കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 31 August, 2011

നാടന്‍ മഞ്ഞളിന്റെ മണമുള്ള ഈണങ്ങള്‍

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് (26.3.53 - 18.8.11) ഓര്‍മ്മയായി. വിശ്രുതമായ കുറേയേറെ ഈണങ്ങള്‍ മലയാളിക്കു നല്‍കിയാണ് അദ്ദേഹം കടന്നുപോയത്. മരണാനന്തരമുള്ള ഒരു കണക്കെടുപ്പിന്റെ ഘട്ടത്തില്‍ മികച്ച ചില ചലച്ചിത്ര മുഹൂര്‍ത്തങ്ങളുടെ ഈണങ്ങള്‍ ജോണ്‍സണ്‍ സൃഷ്ടിച്ചെടുത്തതാണെന്ന് നാമറിയുന്നു. രചനയുടെ അര്‍ത്ഥതലവും സംഗീതത്തിന്റെ വ്യാഖ്യാനവും ഒരുമിച്ചു ചേരുന്ന സവിശേഷമായ ഒരു ഇടം ജോണ്‍സണ്‍ മാഷിന്റെ സംഗീതം നിലനിര്‍ത്തിപ്പോന്നു. സംഗീതം വരികളെ അപ്രസക്തമാക്കിയില്ല. പല ഗാനങ്ങളിലും നിറഞ്ഞുനിന്ന ഗ്രാമീണ പശ്ചാത്തലവും ബിംബങ്ങളും അതേ പടി സംഗീതത്തിലാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 'നല്ല നാടന്‍ മഞ്ഞളിന്റെ മണവും ഈണവുമുള്ള ഗാനങ്ങള്‍' ഉണ്ടാക്കണമെന്ന സംവിധായകന്‍ ഭരതന്റെ ആവശ്യത്തെ അദ്ദേഹം അതേപടി ഏറ്റെടുത്തു. ''കുന്നിമണിചെപ്പുതുറന്നെണ്ണി നോക്കും നേരം'' തുടങ്ങി നിരവധി ഗാനങ്ങള്‍ ഉദാഹരണമായി പറയാനാവും.
സംഗീതത്തിന് ആദ്യമായി ദേശീയ പുരസ്‌ക്കാരം മലയാളത്തിനു ലഭിച്ചത് ജോണ്‍സണിലൂടെയാണ്. പൊന്തന്‍മാട (1993) എന്ന ചിത്രത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം 'സുകൃതം' എന്ന ചിത്രത്തിലൂടെയും വീണ്ടും ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പശ്ചാത്തല സംഗീതത്തിനായി അഞ്ചു തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഓര്‍മ്മയ്ക്കായി (1982) വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989) അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളിലെ ഗാനസംവിധാനങ്ങള്‍ക്കും സദയം (1992) സല്ലാപം (1996) എന്നിവയുടെ പശ്ചാത്തല സംഗീതത്തിനുമായിരുന്നു അവാര്‍ഡ്.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:http://en.wikipedia.org/wiki/Johnson_(composer)

Monday 8 August, 2011

കെ.സി.എസ്.പണിക്കര്‍-എം.എഫ്.ഹുസ്സൈന്‍-ചിന്തരവി-മണികൌള്‍ സ്മരണാഞലി

എം.വി. ഹോട്ടല്‍ ഓഡിറ്റോറിയം, തൃശ്ശൂര്‍ റോഡ്, ചങ്ങരംകുളം.
2011 ആഗസ്റ്റ് 13, വൈകുന്നേരം 3 മണി
'കാണി' യുടെ പുതിയ ഓഫീസ് ഉദ്ഘാടനം
വാര്‍ഷിക ജനറല്‍ബോഡി
ചിത്രപ്രദര്‍ശനം
(എം.എഫ്. ഹുസൈന്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി)

പങ്കെടുക്കുന്നവര്‍:
സര്‍വ്വശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി ആലങ്കോട്,
അടാട്ട് വാസുദേവന്‍, പി.കെ. ജയരാജന്‍, പി.എം. കൃഷ്ണകുമാര്‍,
കെ.കെ. ബാലന്‍, സുദേവന്‍, ഷാനവാസ് നരണിപ്പുഴ, മംഗലത്തേരി,
പി. രാജഗോപാലമേനോന്‍, സോമന്‍ ചെമ്പ്രേത്ത്,
മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി, .....
6.00 മണി: ചലച്ചിത്ര പ്രദര്‍ശനം:ആകാശകുസുമം/ശ്രീലങ്ക/90മി/2008/                        സംവിധാനം:പ്രസന്ന വിത്തനഗെ
2011 ആഗസ്റ്റ് 14, കാലത്ത് 10 മണി
ചിത്രപ്രദര്‍ശനം തുടരുന്നു.

