കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 21 December 2009

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ജന്മശതാബ്ദി

മലയാളത്തിന്റെ വിശ്രുത കഥാകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്.1909മാര്‍ച്30ന് ജനിച്ച് 1987 ഫെബ്രുവരി 6ന് അന്തരിച്ച അന്തര്‍ജ്ജനം മലയാളത്തിലെ സ്ത്രീയെഴുത്തിന്റെ ആദ്യകാല പഥികരിലൊരാളാണ്.
’അഗ്നിസാക്ഷി’ എന്ന ഏക നോവലിന് വയലാര്‍ അവാര്‍ഡടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിക്കുകയുണ്ടായി.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അഗ്നിസാക്ഷി’യാണ് ഈ മാസത്തില്‍ ‘കാണി’ പ്രദര്‍ശിപ്പിക്കുന്നചിത്രം.ഈ ചിത്ര ത്തിന് 8സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി.മൂക്കുതലയില്‍ ആധുനിക വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുത്തു കൊണ്ട് ഹൈസ്കൂള്‍ സ്ഥാപിക്കുകയും സമുദായ ത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത ശ്രീ.പി.ചിത്രന്‍ നമ്പൂതരിപ്പാ‍ടിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 27ന് വൈകുന്നേരം 6.00 മണിക്ക് മൂക്കുതല ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലാണ് പ്രദര്‍ശനം.
പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം.

Thursday, 3 December 2009

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം




പതിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസമ്പര്‍ 11 മുതല്‍ 18വരെ തിരുവനന്തപുരത്തുവെച്ചു നടക്കുന്നു.ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ:http://www.iffk.in/index.php?page=movies ട്രീലെസ്സ് മൌണ്ടന്‍

മൈ സീക്രട്ട് സ്കൈസ്
സൂഫി പറഞ്ഞ കഥ

Saturday, 21 November 2009

കാഞ്ചീവരം


2009നവമ്പര്‍29 കാലത്ത്9.30ന്ചങ്ങരംകുളം കൃഷ്ണ മൂവീസില്‍
കാഞ്ചീവരം
സംവിധാനം:പ്രിയദര്‍ശന്‍
പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു. മനോഹരമായ പട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ . അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും...(തുടര്‍ന്ന് വായിക്കുക...)

തുണ്ട്‌ തുണികഷണങ്ങള്‍ക്കുള്ളില്‍ ഒളിക്കുന്ന പുതുതലമുറപോലും കേട്ടിരിക്കും കാഞ്ചീപുരം പട്ടിന്റെ മഹിമ. ആ മഹിമ ഈ കഴിഞ്ഞ സപ്‌തംബറില്‍ ടൊറൊന്റോയിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിലെ നിലയ്‌ക്കാത്ത കരഘോഷങ്ങള്‍ക്കിടയിലും നിറഞ്ഞു. 'കാഞ്ചീവരം' എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ... എപ്പോഴും കുറ്റം മാത്രം വിളിച്ച്‌ പറയുന്ന പ്രിയ പ്രേക്ഷകാ, ഇത്‌ ശരിക്കും 'ഒറിജിനല്‍' ആണ്‌, 'ഒറിജിനല്‍ story - പ്രിയദര്‍ശന്‍' എന്ന് ടൈറ്റില്‍ കാര്‍ഡില്‍ പറയുന്ന പോലെ....(തുടര്‍ന്ന് വായിക്കുക...)

Sunday, 25 October 2009

ഭൂമിയെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍

മൂങ്ങയും കുരുവിയും(Owl&theSparrow)എന്ന വിയറ്റ്നാമീസ് ചിത്രം,മൈക്കെല്‍ ജാക്സന്റെ വിഖ്യാതമായ ഭൂമിഗീതം(Earth song) ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം,ഒ.എന്‍.വി.യുടെ ഭൂമിക്ക് ഒരു ചരമഗീതംഎന്നിവ യാണ് ഇപ്രാവശ്യം കാണിയുടെ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പ്രദര്‍ശിപ്പി ക്കുന്ന ഈ വ്യത്യസ്ത ചിത്രങ്ങള്‍ ആഗോളവും കേരളീയവുമായ ഉത്ക്കണ്ഠകള്‍ പങ്കുവെയ്ക്കുന്നുഎന്ന താവാം അവയെകൂട്ടിയിണക്കുന്ന പ്രധാനഘടകം.
2009 നവമ്പര്‍1 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണ മൂവീസിലാണ് പ്രദര്‍ശനം.
ഔള്‍ ആന്റ് ദി സ്പാരോ
സംവിധാനം:സ്റ്റെഫാന്‍ ഗോജര്‍
മനസ്സിലെ നന്മകൊണ്ട്‌ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ' . ജന്മംകൊണ്ട്‌ പാതി വിയറ്റ്‌നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ്‌ സംവിധായകന്‍. 2007-ലെ ലോസ്‌ ആഞ്‌ജലിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ്‌ അവാര്‍ഡ്‌ നേടിയ സിനിമയാണിത്‌ അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്‌നാമീസ്‌-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്‌. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്‌ടപ്പെടുന്നവളാണ്‌ തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെ യൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക്‌ കഴിയുന്നു. സങ്കടങ്ങളോര്‍ത്ത്‌ വാവിട്ടു കരയുന്നില്ല അവള്‍. സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. പോകുന്നിടത്തെല്ലാം അവള്‍ പ്രകാശം ചൊരിയുന്നു. ദുരനുഭവ ങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെഅവള്‍കീഴടക്കുന്നു..
പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന്‌ സെയ്‌ഗോണ്‍ നഗരത്തിലേക്ക്‌ രക്ഷപ്പെടുകയാണ്‌ തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്‌. നഗരക്കാഴ്‌ചകളടങ്ങിയ പിക്‌ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ്‌ അവളാദ്യം ചെയ്യുന്നത്‌. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്‌പനയിലേക്ക്‌ തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്‌. സമാനഹൃദയരായ ലാന്‍, ഹായ്‌ എന്നിവരെ അവള്‍ പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാ രിയാണ്‌ ലാന്‍. മൃഗങ്ങളെ ജീവനുതുല്യം സേ്‌നഹിക്കുന്ന മൃഗപരിപാലകനാണ്‌ ഹായ്‌ എന്ന അനാഥ യുവാവ്‌. (അവന്‌ ഏറ്റവുമിഷ്‌ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്‌ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഉടമസ്ഥന്‍.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ
ആവിഷ്‌കാരമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ'.
നഗരവത്‌കരണത്തിന്‍െറ ശാപത്തില്‍നിന്ന്‌ സെയ്‌ഗോണും മോചിതമല്ലെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ്‌ ലാനും തോയിയും ഹായിയും ഇടയെ്‌ക്കാക്കെ കണ്ടുമുട്ടുന്നത്‌. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന്‌ സ്വന്തമായൊരു ലോകം പണിയുകയാണ്‌. ഊഷ്‌മളമായ സേ്‌നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.
ലാന്‍ എന്ന ഫൈ്‌ളറ്റ്‌ അറ്റന്‍റന്‍റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ്‌ കഥ നടക്കുന്നത്‌. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്‌ചയാണ്‌ അവള്‍ സെയ്‌ഗോണില്‍ എത്തുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ്‌ സംവിധായകന്‍ ഇതിവൃത്തംപൂര്‍ത്തിയാക്കുന്നത്‌
തോയി ആണ്‌ ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്‌. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത്‌ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്‌സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്‌. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല. (ടി.സുരേഷ്ബാബു/ലോംഗ് ഷോട്ട്‌സ്)



