കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 31 August 2011

നാടന്‍ മഞ്ഞളിന്റെ മണമുള്ള ഈണങ്ങള്‍

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് (26.3.53 - 18.8.11) ഓര്‍മ്മയായി. വിശ്രുതമായ കുറേയേറെ ഈണങ്ങള്‍ മലയാളിക്കു നല്‍കിയാണ് അദ്ദേഹം കടന്നുപോയത്. മരണാനന്തരമുള്ള ഒരു കണക്കെടുപ്പിന്റെ ഘട്ടത്തില്‍ മികച്ച ചില ചലച്ചിത്ര മുഹൂര്‍ത്തങ്ങളുടെ ഈണങ്ങള്‍ ജോണ്‍സണ്‍ സൃഷ്ടിച്ചെടുത്തതാണെന്ന് നാമറിയുന്നു. രചനയുടെ അര്‍ത്ഥതലവും സംഗീതത്തിന്റെ വ്യാഖ്യാനവും ഒരുമിച്ചു ചേരുന്ന സവിശേഷമായ ഒരു ഇടം ജോണ്‍സണ്‍ മാഷിന്റെ സംഗീതം നിലനിര്‍ത്തിപ്പോന്നു. സംഗീതം വരികളെ അപ്രസക്തമാക്കിയില്ല. പല ഗാനങ്ങളിലും നിറഞ്ഞുനിന്ന ഗ്രാമീണ പശ്ചാത്തലവും ബിംബങ്ങളും അതേ പടി സംഗീതത്തിലാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 'നല്ല നാടന്‍ മഞ്ഞളിന്റെ മണവും ഈണവുമുള്ള ഗാനങ്ങള്‍' ഉണ്ടാക്കണമെന്ന സംവിധായകന്‍ ഭരതന്റെ ആവശ്യത്തെ അദ്ദേഹം അതേപടി ഏറ്റെടുത്തു. ''കുന്നിമണിചെപ്പുതുറന്നെണ്ണി നോക്കും നേരം'' തുടങ്ങി നിരവധി ഗാനങ്ങള്‍ ഉദാഹരണമായി പറയാനാവും.
സംഗീതത്തിന് ആദ്യമായി ദേശീയ പുരസ്‌ക്കാരം മലയാളത്തിനു ലഭിച്ചത് ജോണ്‍സണിലൂടെയാണ്. പൊന്തന്‍മാട (1993) എന്ന ചിത്രത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം 'സുകൃതം' എന്ന ചിത്രത്തിലൂടെയും വീണ്ടും ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പശ്ചാത്തല സംഗീതത്തിനായി അഞ്ചു തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഓര്‍മ്മയ്ക്കായി (1982) വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989) അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളിലെ ഗാനസംവിധാനങ്ങള്‍ക്കും സദയം (1992) സല്ലാപം (1996) എന്നിവയുടെ പശ്ചാത്തല സംഗീതത്തിനുമായിരുന്നു അവാര്‍ഡ്.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:http://en.wikipedia.org/wiki/Johnson_(composer)

No comments: