെറുപ്പം   തൊട്ടേ പേറി നടന്ന ഒരു വ്യക്തിയാണ് ഞാന്‍.  അതുകൊണ്ടാണ് ഞാന്‍ അയ്യപ്പനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കണമെന്ന ആഗ്രഹം ഒഡേസ സത്യനുമായി  പങ്കുവെച്ചത്.  വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ വെച്ചാണ് 'ഇത്രയും യാതഭാഗം' എന്ന അയ്യപ്പനെക്കുറിച്ചുള്ള സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്.  ഞാനും കവിതാസംഗമം മുരളിയും കൂടി തിരക്കഥ തയ്യാറാക്കാനായിരുന്നു തീരുമാനം.  രണ്ടാഴ്ചക്കുള്ളില്‍ റസാക്ക് കോട്ടക്കലിനെ ക്യാമറ ഏല്‍പ്പിച്ച് ഷൂട്ടിംഗ് തുടങ്ങാമെന്ന് നിശ്ചയിക്കുകയും ചെയ്തു.  എനിക്ക് സ്‌ക്രിപ്ട് തയ്യാറാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് സത്യന്‍ സ്വന്തമായി സ്‌ക്രിപ്റ്റ് തയ്യാറാക്കി ഷൂട്ടിംഗ് ആരംഭിക്കുകയാണുണ്ടായത്.  എന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ലോണെടുത്ത് പതിനായിരം രൂപയും നല്‍കിക്കൊണ്ടാണ് സിനിമയുടെ നിര്‍മ്മാണമാരംഭിക്കുന്നത്.
അയ്യപ്പന്റെ കവിത എന്നെ ആവേശിച്ചപോലെ അയ്യപ്പന്റെ ജീവിതം എനിക്ക് ഒരു പാട് വേദനകള്‍ തന്ന കവിതയാണ്.  കേരളത്തില്‍ ഒരു കവിയുടെ ജീവിതവും ഇത്രമേല്‍ കവിതയായിട്ടില്ല.  അതിന് തെരുവിന്റെ താളമായിരുന്നു.  കേരളത്തില്‍ ഒരു കവിക്കും തെരുവിന്റെ താളമുണ്ടായിട്ടില്ല.
ഓടയില്‍ പെറ്റുവീണ കുഞ്ഞിന്റെ
നിലവിളിയുടെ വൃത്തമാണ് എന്റെ വൃത്തം
എന്ന് സച്ചിദാനന്ദന് ആലങ്കാരികമായി പറയാനേ പറ്റൂ.  പക്ഷെ തെരുവിന്റെ വൃത്തമാണ് എന്റെ ജീവിതത്തിന്റെ വൃത്തം എന്ന് അയ്യപ്പന്‍ ബോധ്യപ്പെടുത്തി.   തെരുവായിരുന്നു അയ്യപ്പന്റെ വീട്.  ഒരിക്കല്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അയ്യപ്പനേയും ജോണിനെയും ജീവന്‍ തോമസിനെയും പോലീസ് പിടികൂടി.  എന്നാല്‍ പോലീസ് വണ്ടിയില്‍ കയ
സചിദാനന്ദന്‍
റാന്‍ അയ്യപ്പന്‍ കൂട്ടാക്കിയില്ല.  പോലീസിന് പരിഹരിക്കാവുന്ന പ്രശ്‌നമല്ല തങ്ങളുടേതെന്നും അത് സൗന്ദര്യശാസ്ത്രപരമാണെന്നുമായിരുന്നു അയ്യപ്പന്റെ നിലപാട്.  മലയാള കവിതയില്‍ 'എ' എന്നാല്‍ അയ്യപ്പനും 'ബി' എന്നാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമാണെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