വൈകുന്നേരം 3 മണി
അനുസ്മരണ സമ്മേളനം
ഉദ്ഘാടനം : ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍
അനുസ്മരണ പ്രഭാഷണങ്ങള്‍:
കെ.സി.എസ്. പണിക്കര്‍ : ശ്രീ. ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മണി കൗള്‍ : ശ്രീ. ഐ. ഷണ്‍മുഖദാസ്
ചിന്ത രവി : ശ്രീ. ഒ.കെ. ജോണി, ശ്രീ. ജയന്‍ പകരാവൂര്‍
എം.എഫ്.ഹുസൈന്‍ : ശ്രീ. കെ.യു. കൃഷ്ണകുമാര്‍
5.00മണി: ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി                                    6.00മണി:ചലച്ചിത്രപ്രദര്‍ശനം:
1. ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍
(ചിന്തരവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി)
സംവിധാനം: ഡോ. സി.എസ്. വെങ്കിടേശ്വരന്‍
2. വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും                                                    സംവിധാനം:ഡി.ദാമോദര്‍ പ്രസാദ്                                                                                                എല്ലാവര്‍ക്കും സ്വാഗതം
കെ.സി.എസ്. പണിക്കര്‍ (1911-1977)

വിഖ്യാത ചിത്രകാരന്‍ കെ.സി.എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷമാണിത്. പൊന്നാനിക്കടുത്ത വെളിയങ്കോടാണ് അദ്ദേഹത്തിന്റെ കുടുംബവീട്. പൊന്നാനി എ.വി. ഹൈസ്‌കൂളിലും മദ്രാസിലുമായിരുന്നു ഔപചാരിക വിദ്യാഭ്യാസം.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, എം.വി. ദേവനുമടക്കം ചിത്രകാരന്മാരുടെ വലിയൊരു നിര അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുള്‍പ്പെടുന്നു. ചിത്രകാരന്മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമം തമിഴ്‌നാട്ടിലെ ചോളമണ്ഡലത്തില്‍ അദ്ദേഹമാണ് സ്ഥാപിച്ചത്.


ചിന്ത രവി (1946-2011


ചിന്തരവി എന്ന പേരിലറിയപ്പെട്ട കെ. രവീന്ദ്രന്‍ ജൂലൈ നാലിന് അന്തരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ചിന്തയുടെ സൂര്യനായിരുന്നു അദ്ദേഹം. പൊള്ളിക്കുന്ന ആ രശ്മികള്‍ ഇനിയുള്ള കാലത്തും നമ്മുടെ ചിന്താലോകത്തെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. സിനിമക്കാരനായിട്ടാണ് രവിയുടെ തുടക്കും. കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലഭിനയിക്കുകയും, ഹരിജന്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പക്ഷികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. എങ്കിലും എഴുത്തിന്റെ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മതിക്കപ്പെട്ടത്. യാത്രകളുടെ രീതിയെയും, അതിന്റെ എഴുത്തിനെയും അദ്ദേഹം അടിമുടി മാറ്റിയെടുത്തു. രാഷ്ട്രീയ ചിന്തകളുടെ പുതിയ വെളിച്ചം മലയാളി സമൂഹത്തിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. സൗഹൃദങ്ങളുടെ വലിയൊരു ശേഖരം - അതായിരുന്നു രവിയുടെ വലിയൊരു സമ്പാദ്യം. കേരളസമൂഹം അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇത്രയേറെ വേദനിച്ചതും അക്കാരണത്താല്‍ തന്നെ.
അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ് സ്‌കെച്ചുകള്‍, മെഡിറ്ററേനിയന്‍ വേനല്‍, ദിഗാരുവിലെ ആനകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.
മണികൗള്‍ (1944-2011)

പ്രമുഖ ചലച്ചിത്ര പ്രതിഭയായ മണി കൗള്‍ ജൂലൈ 6ന് അന്തരിച്ചു. വരും കാലത്തിന്റെ ചലച്ചിത്രകാരന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോയതാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലേറെയും. സിനിമയോടൊപ്പം സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്ന മണി കൗള്‍ സംഗീതത്തെ ആസ്പദമാക്കിയും ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉസ് കി റൊട്ടി (1970), ആഷാഡ് കാ ഏക് ദിന്‍ (1971), ദുവിധ (1973), ഖാസിറാം കൊത്‌വാള്‍ (1979), സിദ്ധേശ്വരി (1989), ഇഡിയറ്റ് (1992), ദി ക്ലൗഡ് വോര്‍ (1995) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
'ഉസ്‌കി റൊട്ടി' ഇന്ത്യന്‍ നവതരംഗ സിനിമയിലെ പ്രധാന ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.


എം. എഫ്. ഹുസൈന്‍ (1915-2011)

മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍ ജൂണ്‍ 9ന് അന്തരിച്ചു. സംഘര്‍ഷഭരിതമായ കലാജീവിതം നയിച്ചതോടൊപ്പം ഏറെ ആഘോഷിക്കപ്പെട്ടതുമായിരുന്നു ആ ജീവിതം. അക്കാരണത്താല്‍ അവസാന കാലത്ത് ഇന്ത്യക്കു പുറത്ത് പ്രവാസിയായി കഴിയേണ്ടിവരുകയും ലണ്ടനില്‍ വെച്ച് അന്തരിക്കുകയും ചെയ്തു. ചിത്രകലയോടൊപ്പം സിനിമയെ ഏറെ സ്‌നേഹിക്കുകയും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു അദ്ദേഹം. ത്രൂദഐസ് ഓഫ് എ പെയ്ന്റര്‍ (1967) എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌ക്കാരം ലഭിച്ചു. ഗജഗാമിനി (2000), മീനാക്ഷി, എ ടെയ്ല്‍ ഓഫ് റ്റൂ സിറ്റീസ് (2004) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പത്മശ്രീ (1955), പത്മഭൂഷണ്‍ (1973), പത്മവിഭൂഷണ്‍ (1991) എന്നീ ബഹുമതികള്‍ക്കര്‍ഹനായി.