കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 11 November, 2013

കാണി ചലച്ചിത്രോത്സവത്തിന് സമാപനം


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടന്നു വന്ന ചലച്ചിത്രോത്സവത്തിന് സമാപനമായി.
ചലച്ചിത്രോത്സവം നവമ്പര്‍ 8ന് കാലത്ത് ചലച്ചിത്ര നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.സാമൂഹ്യാനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തില്‍ കലയും സംസ്ക്കാരവും രാഷ്ട്രീയവും ഇന്നത്തെ രൂപം കൈക്കൊണ്ടതെന്ന്  നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു. നവോത്ഥാന സാംസ്ക്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളുടെ പങ്കും വലുതായിരുന്നു. കഠിനമായ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണ് തന്നെ പോലുള്ളവര്‍ ആദ്യ കാലത്ത് ഈ രംഗത്ത് പ്രവര്‍ത്തിച്ചത്. കാലം മാറിയെങ്കിലും കലാ രംഗത്ത് സ്ത്രീ സമൂഹം നേരിടുന്ന വെല്ലു വിളികള്‍ ഇന്ന് പുതിയ രീതിയില്‍ തുടരുകയാണ്.
സമകാലിക സിനിമയും സമൂഹവും സ്ത്രീയോട് പക്ഷ പാതപരമായ സമീപനം മുന്‍കാലത്തേക്കാള്‍ ഇന്നും പുലര്‍ത്തുന്നുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവെല്‍ ബുക്ക് ബഷീര്‍ ചുങ്കത്തറക്ക് നല്‍കി ആലംകോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഗാനാലാപന മത്സരം, ക്വിസ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍എ വിതരണം ചെയ്തു. യോഗത്തില്‍ അഡ്വ.പി.രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജി സുരേഷ്, സോമന്‍ ചെമ്പ്രേത്ത്, വി.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം ദിവസം “സിനിമ ദേശം ആഖ്യാനം” എന്ന വിഷയത്തില്‍ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തി.  കേരളത്തിലും ഇന്ത്യയിലും മതത്തിന്റെ അതിരുകള്‍ മറികടക്കാന്‍ ഏറെസഹായിച്ച കലാരൂപമാണ് സിനിമയെന്ന് ഇ.പി.രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.സിനിമാശാലകളാകട്ടെ മതേതരത്വത്തിന്റെ വേദികളായാണ് പ്രവര്‍ത്തിച്ചത്.
സമാപന സമ്മേളനം കെ.വി.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.എം.വി.രവീന്ദ്രന്‍,സോമന്‍ ചെമ്പ്രേത്ത്,എം.നാരായണന്‍ നമ്പൂതിരി, കെ.കെ.ലക്ഷ്മണന്‍,പ്രസാദ് പ്രണവം,വാസുദേവന്‍ അടാട്ട്,എന്നിവര്‍ സംസാരിച്ചു .
ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ മൂന്നു ദിവസങ്ങളീലായി പ്രദര്‍ശിപ്പിക്കപ്പെട്ടു.ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലേയും നാഴികക്കല്ലുകളായ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.(കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ: 1,2,3)


Sunday, 3 November, 2013

ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷങ്ങള്‍-ക്വിസ് മത്സരവിജയികള്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി നടത്തിയ ക്വിസ് മത്സരത്തില്‍ താഴെപറയുന്നവര്‍ വിജയികളായി:
1.ശാലിനി.കെ,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍,പാവിട്ടപ്പുറം,മലപ്പുറം
2.അശ്വതി.കെ.ആര്‍,സ്ക്കൂള്‍ ഓഫ് ജേര്‍ണലിസം,കണ്ണൂര്‍.
3.മുഹമ്മത് സുഹൈല്‍,ഗവ:ഹയര്‍ സെക്കന്ററിസ്കൂള്‍,എടപ്പാള്‍,മലപ്പുറം.
ക്വിസ് മത്സരം ചലച്ചിത്രനിരൂപകന്‍ എം.സി.രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.കെ.എം.സുരേഷ്ബാബു,കെ.ആര്‍.രവീന്ദ്രന്‍,പി.രാജഗോപാലമേനോന്‍,സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:https://www.facebook.com/photo.php?fbid=655924837761418&set=a.655924621094773.1073741830.100000317232437&type=1&permPage=1

Monday, 21 October, 2013

ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം ക്വിസ് മത്സരം


ഇന്ത്യന്‍ സിനിമയക്ക് 100 വയസ്സ് പൂര്‍ത്തിയായ ആഘോഷങ്ങളില്‍ കാണി ഫിലിം സൊസൈറ്റിയും പങ്കുചേരുകയാണ്. നവമ്പര്‍ 8, 9, 10 തിയ്യതികളില്‍ ചങ്ങരംകുളത്തു വെച്ചു നടക്കുന്ന കാണി ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായ പ്രധാന ചിത്രങ്ങളെ പരിചയപ്പെടുത്തുകയും സിനിമയുടെ ചരിത്രത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഈ അവസരത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും താഴെ പറയുന്നവയാണ്.
1) ''ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം'' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ സിനിമ, മലയാളസിനിമ, ലോക സിനിമ എന്നിവയുടെ ചരിത്രം, വികാസം, കലാകാരന്മാര്‍, വ്യവസായം എന്നിവയെ സംബന്ധിച്ചായിരിക്കും ചോദ്യങ്ങള്‍.
2) ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (സമാന്തര സ്ഥാപനങ്ങളുള്‍പ്പെടെ) പങ്കെടുക്കാവുന്നതാണ്. പ്രവേശന ഫീസില്ല. നിലവില്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.
3) ഒരു സ്ഥാപനത്തില്‍ നിന്ന് പങ്കെടുക്കാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
4) കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സരത്തിനെത്തുകയാണെങ്കില്‍ പ്രാഥമിക തെരഞ്ഞെടുപ്പു നടത്തി അതില്‍ വിജയിക്കുന്നവരെ അവസാന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതായിരിക്കും.
5) ചിയ്യാനൂര്‍ ഗവ: എല്‍.പി. സ്‌കൂളില്‍ (ചങ്ങരംകുളം - കക്കിടിപ്പുറം റോഡ്) നവംബര്‍ 2ന് കാലത്ത് 10 മണിക്ക് മത്സരം ആരംഭിക്കും. അന്ന് കാലത്ത് 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
6) ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
8) കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍. രവീന്ദ്രന്‍ (9946878875)
എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
9) മത്സരം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കാണി ഫിലിം സൊസൈറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