ഭൂമിക്കൊരു ചരമഗീതം
ഒ.എന്‍.വി
സംവിധാനം:ആര്‍.ശരത്


ഭൂമി ഗീതം
മൈക്കേല്‍ ജക്സണ്‍

കുറ്റിപ്പുറം പാലം /ഇടശ്ശേരി/സംവിധാനം:പി.പി.രാമചന്ദ്രന്‍

Wednesday, 30 September 2009

വിലാപങ്ങള്‍ക്കപ്പുറം

ഒക്റ്റോബര്‍4ന് വൈകുന്നേരം4.45ന്
ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍

സംവിധാനം:ടി.വി.ചന്ദ്രന്‍

ഈ ചിത്രത്തെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ത നിരൂപണങ്ങള്‍ ഇവിടെ വായിക്കുക

നിലപാടുകള്‍ ഉണ്ടായിരിക്കണം:എന്‍.പി.സജീഷ്

ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ......കൂടുതല്‍ >>>>

വിലാപങ്ങള്‍ക്കപ്പുറം:കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

‍നമ്മുടെ കുട്ടികള്‍ക്ക്‌ എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്‌പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്‌ക്കുന്നു. അത്‌ തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. ......കൂടുതല്‍ >>>>

Wednesday, 16 September 2009

തിരക്കഥാ രചനാ മത്സരം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു.
നിബന്ധനകള്‍:
1.പരമാവധി 30 മിനുറ്റ് ദൈര്‍ഘ്യമുള്ള കഥാചിത്രങ്ങള്‍ക്കുള്ള തിരക്കഥകള്‍ ഫുള്‍സ്കാപ്പ് കടലാസിന്റെ ഒരു ഭാഗത്തു മാത്രം വൃത്തിയായി എഴുതിയതോ ഡി.ടി.പി. ചെയ്തതൊ ആയിരിക്കണം.
2. കേരളത്തിലെ ഹയര്‍ സെക്കന്ററി/കോളേജ് (സമാന്തര കലാലയങ്ങള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍പങ്കെടുക്കാവുന്നതാണ്. പഠിക്കുന്ന സ്ഥാപനത്തിലെ തലവനില്‍ നിന്നുള്ള സാക്ഷ്യപത്രം രചനയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.
3. പേരും വിലാസവും(വീട്ടു വിലാസവും ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസമുള്‍പ്പെടെ) പ്രത്യേകം കടലാ സിലെഴുതി രചനയോടൊപ്പം അയക്കേണ്ടതാണ്. രചനയിലൊരിടത്തും പേരോ, മറ്റു വിവരങ്ങളോ രേഖപ്പെടു ത്താന്‍ പാടില്ല.
4. രചനകള്‍ മൌലികങ്ങളായിരിക്കണം. അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റു സാഹിത്യരൂപങ്ങളുടെ (നോവല്‍, കഥ, കവിത, ലേഖനം) തിരക്കഥാ രൂപങ്ങള്‍ പരിഗണിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥകൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തിരക്കഥകള്‍ സമര്‍പ്പിക്കാവുന്നതാണ്.
5. പ്രശസ്തരായ സിനിമാ നിരൂപകരും തിരക്കഥാ കൃത്തുക്കളുമടങ്ങുന്ന ഒരു സമിതിയായിരിക്കുംവിജയികളെ തീരുമാനിക്കുന്നത്.വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യപത്രവും നല്‍കുന്നതാണ്.. സമ്മാനാര്‍ഹര്‍ക്കു പുറമേ മികച്ച 25 തിരക്കഥാ കൃത്തുക്കളെയും ഉള്‍പ്പെടുത്തി തിരക്കഥാ ശില്പ ശാലയും പ്രസ്തുത തിരക്കഥകളെ ആസ്പദമാക്കി സിനിമാ നിര്‍മ്മാണവും സംഘടിപ്പിക്കുന്നതാണ്.
6. സമ്മാനാര്‍ഹമായതും തിരഞ്ഞെടുക്കപ്പെട്ടതുമായ തിരക്കഥകള്‍ കാണി ഫിലിം സൊസൈറ്റിയുടെബ്ലോഗിലോ, ബുള്ളറ്റിനിലോ, പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കുന്നതിനും ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നതിനും ഊള്ള അവകാശം ഫിലിം സൊസൈറ്റിക്കുണ്ടായിരിക്കും.
7. തിരക്കഥകള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2009 ഒക്ടോബര്‍ 31.
വിലാസം:
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരംകുളം, നന്നമ്മുക്ക്(P.O), മലപ്പുറം ജില്ല, പിന്‍-679575
ഇ-മെയില്‍: kaanimail@gmail.com