തനിക്കു മരണമില്ല എന്നതായിരുന്നു അയ്യപ്പന്റെ എന്നത്തേയും വേദന.
ഞാന്‍ ഒരു മരം
എന്റെ പൊത്തിലെ
സര്‍പ്പത്തിന്റെ ദംശനമേറ്റ മരം.
വാക്കുകള്‍ ഇത്ര ഉദ്ബുദ്ധതയോടെ ശില്പഭദ്രതയോടെ അടയാളപ്പെടുത്തിയ കവി വേറെയില്ല.  ഞാനിത് പറയുന്നത് കൃത്യമായ അര്‍ത്ഥത്തിലാണ്.
അയ്യപ്പന്റെ നിരവധി കവിതകളുടെ ഒറിജിനല്‍ എന്റെ കൈവശമുണ്ട്.  അയ്യപ്പന്റെ ഏറ്റവും നല്ല കവിത;
കാറപകടത്തില്‍പെട്ടു മരിച്ച 
വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി 
ആള്‍ക്കൂട്ടം നില്‌ക്കെ,
മരിച്ചവന്റെ പോക്കറ്റില്‍ നിന്നു
പറന്ന അഞ്ചുരൂപാ നോട്ടിലായിരുന്നു
എന്റെ കണ്ണ്.
ആണെന്നു പറയാറുണ്ട്. ഏറ്റവും ശില്പഭദ്രതയുള്ള കവിത എന്നാണ് ബി. രാജീവന്‍ അതിനെ വിശേഷിപ്പിച്ചത്.  പക്ഷെ, ഞാന്‍ പറയുന്നു അതല്ല അതിനുമുകളിലൊരു കവിതയുണ്ട്. അതിതാണ്;
ഒരു കുരുടനായ് ജനിച്ചുവളര്‍ന്ന്
ഒരു കുരുടിയെ വേളികഴിച്ച്
അന്നുമിന്നുമെന്നും സ്‌നേഹിക്കുന്ന എന്നെ
അന്ധനെന്നു കളിയാക്കരുത്
മറ്റൊരു സന്ദര്‍ഭത്തില്‍ ഞാന്‍ അയ്യപ്പനെ മെഡിക്കല്‍ കോളേജിലാക്കി പുറത്തിറങ്ങി.  നായനാര്‍ അദ്ദേഹത്തിന് നല്ല കട്ടില്‍ നല്‍കാനാവശ്യപ്പെട്ടു.  പ്രഭാവര്‍മ്മ വിളിച്ചു പറഞ്ഞിട്ടാണ് കൊടുത്തത്.  എന്നാല്‍ അയ്യപ്പന്‍ സൂചിവലിച്ചെറിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി.  അതൊരു കവിതയായി.
എന്റെ കൈ
അവളുടെ സൂചി
എന്റെ രക്തം.
ബോധത്തിലോ അബോധത്തിലോ എന്തു പറഞ്ഞാലും കവിത. എന്തെഴുതിയാലും കവിത.  കവിതയായിരുന്നു ജീവിതം. കവിതതന്നെ ജീവിതം.

Friday 26 November 2010

സഞ്ചരിക്കുന്ന ചലച്ചിത്രൊത്സവം സമാപിച്ചു

കേരള ചലച്ചിത്ര അക്കാഡമി,പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ചങ്ങരംകുളത്തെ പ്രദര്‍ശനത്തോടെ മലപ്പുറം ജില്ലയിലെ പര്യടന പൂര്‍ത്തിയാക്കി.ജെര്‍മല്‍,യെല്ലോഗ്ലാസ്സ്,അന്‍ ലക്കി,ത്രീജി,ട്രൂനൂണ്‍,മൈ സീക്രട്ട് സ്കൈ എന്നീ ചിത്രങ്ങളാണ് ചങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.


ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.

Wednesday 24 November 2010

മങ്കട രവിവര്‍മ്മ ഓര്‍മ്മയായി.

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ്മയ്ക്ക് ആദരാഞ്ജലികള്‍
മങ്കടയെക്കുറിച്ച് കൂടുതല്‍ ഇവിടെ&ഇവിടെ

Monday 22 November 2010

സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം

2010 നവംബര്‍ 24 കാലത്ത് 9.30 മുതല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണ ത്തോടെ.
കാലത്ത് 9.30
 ജര്‍മല്‍/ഇന്തോനേഷ്യ/2008/90മി/സംവി:രവി ഭര്‍വാനി
ചലച്ചിത്രോത്സവം
വേദി : കൃഷ്ണ മൂവിസ്, ചങ്ങരംകുളം
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍


12.00 :
അണ്‍ലക്കി /അള്‍ജീരിയ-ഫ്രാന്‍സ്/2009/78മി/സംവി:ഫാത്തിമ സുഹ്ര സമൂം
11.00 :
യെല്ലോഗ്ലാസ്സ്/മലയാളം/2009/28മി/സംവിധാനം:ഹര്‍ഷദ്ഉച്ചക്കുശേഷം  2.15 :
ട്രൂ നൂണ്‍ /താജിക്കിസ്ഥാന്‍/2009/83മി/സംവി:നോസിര്‍ സെയ്ദോവ്