സെക്രട്ടറി
കാണി ഫിലിം സൊസൈറ്റി

Sunday, 22 September, 2013

ദക്ഷിണാമൂര്‍ത്തി ഗാനാലാപനമത്സരം

അന്തരിച്ച സംഗീതജ്ഞന്‍ ദക്ഷിണമൂര്‍ത്തിയുടെ സ്മരണാര്‍ത്ഥം കാണി ഫിലിംസൊസൈറ്റി വിദ്യാര്‍ഥികകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗാനാലാപനമത്സരം നടത്തുന്നു.ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കേണ്ടത്.ഒക്ടോബര്‍6ന് ചങ്ങരംകുളത്തുവെച്ചാണ് മത്സരം.ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹയര്‍സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍,പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുന്നതാണ്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍‌കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം പങ്കെടുക്കുന്നസമയത്ത് ഹാജരാക്കേണ്ടതാണ്.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9605960240,9495095390,9895926570 എന്നീ നമ്പറുകളിലോ kaanimail@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Wednesday, 19 June, 2013

ഋതുപര്‍ണഘോഷിനെ ഓര്‍ക്കുമ്പോള്‍

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങളാലും ദൃശ്യാനുഭവങ്ങളാലും വേറിട്ടു നിന്ന ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് ഓര്‍മ്മയായി.ഇക്കഴിഞ്ഞ മെയ് 30ന് കാലത്ത്, കടുത്ത ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു മരണം. മറ്റു പലവിധ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. പ്രമേഹം, പാന്‍ക്രിയൈറ്റിസ്, ഹോര്‍മോണ്‍ ചികിത്സകള്‍, ഉറക്കക്കുറവിനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെയും അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള വേഗം കൂട്ടി.
1963 ആഗസ്റ്റ് 31നാണ് ഋതുപര്‍ണഘോഷ് ജനിച്ചത്. ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. അച്ഛന്‍ സുനില്‍ ഘോഷ് ഡോക്യുമെന്ററി സംവിധായകനായിരുന്നു.1994ല്‍ പുറത്തിറങ്ങിയ ഉനീഷെ ഏപ്രില്‍ (ഏപ്രില്‍ 19) എന്ന ചിത്രമാണ് സിനിമാലോകത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രസ്തുത ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ഏകദേശം 20 വര്‍ഷം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിനിടയില്‍ അഭിനയവും തിരക്കഥാരചനയും സംവിധാനവുമടക്കം 23 ചിത്രങ്ങളില്‍ അദ്ദേഹം പങ്കാളിയായി. അവയില്‍ ബംഗാളി ഭാഷയിലുള്ളതായിരുന്നു ഭൂരിഭാഗമെങ്കിലും ഒറിയ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ളവയും ഉള്‍പ്പെടുന്നു. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും (2000-ഉത്സവ്, 2010-അബോഹോമന്‍)) ) ഒരു പ്രാവശ്യം പ്രത്യേക ജൂറി പരാമര്‍ശവും (2012-ചിത്രാംഗദ) ലഭിച്ചു. മറ്റു നിരവധി പുരസ്‌ക്കാരങ്ങളും, ചലച്ചിത്ര മേളകളിലെ പ്രാതിനിധ്യവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു.

സത്യജിത് റായ്‌യുടെ ഒരാരാധകനാണ് താനെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. ബംഗാളി പാരമ്പര്യത്തില്‍ നിന്ന് അദ്ദേഹം നിരന്തരം ഊര്‍ജ്ജം നേടി. രവീന്ദ്രനാഥ ടാഗോറിന്റെ മൂന്ന് കഥകളെ ഉപജീവിച്ച് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിച്ചു (നൗകാദുബി, ചോക്കിര്‍ബാലി, ചിത്രാംഗദ). കൂടാതെ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും (ജീവനസ്മൃതി) നിര്‍മ്മിച്ചു. തന്റെ ചിത്രങ്ങളില്‍ എപ്പോഴും സ്ത്രീപക്ഷാഭിമുഖ്യവും, കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും ചിത്രീകരിക്കാനുദ്യമിച്ച ഋതുപര്‍ണ അതിനപ്പുറം മൂന്നാം ലൈംഗികതയെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് ബംഗാളി പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കി. ഒരുപടി കൂടി കടന്ന് തന്റെ ശരീരത്തെ കൂടുതല്‍ സ്‌ത്രൈണമാക്കാനും സ്ത്രീകളുടെ വസ്ത്രങ്ങളും കര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനും തയ്യാറായി. മൂന്നാം വര്‍ഗ്ഗ ലൈംഗികത പ്രമേയമായ ചിത്രങ്ങളില്‍ ഋതുപര്‍ണ തന്നെ അത്തരം റോളുകളില്‍ അഭിനയിച്ചു. (ജസ്റ്റ് അനദര്‍ ലൗസ്റ്റോറി, ചിത്രാംഗദ, മെമ്മറീസ് ഇന്‍ മാര്‍ച്ച്). സിനിമയിലും ജീവിതത്തിലും അദ്ദേഹം സ്വീകരിച്ച ഈ നിലപാടുകള്‍ എതിര്‍പ്പുകള്‍ക്കൊപ്പം സ്വീകാര്യതയും നല്‍കുകയുണ്ടായി. ഇത്, പലപ്പോഴും സിനിമയെ മറികടക്കുന്ന ഗ്ലാമറിന്റെ ലോകം അദ്ദേഹത്തിനു ലഭിക്കാനും ഇടയാക്കി. താനൊരിക്കലും പൂര്‍ണ്ണമായ സ്ത്രീയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സ്ത്രീക്കും പുരുഷനും ഇടയ്ക്കുള്ള അവസ്ഥയില്‍ കഴിയാനാണ് താല്പര്യമെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പൊതുസമൂഹം സമീപിക്കാന്‍ മടിക്കുന്ന ഒരു ജീവിതാവസ്ഥയെയും പ്രമേയത്തെയും ധൈര്യപൂര്‍വ്വം ഉള്‍ക്കൊണ്ട ഋതുപര്‍ണ്ണയുടെ മരണം അതിന്റെ തുടര്‍ച്ചകളെ താത്ക്കാലികമായെങ്കിലും ഇല്ലാതാക്കിയിരിക്കുന്നു.