Wednesday, 9 September 2009

മലയാളത്തിന് വീണ്ടും ദേശീയാംഗീകാരം

.2007ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലൂടെ മലയാ ളസിനിമ വീണ്ടും അംഗീകാരത്തിനര്‍ഹ മായിരിക്കുന്നു. മികച്ച സംവിധായകനായി അടൂര്‍ ഗോപാലകൃഷ്ണനും(നാലുപെണ്ണുങ്ങള്‍)സംഗീതസം വിധായകനായി ഔസേപ്പച്ചനും(ഒരേകടല്‍)തെരഞ്ഞടുക്ക പ്പെട്ടു.മികച്ച മലയാളചിത്രം‘ഒരേകട‘ലാണ്(ശ്യാമപ്രസാദ്). തമിഴ് ചിത്രമായ‘കാഞ്ചീവര‘മാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
താഴെ പറയുന്ന അവാര്‍ഡ് ജേതാക്കളും മലയാളികളാണ്:
ബി.അജിത്കുമാര്‍(എഡിറ്റിംഗ്‌‌‌:നാലുപെണ്ണുങ്ങള്‍)
സാബുസിറില്‍(കലാസംവിധാനം:ഓം ശാന്തിഓം)
പട്ടണം റഷീദ്(മേയ്ക്കപ്പ്:പരദേശി)
ജയരാജ്(മികച്ച ഫീച്ചര്‍ ഇതരചിത്രം:വെള്ളപ്പൊക്കത്തില്‍)
വിപിന്‍ വിജയ്(സ്പെഷ്യല്‍ ജൂറി അവാര്‍ഡ്:പൂമരം)
വി.കെ ജോസഫ്(ചലച്ചിത്ര നിരൂപണം)
നാലുപെണ്ണുങള്‍,ഒരേകടല്‍ എന്നീചിത്രങ്ങള്‍ ‘കാണി’മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.കാഞ്ചീവരം അടുത്തുതന്നെ പ്രദര്‍ശിപ്പിക്കുന്നതാണ്.
മികച്ച നിരൂപകനായിതെരഞ്ഞെടുക്കപ്പെട്ട വി.കെ.ജോസഫ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെയും സിനിമാനിരൂ പണങ്ങളിലൂടെയും ഗൌരവമുള്ള സിനിമകളുടെ പ്രചരണ ത്തിനായി നിരന്തരം യത്നിച്ച വ്യക്തിയാണ്.കേരളചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരളഘടകം വൈസ് പ്രസിഡണ്ടുമാണ് അദ്ദേഹം.
അവാര്‍ഡ് ജേതാക്കള്‍ക്ക് ‘കാണി’യുടെ അഭിനന്ദനങ്ങള്‍


Tuesday, 18 August 2009

മഹാനടനങ്ങള്‍ക്ക് തിരശ്ശീല

അഭിനയ പ്രകടനങ്ങളുടെ ഉത്തംഗതയില്‍ നിന്ന രണ്ട് പേര്‍ -രാജന്‍.പി.ദേവും, ഭരത് മുരളിയും - താരതമ്യേന ചെറു പ്രായത്തില്‍ മരണത്തിന് വിധേയരായിരിക്കുന്നു. മരിക്കുമ്പോള്‍ 55 വയസ്സാണ് ഇരുവര്‍ക്കും പ്രായം. നാടകാഭിനയത്തിന്റെ ആത്മാവ് കണ്ടറിഞ്ഞവരാണ് ഇരുവരുമെന്നതാണ് രണ്ട് പേരെയും കൂട്ടിയിണക്കുന്ന ഒരു ഘടകം . മറ്റൊന്ന് സിനിമയിലെ ചോക്ലേറ്റ് നായക സങ്കല്പങ്ങളെ രണ്ട് പേരും അട്ടിമറിച്ചതാണ്. നാടകവേദിയില്‍ നിന്നു സിനിമയിലെത്തിയവരുടെ ഒരു പരമ്പരയാ‍ണ് സിനിമയുടെ മൂല്യ സങ്കല്പങ്ങളെയും നായക സങ്കല്പങ്ങളെയും ഒരു പോലെ മാറ്റിത്തീര്‍ത്തത്. മലയാളത്തിലെ പുതിയ സിനിമാവബോധം, ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിച്ചിറങ്ങിയ ഏതാനും സംവിധായകരുടെ മാത്രം സംഭാവനയല്ല. ആഴത്തിലറിഞ്ഞ നടനചര്യകളുമായി സിനിമയിലെത്തിയ ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരോടൊപ്പമാണ് ഭരത് മുരളിയുടെയും രാജന്‍.പി.ദേവിന്റെയും സ്ഥാനം. ‘കാട്ടുകുതിര’ നാടകമാണ് രാ‍ജന്‍.പി.ദേവിനെ പ്രശസ്തനാക്കിയത്.1984 ലും 1986 ലും മികച്ച നാടക നടനുള്ള അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.
മുരളി നാലു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ആധാരം (1992), കാണാക്കിനാവ് (1996), താലോലം (1998),നെയ്ത്തുകാരന്‍(2002). നെയ്ത്തുകാരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
ആ നടന പ്രതിഭകള്‍ക്ക് കാണിയുടെ ആദരാഞ്ജലികള്‍.
2009 ആഗസ്ത്23ന് കാലത്ത് 9.30ന് ചങരം കുളം കൃഷ്ണാ മൂവീസില്‍
കാണാക്കിനാവ്
(സംവിധാനം:സിബിമലയില്‍)
പ്രദര്‍ശിപ്പിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Thursday, 6 August 2009