4.00 :ആതിര 10C/മലയാളം/2009/40മി
4.30 :
ത്രീ ജി / 3G


                                  
4.40:സീക്രട്ട് സ്‌കൈ/സൌത്ത് ആഫ്രിക്ക/2009/97മി/സംവി:മഡോസ സായിയാന

Sunday 14 November 2010

അയ്യപ്പന്റോര്‍മ്മ


അയ്യപ്പന്‍ തന്റെ ജീവിതയാത്രയോട് നീതിപുലര്‍ത്തുന്ന വിധത്തില്‍ ജീവിതത്തില്‍ നിന്ന് യാത്രയായി.  കാവ്യജീവിതവും സാധാരണജീവിതവും അത്രമേല്‍ അഭിന്നമായിരുന്നു അയ്യപ്പന്.  അമ്ലം കലര്‍ന്ന ആ ജീവിതവും വാക്കും ആര്‍ക്കും അനുകരിക്കാനാവാത്തതാണ്.  മരണശേഷം അദ്ദേഹത്തിന്റെ ജീവിതത്തെ ആദര്‍ശവല്‍ക്കരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നുണ്ട്.  ആദര്‍ശവല്‍ക്കരണത്തിനും അപദാനങ്ങള്‍ക്കും അപ്പുറം അയ്യപ്പനിലെ കവിയേയും മനുഷ്യനെയും ഓര്‍ക്കാനുള്ള പരിശ്രമം 'കാണി' യുടെ ആഭിമുഖ്യത്തില്‍ നടത്തുകയാണ്.

2010 നവംബര്‍ 21 
വൈകുന്നേരം 4 മണി
ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക്
ഓഡിറ്റോറിയം

അയ്യപ്പന്‍ അനുസ്മരണം:
പി.എന്‍. ഗോപികൃഷ്ണന്‍
ആലങ്കോട് ലീലാകൃഷ്ണന്‍

വൈകുന്നേരം 6.00:
ചലച്ചിത്ര പ്രദര്‍ശനം
ഇത്രയും യാതഭാഗം
സംവിധാനം: ഒഡേസ സത്യന്‍
എല്ലാവര്‍ക്കും സ്വാഗതം

Sunday 3 October 2010

പഥേര്‍ പാഞ്ചാലി:പ്രദര്‍ശനവും പഠന ക്ലാസ്സും

ഒക്‌ടോബര്‍ 7 കാലത്ത്‌ 9.00 മുതല്‍
ചലച്ചിത്ര പ്രദര്‍ശനം :
ദി കിഡ്(ചാര്‍ളി ചാപ്ലിന്‍)
ബഷീര്‍ ദ മേന്‍(എം.എ.റഹ്‌മാന്‍)
പഥേര്‍പാഞ്ചാലി(സത്യജിത്‌റേ)

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹയര്‍സെക്കന്ററി, കോളേജ്‌ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച്‌ `കാണി' നടത്തുന്ന ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ തുടര്‍ച്ചയാണിത്‌. കഴിഞ്ഞ വര്‍ഷത്തിലും ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ പ്രദര്‍ശനങ്ങള്‍ കാണാനെത്തുകയുണ്ടായി. മാത്രമല്ല പല സ്ഥാപനങ്ങളിലും സ്വന്തം നിലക്കുതന്നെ ഇത്തരം പ്രദര്‍ശനങ്ങളൊരുക്കി വിദ്യാര്‍ത്ഥികള്‍ക്ക്‌ സിനിമ കാണാനുള്ള അവസരമുണ്ടാക്കി എന്നത്‌ `കാണി' യെ സംബന്ധിച്ച്‌ ചാരിതാര്‍ത്ഥ്യജനകമാണ്‌.
ഈ പ്രദര്‍ശനങ്ങളിലും വിദ്യാര്‍ത്ഥികളുടെ കാര്യമായ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