2013 ജൂണ്‍ 30 ഞായറാഴ്ച കാലത്ത് 9.30ന്  കൃഷ്ണ മൂവീസ് ചങ്ങരംകുളം
ചിത്രാംഗദ  (Chitrangada : the crowning wish / 2012/137 mts/Bengali)
ടാഗോറിന്റെ 'ചിത്രാംഗദ' എന്ന നാടകം നൃത്തരൂപത്തിലവതരിപ്പിക്കാനുള്ള രുദ്ര എന്ന കൊറിയൊഗ്രാഫറുടെയും കൂട്ടരുടേയും പരിശ്രമത്തിലാണ് സിനിമ ആരംഭിക്കുന്നത്. രുദ്രയായി ഋതുപര്‍ണഘോഷ് അഭിനയിക്കുന്നു.
ടാഗോറിന്റെ കൃതി മഹാഭാരത്തിലെ കഥയെയാണ് മാതൃകയാക്കിയിട്ടുള്ളത്. മഹാഭാരതത്തിലെ ചിത്രാംഗദ മണിപ്പുര രാജാവ് ചിത്രാംഗദന്റെ മകളാണ്. അര്‍ജ്ജുനന്‍ തന്റെ പ്രവാസകാലത്ത് ചിത്രാംഗദയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. മരുമക്കത്തായ സമ്പ്രദായപ്രകാരം ചിത്രാംഗദയുടെ മകനാണ് കിരീടാവകാശി. അതിനാല്‍ പിതാവ് കുട്ടികളെ കൊണ്ടുപോകാന്‍ പാടില്ല എന്ന വ്യവസ്ഥ അംഗീകരിച്ച് അര്‍ജ്ജുനന്‍ ഹസ്തിനപുരിയിലേക്ക് തിരിച്ചുപോയി. ടാഗോറിന്റെ കൃതിയില്‍ രാജാവിന്റെ ഒരേയൊരു മകള്‍ എന്ന നിലക്ക് കിരീടാവകാശിയായ ചിത്രാംഗദ പുരുഷവേഷം ധരിക്കുകയും പുരുഷന്മാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു. എന്നാല്‍ കാട്ടില്‍വെച്ച് അര്‍ജ്ജുനനെ കണ്ട ചിത്രാംഗദ മോഹിതയാവുന്നു. അര്‍ജ്ജുനനാവട്ടെ ചിത്രാംഗദ ഒരു പുരുഷ യോദ്ധാവാണെന്നു തന്നെ ധരിക്കുന്നു. കാമദേവനില്‍നിന്നുള്ള വരം നേടി ചിത്രാംഗദ അതിസുന്ദരിയാവുകയും അര്‍ജ്ജുനനെ വിവാഹം കഴിച്ച് തന്റെ സ്ത്രീസ്വത്വത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു.
പുരുഷനും സ്ത്രീയും, പുരുഷനുള്ളിലെ സ്ത്രീയുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണ്ണമായ, ശാരീരികവും
സാമൂഹികവുമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന ചിത്രാംഗദയുടെ സമകാല വിവര്‍ത്തനമാണ് രുദ്രയുടെ ജീവിതം. രുദ്രയായി രംഗത്തുവരുന്ന ഋതുപര്‍ണയുടെ ജീവിത്തില്‍ നിന്നു ഭിന്നമല്ല അത്. തന്റെ ട്രൂപ്പിലുള്ള പാര്‍ത്ഥോ എന്ന് ഡ്രമ്മര്‍ രുദ്രയെ സ്‌നേഹപൂര്‍വ്വം റൂഡി എന്നുവിളിക്കുന്നു. പാര്‍ത്ഥോയെ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിക്കണമെന്നാഗ്രഹിച്ചാണ് രുദ്ര ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാനും ആഗ്രഹിക്കുന്നു. സ്ത്രീയെന്നാല്‍ 'യഥാര്‍ത്ഥ' മായിരിക്കണമെന്നും ഒരു സിന്തറ്റിക്ക് സ്ത്രീയെ തനിക്കാവശ്യമില്ലെന്നും പാര്‍ത്ഥോ പറയുമ്പോള്‍, ഒറ്റക്കൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന്റെ നിയമവശങ്ങള്‍ ആലോചിച്ചെങ്കിലും നിയമം അതിനനുകൂലമല്ലെന്ന് അറിയുന്നു. അതോടൊപ്പം രുദ്രയുടെ അച്ഛനും അമ്മയും, രുദ്രയുടെ ശരീരത്തില്‍ എന്തു മാറ്റം വരുത്തുന്നതും തങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്നു പറയുന്നു. ഓപ്പറേഷന്‍ ടേബിളില്‍ അര്‍ദ്ധബോധത്തില്‍ കിടക്കുന്ന രുദ്ര ഓര്‍മ്മിക്കുന്ന ഒരേ ഒരു ഫോണ്‍നമ്പര്‍ പാര്‍ത്ഥോയുടേതാണ്. രുദ്രയുടെ ഇഷ്ടമെന്താണെങ്കില്‍ അങ്ങനെ ചെയ്യാനാണ് പാര്‍ത്ഥോ പറഞ്ഞതെന്ന് ഡോക്ടര്‍ അറിയിക്കുന്നു. ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രുദ്രയും ചുറ്റുമണിനിരക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ചേര്‍ന്ന് ഒരരങ്ങായി മാറുന്ന ഭ്രാമാത്മക ദൃശ്യത്തില്‍ സിനിമ അവസാനിക്കുന്നു.കൂടുതല്‍ ഇവിടെ:http://www.madhyamam.com/weekly/1844

Wednesday, 15 May, 2013

കാണി വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം


വിനയചന്ദ്രന്‍ അനുസ്മരണവും കാണി വാര്‍ഷികവും
അന്‍‌വര്‍ അലി
കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികവും വിനയചന്ദ്രന്‍ അനുസ്മരണവും കവിയും ചലച്ചിത്രകാരനുമായ അന്‍‌വര്‍ അലി ഉദ്ഘാടനം ചെയ്തു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വാസുദേവന്‍ അടാട്ട് സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു. പി.കെ. ജയരാജന്‍,ഷൌക്കത്തലിഖാന്‍, ഉണ്ണികൃഷ്ണന്‍,ദിനേശ് ,എം.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
സുകുമാരി അനുസ്മരണം 

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുകുമാരി അനുസ്മരണ ത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍
എം.സി.രാജനാരായണന്‍


സുകുമാരിയുടെ അഭിനയ ജീവിതത്തെഅനുസ്മരിച്ച് സംസാരിച്ചു.കാണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര നിരൂപകന്‍ എം.സി രാജനാരായണന്‍ നിര്‍വ്വഹിച്ചു.സോമന്‍ ചെമ്പ്രേത്ത്, പി.രാജഗോപാലമേനോന്‍,അടാട്ട് വാസുദേവന്‍ എന്നിവരും സംസാരിച്ചു.തുടര്‍ന്ന് സുകുമാരി അഭിനയിച്ച ‘ മിഴികള്‍ സാക്ഷി’ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു.
ഇന്നത്തെ കേരളം നവോത്ഥാനത്തിന്റെ സൃഷ്ടി.
കെ.സി.നാരായണന്‍

നവോത്ഥാനമാണ് ഇന്ന്  കാണുന്ന കേരളത്തെ സൃഷ്ടിച്ചെടുത്തതെന്ന് പത്രാധിപരും എഴുത്തുകാരനുമായ കെ.സി നാരായണന്‍ അഭിപ്രായപ്പെട്ടു. നാനാജാതി മതസ്ഥര്‍ ഒരുമിച്ചിരിക്കുകയും സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന സാഹചര്യം നവോത്ഥാനം ഉണ്ടാക്കിയതാണ്.കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “നവോത്ഥാന നാടകത്തിലെ സ്ത്രീപര്‍വ്വം“  എന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ചിത്രന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്‍,ദേവകി നിലയങ്ങോട്, എം.ജി.ശശി, കെ.ശോഭന എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.രാജഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു.ഡോ.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1948ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സ്ത്രീ നാടകത്തെ ആസ്പദമാക്കി എം.ജി.ശശി സംവിധാനം ചെയ്ത  “ തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന സംവാദത്തില്‍ പി.കെ ജയരാജന്‍, കെ.കെലക്ഷ്മണന്‍, കെ.സി.നാരായണന്‍,രാധാബായി,ഗീതാജോസഫ്,എം.ജി.ശശി എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്ര ശില്പ പ്രദര്‍ശനത്തില്‍ മോഹന്‍ ആലങ്കോട്,കുമാര്‍ മൂക്കുതല,ദിനേശ് ചാഴിയത്ത്, പി.ഷൌക്കത്തലി,ആവണി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:http://www.facebook.com/media/set/?set=a.574813572539212.1073741827.100000317232437&type=1Saturday, 4 May, 2013

തൊഴില്‍കേന്ദ്രത്തിലേക്ക് / നവോത്ഥാനം, നാടകം, സ്ത്രീ


മലയാളത്തിലെ നവോത്ഥാന ചരിത്രത്തിലും, നാടക ചരിത്രത്തിലും വേണ്ടത്ര മനസ്സിലാക്കാതെ പോയ ഒരേടാണ് നവോത്ഥാന സ്ത്രീ നാടകങ്ങള്‍... നമ്പൂതിരി നവോത്ഥാനത്തിലെ നാടക പര്‍വ്വത്തില്‍, അടുക്കളയില്‍ നിന്നരങ്ങത്തേക്ക്, ഋതുമതി തുടങ്ങിയ നാടകങ്ങള്‍ നവോത്ഥാനത്തിന്റെ പ്രചാരണോപാധികളായിരുന്നു. എന്നാല്‍ അതേ സമൂഹത്തിനകത്ത് കൂടുതല്‍ പീഢിതമായ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു നമ്പൂതിരി സ്ത്രീകള്‍. വി.ടിയെപ്പോലുള്ളവര്‍ നയിച്ചത് അവര്‍ക്കുവേണ്ടിയും കൂടിയുള്ള സമരമായിരുന്നു.
 ''പുരുഷന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീവിമോചന പ്രസ്ഥാനം എന്ന് വി.ടി.യുടെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന മറ്റു പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി സ്ത്രീ, നമ്പൂതിരിയുടെ പ്രസ്ഥാനത്തില്‍ പാര്‍ശ്വവിഷയമായല്ല, കേന്ദ്രബിന്ദുവായിത്തന്നെ നിലകൊണ്ടു. അത് സ്ത്രീയെ സംബോധന ചെയ്തു, അവളോടു സംവദിച്ചു, സ്ത്രീയുടെ വിടുതിയും പരസ്പരം ഇണങ്ങി നില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞു.'' (കെ.സി. നാരായണന്‍).) 
നമ്പൂതിരിസ്ത്രീകള്‍ തങ്ങളുടെ സമുദായത്തിനകത്തുതന്നെ സംഘടിക്കുകയും സമരങ്ങളിലേര്‍പ്പെടുകയും തൊഴില്‍ കേന്ദ്രങ്ങള്‍ നടത്തുകയും ചെയ്തു എന്നീകാര്യങ്ങളൊന്നും സമകാലിക ലോകം ശരിയായി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ശ്രീമതി ദേവകി നിലയങ്ങളോട് എഴുതിയ “നഷ്ടബോധങ്ങളില്ലാതെ“ എന്ന ആത്മകഥാ ലേഖനത്തിലൂടെയാണ് ഇത്തരം കാര്യങ്ങളിലേറെയും പുതുതലമുറക്ക് അറിയാനായത്. “തൊഴില്‍ കേന്ദ്രത്തിലേക്ക് “ എന്നൊരു നാടകത്തെപ്പറ്റി അതില്‍ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ തന്നെ എഴുതി തയ്യാറാക്കുകയും സ്ത്രീകള്‍ തന്നെ അഭിനയിക്കുകയും ചെയ്ത നാടകം. 1946ല്‍ ലക്കിടി ചെറമംഗലത്ത് മനയില്‍ സ്ത്രീകളുടെ കമ്യൂണായ തൊഴില്‍ കേന്ദ്രം രൂപീകൃതമായി. 1948ല്‍ തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന സ്ത്രീ നാടകം അവതരിപ്പിക്കുകയും ചെയ്തു. ആര്യാ പള്ളവും വേറെ രണ്ടു മൂന്ന് അന്തര്‍ജ്ജനങ്ങളുമായിരുന്നു മുഖ്യ രചയിതാക്കള്‍. തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന പ്രസ്തുത നാടകത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക സ്ത്രീ സമസ്യകളെ സംബോധന ചെയ്യുന്നതാണ് 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന ഡോക്യുഫിക്ഷന്‍.- .അന്നത്തെ അഭിനേതാക്കളായ ശ്രീദേവി കണ്ണമ്പള്ളിയും, കാവുങ്കര ഭാര്‍ഗ്ഗവിയും ഈ സിനിമയില്‍ സ്‌ക്രീനിലെത്തുന്നു. ഒപ്പം അന്തര്‍ജ്ജന സമാജത്തിന്റെ പ്രധാന സംഘാടകരായ ദേവകി നിലയങ്ങോടും ഗംഗാദേവിയും നാടകം സിനിമയിലൂടെ വീണ്ടും അവതരിപ്പിക്കുന്നു. പഴയ കാലം മുതലുള്ള സ്ത്രീ പ്രതിനിധാനങ്ങളായി അരിസ്റ്റോ ഫെനീസിന്റെ ലിസിസ്ട്രാറ്റ, ഇബ്‌സന്റെ നോറ, കുറിയേടത്ത് താത്രി എന്നിവര്‍ ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാണ്. പഴയ നാടകത്തിലെന്ന പോലെ ഈ ചിത്രത്തിലും അഭിനയിച്ചവരെല്ലാം (പന്ത്രണ്ടുപേര്‍) സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. കൃപ, സുനിത നെടുങ്ങാടി, ഗീത ജോസഫ്, എം.ജി. ഷൈലജ, ശോഭന കെ., ആര്യ, രജിത, ചിത്തിര എന്നിവരാണ് അഭിനയിച്ചത്. ചിറ്റൂര്‍ ഫിലം സൊസൈറ്റിക്കുവേണ്ടി ടി.ജി. നിരഞ്ജനനാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
കാണി വാര്‍ഷികത്തിന്റെ ഭാഗമായി പ്രസ്തുത ചിത്രത്തിന്റെ പ്രദര്‍ശനവും 'നവോത്ഥാന നാടകവേദിയിലെ സ്ത്രീപര്‍വ്വം' എന്ന വിഷയത്തില്‍ ഒരു സെമിനാറും സംഘടിപ്പിക്കുകയാണ്. ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഭാഷാപോഷിണി പത്രാധിപര്‍ ശ്രീ. കെ.സി. നാരായണന്‍ വിഷയാവതരണം നടത്തും.ആലങ്കോട് ലീലാകൃഷ്ണന്‍, ശ്രീമതി. ദേവകി നിലയങ്ങോട്, ശ്രീ. എം.ജി. ശശി, ശോഭന എന്നിവര്‍ സംസാരിക്കും.
 2013 മെയ് 11 ശനിയാഴ്ച വൈ. 4 മണി ഗവ. എല്‍.പി. സ്‌കൂള്‍, മൂക്കുതല

സെമിനാര്‍ : 
നവോത്ഥാന നാടകവേദിയിലെ സ്ത്രീപര്‍വ്വം
ഉദ്ഘാടനം: 
ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട്
വിഷയാവതരണം:
ശ്രീ. കെ.സി. നാരായണന്‍
(പത്രാധിപര്‍ ഭാഷാപോഷിണി)

പങ്കെടുക്കുന്നവര്‍
:ആലങ്കോട് ലീലാകൃഷ്ണന്‍
ശ്രീമതി. ദേവകി നിലയങ്ങോട്
ശ്രീ. എം.ജി. ശശി,
ശ്രീ. ടി.ജി. നിരഞ്ജന്‍
ശ്രീമതി. കെ. ശോഭന

ചലച്ചിത്ര പ്രദര്‍ശനം : 
തൊഴില്‍കേന്ദ്രത്തിലേക്ക്
സംവിധായകന്‍ : എം.ജി. ശശി
നിര്‍മ്മാണം: ടി.ജി. നിരഞ്ജന്‍ 
(ചിറ്റൂര്‍ ഫിലിം സൊസൈറ്റി)

അഭിനയിച്ചവര്‍:
ദേവകി നിലയങ്ങോട്
ശ്രീദേവി കണ്ണമ്പിള്ളി
കാവുങ്കര ഭാര്‍ഗ്ഗവി, ഗംഗാദേവി,കൃപ, സുനിത നെടുങ്ങാടി, ഗീത ജോസഫ്, എം.ജി. ഷൈലജ, ശോഭന കെ., ആര്യ, രജിത, ചിത്തിര 

കാലത്ത് 10 മണി മുതല്‍
ചിത്ര-ശില്പ പ്രദര്‍ശനം 
പങ്കെടുക്കുന്നവര്‍:
കെ.കെ. ബാലന്‍ മാസ്റ്റര്‍, മോഹന്‍ ആലങ്കോട്, പി.ഷൗക്കത്തലി,
കുമാര്‍ പി. മൂക്കുതല, മന്‍സൂര്‍ ഖാന്‍,
ലത ചന്ദ്രമോഹന്‍, ദിനേശന്‍ ചാഴിയത്ത്
തുടങ്ങിയവര്‍...

Monday, 29 April, 2013

സുകുമാരി അനുസ്മരണം


സുകുമാരിക്ക് ആദരാഞ്ജലികളോടെ...


സുകുമാരി എന്ന അതുല്യ നടി ഓര്‍മ്മയായി. 60 ലേറെ വര്‍ഷം നീണ്ട അഭിനയ ജീവിതം മാര്‍ച്ച് 26ന് ചെന്നെയിലെ ആശുപത്രിയില്‍ വെച്ച് അവസാനിച്ചു. വീട്ടില്‍ നിന്ന് തീപ്പൊള്ളലേറ്റതിനെ തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1951 ല്‍ ‘ഒരു ഇരവ് ‘ (തമിഴ്) എന്ന ചിത്രത്തോടെയാണ് അഭിനയരംഗത്തെത്തുന്നത്. ഇമ്മാനുവേല്‍ (2013) എന്ന ചിത്രമായിരുന്നു അവസാനത്തേത്. വിവിധ ഭാഷകളിലായി 3000 ലേറെ ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.
1940ല്‍ തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ കുടുംബത്തിലാണ് സുകുമാരി ജനിച്ചത്.
2003ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.‘ നമ്മഗ്രാമം‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2011ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് 4 പ്രാവശ്യം ലഭിച്ചു. (1974-ചട്ടക്കാരി, 1979- പല സിനിമകള്‍, 1983-കൂടെവിടെ, കാര്യം നിസ്സാരം, 1985-അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍). തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും (1991-92) കലൈസെല്‍വം അവാര്‍ഡും (1990) ലഭിച്ചു.
അഭിനയരംഗത്ത് വ്യത്യസ്തങ്ങളായ എണ്ണമറ്റ കഥാപാത്രങ്ങളെയാണ് സുകുമാരി അവതരിപ്പിച്ചത്. അന്യോന്യ ഭിന്നങ്ങളായ ഇത്രയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വൈവിദ്ധ്യത്തെ വരുംകാലം വിലയിരുത്താതിരിക്കില്ല.(ചില സുകുമരി സ്മരണകള്‍ ഇവിടെ )
ആ മഹനീയ ജീവിതത്തിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് കാണിയുടെ ആഭിമുഖ്യത്തില്‍ സുകുമാരി അനുസ്മരണവും ചലച്ചിത്രപ്രദര്‍ശനവും നടത്തുന്നു. മെയ് 1ന് കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ നടക്കുന്ന പരിപാടിയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, എം.സി. രാജനാരായണന്‍, ഡോ.കെ.വി. കൃഷ്ണന്‍ എന്നിവര്‍ സുകുമാരിയെ അനുസ്മരിക്കും. സുകുമാരി അഭിനയിച്ച 'മിഴികള്‍ സാക്ഷി' (സംവിധാനം : അശോക് ആര്‍. നാഥ്) എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഏവര്‍ക്കും സ്വാഗതം.


2013 മെയ് 1 ബുധനാഴ്ച കാലത്ത് 9.30 ന്
കൃഷ്ണ മൂവീസ് ചങ്ങരംകുളം
സുകുമാരി അനുസ്മരണം
പങ്കെടുക്കുന്നവര്‍:
ആലങ്കോട് ലീലാകൃഷ്ണന്‍
എം.സി. രാജനാരായണന്‍
ഡോ. കെ.വി. കൃഷ്ണന്‍
ചലച്ചിത്ര പ്രദര്‍ശനം:
മിഴികള്‍ സാക്ഷി
സംവിധാനം: അശോക് ആര്‍.നാഥ്
അഭിനയിച്ചവര്‍: സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, വിനീത്.


Wednesday, 24 April, 2013

കാണി വാര്‍ഷികവും വിനയചന്ദ്രന്‍ അനുസ്മരണവും


ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ കാണിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമായ അനുഭവങ്ങളല്ല കാണിക്കു നല്‍കിയിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. മൂന്ന് ദിവസത്തെ ചലച്ചിത്രോത്സവവും പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണവുമെല്ലാം ആവേശകരമായ അനുഭവങ്ങളായി തീരുകയുണ്ടായി.
അടുത്ത വര്‍ഷവും സിനിമയുടെ വിവധ മേഖലകളെക്കുറിച്ചുള്ള കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യന്‍ സിനിമയുടെ നൂറ്റാണ്ടിനെ വിലയിരുത്തുന്ന സെമിനാറുകളും ചലച്ചിത്ര പ്രദര്‍ശനങ്ങളുമുള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ തയ്യാറാക്കുന്നുമുണ്ട്.

ഏപ്രില്‍ 28 വൈകൂന്നേരം 4 മണിക്ക് ചങ്ങരംകുളം സര്‍വ്വീസ്  ബാങ്ക്  ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുന്നത്.
ഇതോടൊപ്പം അന്തരിച്ച പ്രിയകവി ഡി. വിനയചന്ദ്രനെ അനുസ്മരിക്കുന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍, അന്‍വര്‍ അലി എന്നിവര്‍ പങ്കെടുക്കുന്ന അനുസ്മരണ പ്രഭാഷണവും, വിനയചന്ദ്രന്റെ കവിതകളുടെ ആലാപനവും നടക്കും. എല്ലാവരും കുടുംബസമേതം എത്തുമല്ലോ.
സ്‌നേഹത്തോടെ
കാണി പ്രവര്‍ത്തകര്‍

2013 ഏപ്രില്‍ 28 വൈകുന്നേരം 4 മണി 
സര്‍വ്വീസ് സഹകരണ ബാങ്ക്  ഓഡിറ്റോറിയം, ചങ്ങരംകുളം

വാര്‍ഷിക ജനറല്‍ബോഡി, റിപ്പോര്‍ട്ട്,
ചര്‍ച്ച, പുതിയ ഭാരവാഹികളുടെ 
തെരഞ്ഞെടുപ്പ്
ഡി. വിനയചന്ദ്രന്‍ അനുസ്മരണം
അനുസ്മരണ പ്രഭാഷണം:
ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍
ശ്രീ.അന്‍വര്‍ അലി
വിനയചന്ദ്രന്‍ കവിതകളുടെ
ആലാപനം

Wednesday, 27 February, 2013

കാണി മാര്‍ച്ച് പ്രദര്‍ശനങ്ങള്‍


 2013 മാര്‍ച്ച് 3,ഞായറാഴ്ച രാവിലെ 9.30 മുതല്‍/ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍

LeHavre/2011/93mts/french

Dir:Aki Kaurismaki

Le Havre is a 2011 comedy-drama film written and directed by Aki Kaurismäki, starring André Wilms, Kati Outinen, Jean-Pierre Darroussin and Blondin Miguel. It tells the story of a shoeshiner who tries to save an immigrant child in the French port city Le Havre. The film was produced by Kaurismäki's Finnish company Sputnik with international co-producers in France and Germany. It is Kaurismäki's second French-language film, after La Vie de Bohème from 1992.

The film premiered in competition at the 2011 Cannes Film Festival, where it received the FIPRESCI Prize. Kaurismäki envisions it as the first installment in a trilogy about life in port cities. His ambition is to make follow-ups set in Spain and Germany, shot in the local languages. more details :http://en.wikipedia.org/wiki/Le_Havre_(film)


Rose/2011/94mts/PolishDir:Wojeiech Smarzowski


Róża (English: Rose) is a 2011 Polish film directed by Wojciech Smarzowski. It depicts the love story of a Masurian woman and an officer of the Armia Krajowa in postwar Masuria.
In summer 1945 Tadeusz Mazur, an officer of the Armia Krajowa and veteran of the Warsaw uprising, whose wife was raped and murdered by the Germans, moves to Masuria, a region in former German East Prussia, which became part of Poland as a result of the Potsdam Agreement after World War II. He visits Róża, a widow of a German Wehrmacht soldier whose death Tadeusz had witnessed, to hand over her husband’s possessions. Róża invites Tadeusz to stay at her farm to protect her against marauders and the brutal rapes she had previously experienced in the lawless atmosphere of postwar Masuria. more details:http://en.wikipedia.org/wiki/Róża_(2011_film)

Sunday, 3 February, 2013

രവിശങ്കറിന്റെ ഓര്‍മ്മയില്‍ സിത്താര്‍ സന്ധ്യ


പണ്ഡിറ്റ് രവിശങ്കറിന്റെ ഓര്‍മ്മയില്‍ അരങ്ങേറിയ സിത്താര്‍ സന്ധ്യ ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായി.സിത്താര്‍ സംഗീതഞ്ജന്‍ മുരളി മേനോനാണ് പരിപാടി അവതരിപ്പിച്ചത്. ഹരിലാല്‍ തബലയില്‍ അകമ്പടിയേകി.ഉത്തരേന്ത്യന്‍ സംഗീതോപരണമായ സിത്താറിന്റെ ആദ്യ പാഠങ്ങള്‍ മുരളീ മേനോന്‍ അഭ്യസിച്ചത് പണ്ഡിറ്റ് ശശിമോഹന്‍ ഭട്ടിന്റെയും വിശ്വമോഹന്‍ ഭട്ടിന്റെയും കീഴിലാണ്.ഭാരതീയ സംഗീതത്തെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തിയതില്‍ രവിശങ്കര്‍ വലിയ പങ്കാണ് വഹിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത സംവിധായകനും ചലച്ചിത്രകാരനുമായ ഇ.ജയകൃഷ്ണന്‍ പറഞ്ഞു.ഹരി ആലങ്കോട്,മുരളീ മേനോന്‍,ഹരിലാല്‍ എന്നിവരും സംസാരിച്ചു.അഡ്വ.പി.രാജഗോപാല മേനോന്‍ അധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:http://www.facebook.com/media/set/?set=a.525500110803892.116536.100000317232437&type=1&l=a2cd1545f1

Friday, 18 January, 2013

പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണം


2013 ജനുവരി 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണി
ചങ്ങരംകുളം (എടപ്പാള്‍ റോഡ്)

പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിത്താര്‍ വിദഗ്ദ്ധന്‍ പണ്ഡിറ്റ് രവിശങ്കറിനെ അനുസ്മരിക്കുന്നു. 
ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞനും ചലച്ചിത്രകാരനുമായ
 ഇ. ജയകൃഷ്ണന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ സംഗീതലോകത്തെക്കുറിച്ച് സംസാരിക്കും. ഹരി ആലങ്കോട്, മുരളി മേനോന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ടാവും. 
തുടര്‍ന്ന് മുരളിമേനോന്‍ അവതരിപ്പിക്കുന്ന സിത്താര്‍ വാദനവും അരങ്ങേറും.

എല്ലാവര്‍ക്കും സ്വാഗതം.സംഗീത രംഗത്തെ അതുല്യപ്രതിഭ പണ്ഡിറ്റ് രവിശങ്കര്‍ 2012 ഡിസംബര്‍ 11ന് കാലിഫോര്‍ണിയയില്‍ വെച്ച് അന്തരിച്ചു. സിത്താര്‍ എന്ന സംഗീതോപകരണത്തിന്റെ പര്യായമായിത്തന്നെ രവിശങ്കര്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സിത്താറിന്റെയും പ്രശസ്തി ലോകമെങ്ങുമെത്തിക്കുന്നതില്‍ രവിശങ്കര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 
1920 ഏപ്രില്‍ 7ന് വാരണാസിയിലായിരുന്നു ജനനം. അച്ഛന്‍ ബാരിസ്റ്റര്‍ ശ്യാംശങ്കറും, അമ്മ ഹേമാംഗിനി ദേവിയും. ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയശങ്കര്‍ ഇദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനാണ്.
ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നാണ് സിത്താര്‍ അഭ്യസിച്ചത്. ആദ്യ സംഗതീപരിപാടി 1939ല്‍ അലിഅക്ബര്‍ ഖാനുമൊത്ത് (സരോദ്) ജുഗല്‍ബന്ദിയായിരുന്നു.
സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ 'ഗാന്ധി' യുടെ സംഗീത സംവിധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ഓസ്‌ക്കാര്‍ അവാര്‍ഡിന് പരിഗണിക്കുകയുണ്ടായി. 
25-ാം വയസ്സില്‍ 'സാരേ ജഹാം സേ അച്ഛാ' എന്ന പ്രശസ്ത ഗാനം റീകംപോസ് ചെയ്തു. 1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീതസംവിധായകനായിരുന്നു. യഹൂദിന്‍ മെനുഹിന്‍ (വയലിന്‍))) തുടങ്ങിയ ലോക പ്രശസ്ത സംഗീതജ്ഞരുമൊത്ത് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1985ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടറേറ് ലഭിച്ചു. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമി പുരസ്‌കാരത്തിന് 3 തവണ അര്‍ഹനായി. മഗ്‌സസെ പുരസ്‌കാരവും ലഭിച്ചു. 1999ല്‍ ഭാരതരത്‌നം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:

മുരളി മേനോന്‍
സംഗീതരംഗത്ത് ആദ്യഗുരുവായി മുരളി മേനോന്‍ കണക്കാക്കുന്നത് തന്റെ പിതാവും കവിയുമായ എം.ടി.കുട്ടികൃഷ്ണ മേനോനെയാണ്. വട്ടംകുളം അമ്പിളി കലാസമിതിയില്‍ വെച്ച് ഉസ്താദുമാര്‍ തിരൂര്‍ ഷാ, യൂനസ്, വേണു എന്നിവരുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിക്കാനായത് മലബാറിന്റെ സംഗീത സംസ്‌കാരം മനസ്സിലാക്കാന്‍ ഉപകരിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി ആലങ്കോട് എന്നിവരുമായുള്ള വിദ്യാഭ്യാസ കാലത്തെ സൗഹൃദം സംഗീതലോകത്തേക്ക് കൂടുതല്‍ അടുപ്പിച്ചു.
രാജസ്ഥാനില്‍ വെച്ചാണ് പണ്ഡിറ്റ് ശശിമോഹന്‍ ഭട്ടിന്റെയും വിശ്വമോഹന്‍ ഭട്ടിന്റെയും കീഴില്‍ സിത്താറും മോഹനവീണയും അഭ്യസിച്ചത്.
ഇപ്പോള്‍ സിത്താറില്‍ സ്ഥിരമായി ഹിന്ദുസ്ഥാനി കച്ചേരികള്‍ നടത്തുന്നു. കൂടാതെ ജുഗല്‍ബന്ദികളും ഫ്യൂഷനുകളും അവതരിപ്പിക്കുന്നു. നിരവധി ടി.വി. പ്രോഗ്രാമുകളില്‍ സംഗീതസംവിധാനം നടത്തിയിട്ടുണ്ട്. സംഗീത കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സംഗീതാവതരണങ്ങളും ക്ലാസ്സുകളും നടത്താറുണ്ട്. ഹരി ആലങ്കോടുമൊത്ത് സിത്താര്‍-/-സന്തൂര്‍ ജുഗല്‍ബന്ദി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ അവതരിപ്പിക്കുകയുണ്ടായി.
ആലങ്കോട് കക്കിടിപ്പുറം സ്വദേശി. ഇപ്പോള്‍ തിരുവനന്തപുരം നബാര്‍ഡില്‍ ഉദ്യോഗസ്ഥന്‍.