ഭരത് മുരളിക്ക് ആദരാഞ്ജലികള്‍

ഇന്ന് തിരുവനന്തപുരത്തു വെച്ച്
നിര്യാതനായ ഭരത് മുരളിക്ക്
‘കാണി’യുടെ ആദരാഞ്ജലികള്‍..

Sunday, 19 July 2009

അപര്‍ണ സെന്‍

അപര്‍ണാ സെന്‍ 1945 ഒക്ടോബര്‍ 25ന് കല്‍ക്കത്തയില്‍ ജനിച്ചു. പിതാവ്പ്രസിദ്ധ സിനിമാ സംവിധായകനും എഴുത്തുകാരനുമായ ചിദാനന്ദ ഗുപ്തയും, മാതാവ് പ്രസിദ്ധ ബംഗാളി കവി ജീബാനന്ദ ദാസിന്റെ മരുമകള്‍ സുപ്രിയ ദാസ്ഗുപ്തയു മാണ്. അപര്‍ണാ സെന്നിന്റെ സിനിമാ പ്രവേശം നടിയായിട്ടാണ്. നിരവധി ചിത്ര ങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങല്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 16 വയസ്സില്‍ സത്യജിത് റേയുടെ തീന്‍ കന്യ(1961) യില്‍ മൃണ്മയിയുടെ റോളില്‍അഭിനയിച്ചു. 36, ചൌരംഗി ലൈന്‍ (1981) ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച സംവിധായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍: പരോമ (1984), സതി (1985), യുഗാന്ത് (1995), പരോമിതര്‍ ഏക് ദിന്‍ (2000), 15,
പാര്‍ക്ക് അവന്യൂ(2005), ജാപ്പനീസ് വൈഫ് (2008).
മിസ്സിസ്&മിസ്റ്റര്‍ അയ്യര്‍
അപര്‍ണ സെന്നിന്റെ മകള്‍ കൊങ്കണ സെന്‍, മീനാക്ഷി അയ്യര്‍ എന്ന തമിഴ് ബ്രാഹ്മണ യുവതിയായി ഈ ചിത്രത്തില്‍ വേഷമിടുന്നു. രാഹുല്‍ ബോസാണ് രാജാ ചൌധരി എന്നമുസ്ലിം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിഅഭിനയിക്കുന്നത്. സക്കീര്‍ഹുസൈന്‍ എന്ന തബല മാന്ത്രികന്റേതാണ് പശ്ചാത്തല സംഗീതം. ക്യാമറ കൈകാര്യം ചെയ്തി രിക്കുന്നത് പേരെടുത്ത സംവിധായകനായ ഗൌതം ഘോഷ് ആണ്. ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയോദ്ഗ്രഥനത്തി നുള്ള നര്‍ഗ്ഗീസ് ദത്ത് പുരസ്ക്കാരവും മികച്ച സംവിധാനം, മികച്ചനടി, മികച്ചതിരക്കഥ എന്നിവക്കുള്ള ദേശീയ അവാര്‍ഡുകളും ഈചിത്രത്തിനായിരു ന്നു. മീനാക്ഷിയും രാജാ ചൌധരിയും ഒരു ബസ്സില്‍ ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടക്ക് ഉണ്ടാവുന്ന വര്‍ഗ്ഗീയ കലാപംഅവരുടെ ജിവിതത്തില്‍ സൃഷ്ടിക്കുന്നപ്രതിസന്ധിയാണ് ചിത്രത്തിന്റെപ്രമേ യം. വര്‍ഗ്ഗീയ കലാപത്തില്‍ നിന്ന് രാജയെ രക്ഷിക്കാന്‍ ദമ്പതിമാരായിഅഭിനയിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. മറ്റു യാത്രക്കാരും അങ്ങനെ കരുതുന്നു.
മിസ്സിസ്&മിസ്റ്റര്‍ അയ്യര്‍ 2009 ജൂണ്‍ 26 കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു

Sunday, 5 July 2009

സാംസ്ക്കാരികോത്സവം സമാപിച്ചു

'കാണി'യുടെയും സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്നു വന്ന സാംസ്ക്കാരികോത്സവത്തിനു സമാപനമായി. ജൂണ്‍ 26 ന് കാലത്ത് ആലംകോട് ലീലാകൃഷ്ണന്‍ ചിത്ര കലാപഠന ക്യാമ്പും ഫോട്ടോചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. ചിത്രകലാപഠനക്യാമ്പില്‍ വി.ഗണപതി മാസ്റ്റര്‍, കെ.യു.കൃഷ്ണ കുമാര്‍(പ്രിന്‍സിപ്പല്‍, ചുവര്‍ ചിത്രകലാ പഠന കേന്ദ്രം, ഗുരുവായൂര്‍) എന്നിവര്‍പങ്കെടു ത്തു. (കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)വൈകുന്നേരം നടന്ന പൊതുസമ്മേളനം ഡോ: സുകു മാര്‍ അഴീക്കോട് ഉദ്ഘാടനംചെയ്തു. കെ.പി.മോഹനന്‍(ഏഷ്യാനെറ്റ്) വി.ശാന്താറാം .ഐ.പി.എസ് എന്നിവര്‍ സംസാരിച്ചു. സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ രതീഷ്.സി.നായര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശ്രീ. കുമാര്‍ എടപ്പാളിനുള്ള ‘കാണി‘യുടെ ഉപഹാരം രതീഷ്.സി.നായര്‍ സമാനിച്ചു. തുടര്‍ന്ന് ഹരി ആലംകോടും മുജീബ് റഹ് മാനും ചേര്‍ന്നവതരിപ്പി ച്ച സന്തൂര്‍ സംഗീതം അരങ്ങേറി.(കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)
ജൂണ്‍ 27 ന് ചിത്ര പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും നടന്നു. വൈകുന്നേ രം നടന്നഓപ്പണ്‍ ഫോറത്തില്‍ പി.എം.കൃഷ്ണകുമാര്‍, ഷാനവാസ് നരണിപ്പുഴ, അച്ചുതാ നന്ദന്‍ഉണ്ണികൃഷ്ണന്‍, സഹദേവന്‍, രാജന്‍, രാജഗോപാല മേനോന്‍, മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 28 ന് കാലത്ത് ചിത്രപ്രദര്‍ശനവും ചലച്ചിത്രപ്രദര്‍ശനവും നടന്നു. ഉച്ചക്കു ശേഷം 2.30 ന് പുസ്തക പ്രകാശനത്തില്‍ വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം അക്കിത്തം പ്രകാശനംചെയ്തു. അഭിരാമി ഏറ്റുവാങ്ങി. ആലംകോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനായി.തുടര്‍ന്ന് ‘നമ്മുടെ കാലം,നമ്മുടെ കവിത’എന്ന പേരില്‍ കവിതാവായനയും കവിതാചര്‍ച്ചയും നടന്നു.(പുസ്തക പ്രകാശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)

Friday, 19 June 2009

റഷ്യന്‍ ചലച്ചിത്രോത്സവവും മറ്റും...

ഈ മാസത്തില്‍ വിപുലവും വ്യത്യസ്തവുമായ പരിപാടികളാണ് കാണിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുള്ളത്. സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്രകലാ ക്യാമ്പിനോടും പ്രദര്‍ശനത്തോടും അനുബന്ധിച്ച് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും സഹകരണത്തോടെ ജൂണ്‍ 27,28 തിയ്യതികളിലായി രണ്ട് ദിവസത്തെ റഷ്യന്‍ ചലച്ചിത്രോത്സവവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചിട്ടു ണ്ട്. ആന്ദ്രെ തര്‍ക്കൊവ്സ്കിയുടെ ചിത്രങ്ങളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്.
മറ്റൊരു പരിപാടി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ്. മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം വഹിക്കും.
പരിപാടികള്‍
രാ‍ജകീയ മംഗല്യ ഭവന്‍ ഓഡിറ്റോറിയം, തൃശ്ശൂര്‍ റോഡ്, ചങ്ങരംകുളം
ജൂണ്‍ 26 വെള്ളിയാഴ്ച
കാലത്ത്9.30മുതല്‍
ചിത്രകലാ പഠനകളരി, ചിത്ര രചനാ മത്സരം
വൈകുന്നേരം4.00മണി
പൊതു സമ്മേളനം, അവാര്‍ഡ് ദാനം, അനുമോദനം(വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ കുമാര്‍ എടപ്പാളിനും നൈറ്റ് ഹുഡ് ബഹുമതി നേടിയ കെ.വി.കൃഷ്ണനും)
ഉദ്ഘാടനം:സുകുമാര്‍ അഴീക്കോട്
പങ്കെടുക്കുന്നവര്‍:ഭരത് മുരളി,പ്രിയനന്ദനന്‍,വി.ശാന്താറാം,ഐ.പി.എസ്,രതീഷ്.സി.നായര്‍ ...
വൈകുന്നേരം7.00മണി
സിനര്‍ജി വിശ്രാന്തി- ഹിന്ദുസ്ഥാനി സംഗീതം.
സന്തൂര്‍:ഹരി ആലങ്കോട്,തബല:മുജീബ് റഹ്‌മാന്‍


ജൂണ്‍ 27 ശനിയാഴ്ച്ച
ചിത്ര പ്രദര്‍ശനം(സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍)(കാലത്ത് 9.30 മുതല്‍ വൈകീട്ട് 5.30 വരെ)
റഷ്യന്‍ ചലച്ചിത്രോത്സവം(റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഫിലിം സൊസൈറ്റി ഫെഡറെഷന്‍ എന്നിവയുടെ സഹകരണത്തോടെ)
കാലത്ത് 9.30 :ഇവാന്‍സ് ചൈല്‍ഡ് ഹുഡ് (സംവിധാനം:ആന്ദ്രെ തര്‍ക്കോവ്സ്കി)
11.30 : ഒളിച്ചുകളി (സംവിധാനം: വികാസ്.വി.എന്‍)
ഉച്ചക്ക് 12.00 :
ഗേള്‍ വിത്ത് എ പേള്‍ ഇയര്‍ റിങ്ങ്
(സംവിധാനം : പീറ്റര്‍ വെബ്ബര്‍)
2.30 : രണ്ട് (സംവിധാനം : സുദേവന്‍ പെരിങ്ങോട്)


വൈകുന്നേരം 3.00 :
മിറര്‍
(സംവിധാനം : ആന്ദ്രെ തര്‍ക്കൊവ്സ്കി)