ഒക്‌ടോബര്‍ 9 കാലത്ത്‌ 9.30 മുതല്‍
പഥേര്‍ പാഞ്ചാലി : 
ഒരു പഠന ക്ലാസ്സ്‌
കഴിഞ്ഞ വര്‍ഷങ്ങളില്‍ `പഥേര്‍ പാഞ്ചാലി'യുടെ പ്രദര്‍ശനത്തോടനുബന്ധിച്ച്‌ പ്രത്യേക ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. ഈ വര്‍ഷത്തില്‍ പ്രസ്‌തുത ക്ലാസ്സ്‌ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ അവതരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകര്‍ക്കും കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ വിശദമായ ക്ലാസ്സ്‌ നയിക്കുന്നത്‌ പ്രമുഖ ചലച്ചിത്ര നിരൂപകനായ ശ്രീ. ഐ. ഷണ്മുഖദാസാണ്‌. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 എന്ന്‌ പരിമിതപ്പെടുത്തണമെന്ന്‌ താല്‌പര്യമുള്ളതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന്‌ 3 വിദ്യാര്‍ത്ഥികളെയാണ്‌ പങ്കെടുപ്പിക്കുന്നത്‌. താല്‌പര്യമുള്ള അദ്ധ്യാപകര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. ഈ ക്ലാസ്സ്‌ പൂര്‍ണ്ണമായും സൗജന്യമാണ്‌. പങ്കെടുക്കുന്നവര്‍ നേര ത്തെ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‌പര്യപ്പെടുന്നു.
ചങ്ങരം കുളം കൃഷ്ണ മൂവീ‍സിലാണ് പ്രദര്‍ശനവും പഠനക്ലാസ്സും
‘കാണി’യുടെ ആഭിമുഖ്യത്തില്‍ മുന്‍പ് നടത്തിയ‘ പഥേര്‍ പാഞ്ചാലി’ഉപന്യാസ മത്സരത്തില്‍ സമ്മാനാര്‍ഹമായത് ഇവിടെ വായിക്കാവുന്നതാണ്.ഒന്നാം സ്ഥാനം / രണ്ടം സ്ഥാനം

Sunday 26 September 2010

പാ(paa)യുടെ പ്രദര്‍ശനം

ഒക്‌ടോബര്‍ 3, കാലത്ത്‌ 9.30 മുതല്‍
ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍

പാ Paa
ഹിന്ദി/135 മി/2009
സംവിധാനം: ആര്‍. ബാലകൃഷ്‌ണന്‍
അഭിനയിച്ചവര്‍: അമിതാബ്‌ ബച്ചന്‍, അഭിഷേക്‌ ബച്ച്‌ന്‍, വിദ്യാ ബാലന്‍....
മികച്ച നടനുള്ള 2009 ലെ ദേശീയ അവാര്‍ഡ്‌ അമിതാബ്‌ബച്ചന്‌ നേടിക്കൊടുത്ത ചിത്രമാണിത്‌. മികച്ച സഹനടി, മികച്ച ഹിന്ദി ചിത്രം, മെയ്‌ക്കപ്പ്‌ എന്നിവക്കുള്ള അവാര്‍ഡുകളും ഈ ചിത്രത്തിനായിരുന്നു. വിദ്യാബാലന്‌ ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
പ്രോജേരിയ എന്ന ജനിതക വൈകല്യത്തിനു വിധേയനായ 12 വയസ്സുകാരനായ `ഓറ' എന്ന കുട്ടിയുടെ കഥയാണിത്‌. ബുദ്ധിശാലിയായ കുട്ടിയാണ്‌ ഓറ. പന്ത്രണ്ടുവയസ്സിന്റെ മനസ്സും 60 വയസ്സിന്റെ ശരീരവുമാണവന്‌. അവന്റെ അമ്മ വിദ്യ ഗൈനക്കോളജിസ്റ്റാണ്‌. പിതാവ്‌ അമോല്‍ രാഷ്‌ട്രീയക്കാരനും. എന്നാല്‍ പിതാവിനെക്കുറിച്ചുള്ള വിവരം അമ്മ അവനില്‍ നിന്ന്‌ മറച്ചുവെക്കുകയാണ്‌. ഓറയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഗര്‍ഭഛിദ്രത്തിന്‌ അയാള്‍ നിര്‍ബന്ധിച്ചതാണ്‌ കാരണം. ഓറ മകനാണെന്നറിഞ്ഞ പിതാവ്‌ അവന്റെ ഒപ്പം നില്‍ക്കുന്നു. അവന്റെ ആരോഗ്യം പതിമൂന്നാം ജന്മദിനത്തോടെ കൂടുതല്‍ ക്ഷയിക്കുന്നു. എങ്കിലും അച്ഛനമ്മമാരെ യോജിപ്പിലെത്തിക്കാന്‍ അവനാവുന്നു. അവസാനവാക്കുകളായി മാ, പാ എന്നു പറഞ്ഞ്‌ അവന്‍ മരണത്തിനു കീഴടങ്ങുന്നു.paa യുടെtrailor ഇവിടെ:http://www.youtube.com/watch?v=_rBqOVWWuzw