4.00 : 90 സെന്റിമീറ്റര്‍ (സംവിധാനം : ഷാനവാസ് നരണിപ്പുഴ)
4.30 : കാഴച്ചപ്പാടം (സംവിധാനം : പി.പി.സലിം)
വൈകുന്നേരം 6.00 : തലപ്പാവ് (സംവിധാനം: മധുപാല്‍)
ജൂണ്‍ 28 ഞായറാഴ്ച്ച
ചിത്രപ്രദര്‍ശനം(കാലത്ത് 9.30 മുതല്‍ വൈകീട്ട് 5.30 വരെ)
സിനിമാ പ്രദര്‍ശനം
കാലത്ത് 9.30 : അരുന്ധതി പറയുന്നത് (ലഘു ചിത്രം)
10.00 : സാക്രിഫൈസ്( സംവിധാനം : ആന്ദ്രെ തര്‍ക്കൊവ്സ്കി)
ഉച്ചക്ക് 2.30 പുസ്തക പ്രകാശനം
(വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം)
പ്രകാശനം നിര്‍വ്വഹിക്കുന്നത് : മഹാകവി അക്കിത്തം
ഏറ്റുവാങ്ങുന്നത്:അഭിരാമി
തുടര്‍ന്ന്
നമ്മുടെ കാലം, നമ്മുടെ കവിത(കവിതാവായന,വര്‍ത്തമാനം)

പങ്കെടുക്കുന്നവര്‍: ആലങ്കോട് ലീലകൃഷ്ണന്‍, കെ.ജെ.ജോണീ,പി.പി.രാമചന്ദ്രന്‍, ഡോ:ചാത്തനാത്ത് അച്യുതനുണ്ണി,കെ.വി.രാമകൃഷ്ണന്‍,ഡോ:എന്‍.എം.നമ്പൂതിരി, എം.എം.നാരായണന്‍,പി.സുരേന്ദ്രന്‍,റഫീക് അഹമ്മദ്,വി.ജി.തമ്പി,രാമന്‍.പി,അന്‍‌വര്‍ അലി,കെ.കെ ഹിരണ്യന്‍,മണമ്പൂര്‍ രാജന്‍ ബാബു....

വയനാട്ടിലെമഴയെപ്പറ്റി കൂടുതല്‍ ഇവിടെ

Tuesday, 9 June 2009

കമല സുരയ്യ എന്നപലമ

കമലസുരയ്യയെ എങ്ങനെ യാകും ഇനിയുള്ള കാലം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്? ദേശകാലങ്ങ ളിലൂടെപുന്നയൂര്‍ക്കുള ത്തുനിന്നു തുടങ്ങി, കല്‍ക്കട്ടയും ബോംബെയും പലവട്ടം കേരളവുമായി ഓടിത്തീര്‍ത്ത ജീവിതമെന്നോ ആമി, കമല, കമലാദാസ്, മാധവിക്കുട്ടി, കമല സുരയ്യ എന്നിങ്ങനെ പല പേരുകളിലൂടെ ആടിത്തീര്‍ത്ത അധ്യായമെന്നോ, രണ്ട് മതങ്ങള്‍ക്കിടയിലും പിന്നെപല മതങ്ങള്‍ക്കിടയിലും ആന്ദോളനമായി ആത്മീയതക്കപ്പുറം ഭൌതികതയെ തേടിയ ശരീരമെന്നോ, അറിയാവുന്ന വളരെക്കുറച്ച് വാക്കുകള്‍ കൊണ്ട് അതിവിശാലമായ ഒരാശയ പ്രവര്‍ത്തനം സൃഷ്ടിച്ച എഴുത്തുകാരിയെന്നോ........
മാധവിക്കുട്ടി പല പേരില്‍ നിറഞ്ഞിരിക്കുന്നത് പോലെ , പല നാട്ടുകാരിയായിരിക്കുന്നത് പോലെ, പല മതക്കാരി യായിരിക്കുന്നത് പോലെ, എഴുത്തിലും പലതായിരുന്നു. കഥയും കവിതയും നോവലും ആത്മകഥയും ഒരേ പോലെ എഴുതി. ആത്മകഥയെ കഥയും, കഥയെ ആത്മകഥയുമാക്കി. സാധാരണമട്ടില്‍ വലിയ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. വളരെ വലിയൊരു ‘പലമ’യായിരുന്നു അവര്‍. മരണാനന്തരം, കേരളം അവര്‍ക്കു നല്‍കിയ ആദരവും ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായി. തന്നോടുള്ള കേരള ജനതയുടെ നിലപാടില്‍ പ്രതിഷേധിച്ച് പൂനെയിലേക്കു പോയ അവരോടുള്ള പ്രായശ്ചിത്തം കൂടിയായി കേരളീയരുടെ ഈ മനം മാറ്റം. മൂന്നു ദിവസം തുടര്‍ച്ചയായി ചാനലുകള്‍ അവരുടെ അഭിമുഖ സംഭാഷണവും മരണാനന്തര ചടങ്ങുകളും പ്രക്ഷേപണം ചെയ്തു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള അവരുടെ മരണാനന്തര യാത്രക്ക് എത്തിച്ചേര്‍ന്ന വലിയ ജനാവലിയുടെ സാന്നിദ്ധ്യം അത്ഭുതകരമെന്നേ പറയാവൂ. ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ കേരളത്തില്‍ ലഭിച്ച ഏറ്റവും മികച്ച ആദരവായിരുന്നുഅത്. ഏതെങ്കിലും സ്ത്രീക്ക് കേരളത്തില്‍ ഇതിലും വലിയ മരണാനന്തര ബഹുമതി ഇതിനു മുന്‍പ് ലഭിച്ചിട്ടില്ല. പൂനെയില്‍ നിന്നു മൃതശരീരം കേരളത്തിലെത്തി ക്കാനും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ പൊതുദര്‍ശനത്തിനു വെക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച സന്നദ്ധതയും ആര്‍ജ്ജവവും അഭിനന്ദനാര്‍ഹം തന്നെ.
‘കാണി‘യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 7നു വൈകുന്നേരം കമലാ സുരയ്യയെ അനുസ്മരിക്കുകയുണ്ടായി. കമലാ സുരയ്യയുടെ ജീവിതവും കൃതികളും വിലയിരുത്തിക്കൊണ്ട് ആലംകോട് ലീലാകൃഷ്ണന്‍ സംസാരിച്ചു. മതേതരത്വ ത്തിന്റെ ചിഹ്നങ്ങളിലൊന്നായി കമലാ സുരയ്യ നിലനില്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിക്കു സമാനമായ ചരിത്ര പ്രദേശമായി പാളയം പള്ളിയും മതേതര പ്രതീകമായി ഭാവിയില്‍ അറിയ പ്പെടാനിടയാകുമെന്നും ലീലാകൃഷ്ണന്‍ പറഞ്ഞു. എം.സി.രാജനാരായണന്‍, പി.രാജഗോപാല മേനോന്‍, വാസുദേവന്‍ അടാട്ട്, പി.പി.ഉമ്മര്‍ കുട്ടി, സി.എസ്.സോമന്‍ എന്നിവരും പങ്കെടുത്തു.
മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
സോഹന്‍ലാല്‍ ജനനം : നവംബര്‍ 14,1976 .ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ,വെബ്ഡിസൈനിംഗില്‍ പി.ജി ഡിപ്ലോമ .ടി.വി പ്രോഗ്രാം നിര്‍മാണത്തില്‍ 15 വര്ഷത്തെ പ്രവൃത്തി പരിചയം .ഇന്ത്യവിഷന്‍ ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ,ജീവന്‍ ടി.വി,അമൃത ടി.വി എന്നീ ചാനലുകളില്‍ ഉദ്യോഗസ്ഥനായിരുന്നു .മാധവിക്കുട്ടിയുടെ കഥ ആസ്പദമാക്കി സംവിധാനം ചെയ്ത "നീര്‍മാതളത്തിന്റെ പൂക്കള്‍ "എന്ന ടെലിഫിലിം അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്ഡുകള്‍ക്ക് അര്‍ഹമായി.സോഹന്‍ലാല്‍ എഴുതി സംവിധാനം ചെയ്ത "ഓര്ക്കുക വല്ലപ്പോഴും " എന്ന ചലച്ചിത്രം 2009 ജനുവരി മാസം കേരളത്തിലെ തീയറ്ററുകളിലെത്തി .ഭാര്യ : അമൃത സോഹന്‍ , മകള്‍ : ആമി വിലാസം :GNA177,Gandhinagar ,Vazhuthacadu ,TVM-14,Kerala,Indiamobile : +919847055525e-mail : festival@sohanlal.comwebsite : www.sohanlal.com