Thursday 16 September 2010

കുട്ടിസ്രാങ്കിന് ദേശീയ പുരസ്കാരം

2009ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തിന് മൊത്തം 13 ദേശീയ അവാര്‍ഡുകള്‍.മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണകമലം ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘കുട്ടിസ്രാങ്കി‘നാണ്.ഛായഗ്രഹണം(അഞ്ജലിശുക്ല-കുട്ടിസ്രാങ്ക്),തിരക്കഥ(ഹരികൃഷ്ണന്‍,പി.എഫ്.മാത്യൂസ്-കുട്ടിസ്രാങ്ക്)വസ്ത്രാലങ്കാരം(ജയകുമാര്‍-കുട്ടിസ്രാങ്ക്.),പശ്ചാത്തലസംഗീതം(ഇളയരാജ-പഴശ്ശിരാജ),ശബ്ദലേഖനം(റസൂല്‍ പൂക്കുട്ടി-പഴശ്ശിരാജ),ബാലചിത്രം(ശിവന്‍-കേശു),നിരൂപക പുരസ്കാരം(സി.എസ്.വെങ്കിടേശ്വരന്‍)എന്നിവയാണ് മലയാളത്തിന് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.കുട്ടിസ്രാങ്കിനെക്കുറിച്ച് കൂടുതല്‍ ഇവിടെ

Monday 13 September 2010

Wednesday 1 September 2010

പത്മരാജന്‍ ചലച്ചിത്രോത്സവം.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലക്കും സംവിധായകനെന്ന നിലക്കും മലയാള സനിമാ ഭാവുകത്വത്തെ പരിവര്‍ത്തനവിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളിലാരംഭിക്കുന്ന മലയാളത്തിലെ നവസിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാതസൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.
പെരുവഴിയമ്പലമാണ്‌ (1978) പ്രഥമചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും, മികച്ചപ്രാദേശിക സിനിമക്കുള്ള  ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാരംഗത്തെത്തുന്നത്‌. അവസാനചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍ (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതുവരെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്തെന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പന്‍ബലമാണ്‌ എം.ടി.യെപ്പോലെ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. `നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972) ലഭിച്ചു.
`കാണി' ഇപ്രാവശ്യം പത്മരാജന്‍ സംവിധാനം ചെയ്‌ത ഏതാനും ആദ്യകാല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ്‌ മേനോന്‍ സംവിധാനം ചെയ്‌ത `കടല്‍ക്കാറ്റിന്‍ ഒരു ദൂത്‌' എന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും. പത്മരാജന്‍ എന്ന പ്രതിഭക്കുവേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പംനിങ്ങളുമുണ്ടാവണം. സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.                                                 
9.30 പെരുവഴിയമ്പലം/1979/95മി
അശോകന്‍,ഗോപി,അസീസ്,കെ.പി.എ.സി.ലളിത..
11.00 കടല്‍ക്കാറ്റില്‍ ഒരു ദൂത്/2009/81മി
2.00 കള്ളന്‍ പവിത്രന്‍/1981/110മി
അടൂര്‍ ഭാസി,ഗോപി,നെടുമുടി വേണു..
4.00 നവമ്പറിന്റെ നഷ്ടം/1982/131മി
മാധവി,പ്രതാപ് പോത്തന്‍,സുരേഖ..

Padmarajan: A Loss in January

[Malayalam Movie director and writer 1945 - 1991]

Padmarajan died in a cold January, untimely. He was in a hotel at calicut, in the middle of a celebration of his latest film Njaan Gandharvan (I, the celestial enchanter), in 1991. It was as if audience of the show was subjected to a dismayed silence, and the show was stalled. I for one who had just begun waking upto adolescence and the charm of his creative genius, felt the void, instantly. More...  

Friday 27 August 2010

ഫിലിം സൊസൈറ്റികള്‍-മലപ്പുറം അനുഭവം

മലപ്പുറം ജില്ലയിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ച്‌ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില ഗൗരവമായ ചിന്തകള്‍ അവതരിപ്പിക്കുന്നതാണ്‌ ദേശാഭിമാനി (25 ആഗസ്റ്റ്‌ 2010) യില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത.
`ഫിലിം സൊസൈറ്റി പ്രസ്ഥാനം: പോയ കാലവും വരുംകാലവും' എന്ന ശീര്‍ഷകത്തില്‍ `കാണി' ഇതിനുമുമ്പ്‌ ഒരു സെമിനാര്‍ നടത്തുകയുണ്ടായി (2009 മെയ്‌). കാണിയുടെ വാര്‍ഷികപ്പതിപ്പില്‍ (കാണിനേരം-2010) ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചാലേഖനങ്ങളുമുണ്ട്‌. അതിന്റെ തുടര്‍ച്ചയായി ഈ വാര്‍ത്ത ഞങ്ങള്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെയും സിനിമാ ആസ്വാദകരുടേയും സജീവമായ ചര്‍ച്ചക്കുവേണ്ടി ഇവിടെ അവതരിപ്പിക്കുന്നു.

Wednesday 21 July 2010

ലഘു ചിത്ര മേള-2010


കാണി ഈ മാസത്തില്‍ ലഘു ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്.2010 ജൂലായ് 25ന് കാലത്ത് 9.30മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.
അക്കിത്തം/60മി/സംവിധാനം:ജി.പ്രഭ
അക്കിത്തത്തിന്റെ ജീവിതവും കവിതയും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വി.എസ്. അച്ചുതാനന്ദന്‍,എം.ടി.വാസുദേവന്‍ നായര്‍,ഒ.എന്‍.വി.കുറുപ്പ്,ആര്‍ട്ടിസ്റ്റ് നമ്പൂതിരി,പാരീസ് നാരായണന്‍ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നു.
പന്തി ഭോജനം/22മി/സംവിധാനം:ശ്രീബാല.കെ.മേനോന്‍
കേരളീയ സമൂഹത്തില്‍ ജാതി ഏതെല്ലാം വിധത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന അന്വേഷണമാണ് ഈ ചിത്രം.സന്തോഷ് ഏച്ചിക്കാനത്തിന്റെ’പന്തിഭോജനം’എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം.
ചിക്കന്‍ അ ല കാര്‍ട്ടെ(CHICKEN A LA CARTE)/6മി/സംവിധാനം;ഫെര്‍ദിനാണ്ട് ദിമദുറെ
ഭക്ഷണം,രുചി ,വിശപ്പ്,എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി ബര്‍ലിന്‍ ചലച്ചിത്രമേളയുടെ ഉപവിഭാഗമായി നടന്ന മത്സരത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം.ജി.പി രാമചന്ദ്രന്റെ ലേഖനം ഇവിടെ വായിക്കാം.
ഹൌ ടു യൂസ് എ ഗണ്‍(HOW TO USE A GUN )/24മി/തിരക്കഥ,സംവിധാനം:സജീവ് പാഴൂര്‍
അണുകുടുംബത്തിലെ കുട്ടികളിലൂടെ ചില കാഴ്ചകള്‍ അവതരിപ്പിക്കുന്നു.ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ എത്തിപ്പെടുന്ന അവര്‍ തോക്കിന്റെ ആരാധകരാവുന്നു.
ഐ ഹവ് ഇഗ്നോര്‍ഡ് ദിസ് ലൌ ഫോര്‍ ലോങ്ങ്(I HAVE IGNOREDTHISLOVE FOR LONG /14മി/സംവിധാനം:ആര്‍.വി.രമണി
അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ സി.ശരത് ചന്ദ്രന്‍,സംവിധായകന്‍ ജോണ്‍ അബ്രഹാം എന്നിവരെ അനുസ്മരിക്കുന്ന ലഘു ഡോക്യുമെന്ററി.
നിന്റെ ഓര്‍മ്മയ്ക്ക്/30മി/സംവിധാനം:ഹരിപടിഞ്ഞാറ്റുമുറി/സംഗീതം:കോട്ടക്കല്‍ മുരളി
എം.ടി.വാസുദേവന്‍ നായരുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം.കൂടല്ലൂരിലും എം.ടിയുടെ തറവാട്ടു വീട്ടിലും വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.
അമ്മു/5മി/സംവിധാനം:ഇ.എം.ഷാഫി
കുട്ടികളുടേയും മുതിര്‍ന്നവരുടേയും ലോകത്തിലെ ചില നിഷ്ക്കളങ്ക കാഴ്ചകള്‍ ഇത്തിരി നര്‍മ്മത്തോടെ നിരീക്ഷിക്കുന്ന ചിത്രം