Wednesday, 3 June 2009

ഫിലിം സൊസൈറ്റി പ്രസ്ഥാനം അതിജീവിക്കുമോ?

ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി അവയുടെതുമാത്രമല്ലെന്നും, എല്ലാ സാമൂഹ്യ സാംസ്ക്കാരിക മുന്നേറ്റ ങ്ങള്‍ക്കും ഇതിനു സമാനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെ ന്നും‘കാണി‘യുടെ ആഭിമുഖ്യത്തില്‍ നടന്ന “ഫിലിം സൊസൈറ്റി പ്രസ്ഥാനം പോയ കാലവും വരും കാലവും” എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഫിലിം സൊസൈറ്റികളുടെ കാര്യത്തില്‍ സിനിമയും സാങ്കേതികവിദ്യയുമാ യി ബന്ധപ്പെട്ട കാര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ കൂടി നേരിടേണ്ടി വരുന്നുണ്ട്. ആലംകോട് ലീലാകൃഷ്ണനാണ് സെമിനാറിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചത്. കെ.ജി.മോഹന്‍കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, ചെറിയാന്‍ ജോസഫ്, മധു ജനാര്‍ദ്ദനന്‍, സ്ക്കറിയാ മാത്യൂ, പി.സുന്ദരരാജന്‍, പി.സി.ജോസ്, ചന്ദ്രശേഖ രന്‍, ശശികുമാര്‍, കെ.കെ.ബാലന്‍, പ്രകാശന്‍.കെ.വി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കൂടിയായ കെ.ജി.മോഹന്‍കുമാര്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടു ത്തി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി സൊസൈറ്റികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നുണ്ട്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതും നടത്തിക്കഴിഞ്ഞതുമായ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം രേഖപ്പെടുത്താതെ പോകുന്നുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ഇത്തരം അനൌദ്യോഗിക ഫിലിം സൊസൈറ്റികളുടെ ചരിത്രം കൂടിയാണ് എന്ന വാസ്തവം മറന്നു കൂടാ. ശ്രീ ചെലവൂര്‍ വേണു നാല്പതിലേറെ വര്‍ഷങ്ങളായി കോഴിക്കോട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അശ്വനി ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയാണ്. തന്റെ ദീര്‍ഘകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പോയ കാലത്തെ കുറിച്ച് സംസാരിച്ചത്. 16 MM പ്രൊജക്ടറുകള്‍ ഉപയോഗിച്ചുള്ള അക്കാലത്തെ പ്രദര്‍ശനത്തില്‍ അനുഭ വപ്പെട്ട ദുഷ്ക്കരതകള്‍ അദ്ദേഹം ഒന്നൊന്നായി വിവരിച്ചത് ഈ രംഗത്തെ നവാഗതര്‍ക്ക് പുതിയ അനുഭവമായി. അനുഭവ തീക്ഷ്ണതയിലൂന്നി നിന്നു കൊണ്ടു തന്നെയാണ് രശ്മി ഫിലിം സൊസൈറ്റി സെക്രട്ടറി കൂടിയായ പ്രകാശ് ശ്രീധര്‍ സംസാരിച്ചത്. 35 വര്‍ഷക്കാലമായി മലപ്പുറത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന “രശ്മി”യും, ഒട്ടേറെ ദുഷ്ക്കര പാതകളില്‍ കൂടിത്തന്നെയാണ് ഇത്ര കാലവും സഞ്ചരിച്ചത്. ഫിലിം സൊസൈറ്റികളുടെ പോയ കാലം സംസാരിച്ചു തീര്‍ക്കാന്‍ എളുപ്പമാണെങ്കിലും അതിന്റെ കാഠിന്യംവളരെയേറെയായി രിക്കും. രശ്മി ഫിലിം സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനും ‌‌‌‌‌‌ആക്ടിവിസ്റ്റുമായ പി.സുന്ദരരാജന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സ്ഥാപനവല്‍ക്കരണത്തെ തുറന്നെതിര്‍ക്കാന്‍ മടി കാണിച്ചില്ല. ഫിലിം സൊസൈറ്റി പ്രസ്ഥാനം മൊത്തത്തില്‍ ജനങ്ങളില്‍ നിന്നകലുകയും, അവരുടെ താല്പര്യങ്ങളും മുന്‍ഗണനകളും മുഖ്യധാരാ സിനിമകള്‍ക്കനുകൂലമാവുകയും ചെയ്തതാണ്, സൊസൈറ്റികളുടെ അപചയ ത്തിന്റെ പ്രധാന കാരണം. ഫിലിം സൊസൈറ്റികള്‍ അധികാര രാഷ്ട്രീയത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നതും മറ്റൊരു കാരണമാണ്. ഒഡേസ, നവചിത്ര (കുന്ദംകുളം) എന്നിവയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ വിവരണ മാണ് സ്ക്കറിയാ മാത്യൂ നടത്തിയത്. എണ്‍പതുകളിലെ ഫിലിം സൊസൈറ്റികള്‍ക്ക് അടച്ചു പൂട്ടിയ ഘടന യായിരുന്നു. ഒരു പ്രത്യേക വിഭാഗം ബുദ്ധിജീവികള്‍ മാത്രമാണ് അത്തരം സിനിമകള്‍ കാണാനെത്തിയിരുന്നത്. ഒഡേസ പ്രസ്ഥാനമാണ് ഈ ഘടനയില്‍ നിന്ന് ഫിലിം പ്രദര്‍ശനങ്ങളെ പുറത്തു കൊണ്ടു വന്നത്. ഫിലിം സൊസൈറ്റി രംഗത്തെയും ജനകീയ സംരംഭമായിരുന്നു ഒഡേസ. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ സ്വയം നവീകരിക്കാതെ ഗൃഹാതുരതയില്‍ മുഴുകിക്കഴിയുകയാണെങ്കില്‍ ഈ പ്രസ്ഥാനം മുന്നോട്ടു പോവുകയില്ലെന്ന കാഴ്ച്ചപ്പാടാണ് മധു ജനാര്‍ദ്ദനന്‍ (മൊണ്ടാഷ്) അവതരിപ്പിച്ചത്. പഴയ ക്ലാസ്സിക്കുകള്‍ ഇനിയും ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയുടെ അഭിരുചികള്‍ അത്രയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തി ലെ ഫിലിം സൊസൈറ്റികളുടെ തുടക്ക കാലത്ത് പ്രദര്‍ശനങ്ങള്‍ക്കായി ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലും മറ്റും സൊസൈറ്റികള്‍ക്ക് വലിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. “സ്വയംവരം” എന്ന ചിത്രത്തെ ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച സൊസൈറ്റികള്‍ “ഓളവും തീരവും” എന്ന ചിത്രത്തെ ഗൌനിച്ചതേ ഇല്ല. ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന് തളര്‍ച്ച സംഭവിക്കുന്നത് ടെലിവിഷന്‍ വ്യാപകമായതോടെയാണ്. സിനിമകളുടെ DVD കോപ്പി കള്‍ വ്യാപകമാവാന്‍ തുടങ്ങി. രാഷ്ട്രീയമായ ഉള്ളടക്കം ഇല്ലാതെ ഫിലിം സൊസൈറ്റികള്‍ക്ക് ഇനിയും മുന്നോട്ട് പോകാനാവില്ല. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം ചിത്രലേഖയിലാരംഭിക്കുന്നു എന്ന കാഴ്ച്ചപ്പാട് തിരുത്തപ്പെടേണ്ടതാണെന്ന അഭിപ്രായമാണ് ചെറിയാന്‍ ജോസഫ് (തൃശൂര്‍ ചലച്ചിത്ര കേന്ദ്രം) പകടിപ്പിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ മുന്‍കയ്യി ലാണ് ചിത്രലേഖ ആരംഭിക്കുന്നത്. അതിനു ഒരു പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആശയപരമായ പിന്‍ബലമൊന്നും ഇല്ലായിരുന്നു. അതിനു മുമ്പും കേരളത്തില്‍ ഫിലിം സൊസൈറ്റികളുണ്ടായിരുന്നു. ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. ചിത്രലേഖയുടെ ആരംഭം ആസ്വാദനത്തില്‍ ഗുണപരമായ ഒരു വ്യതിയാനമുണ്ടാക്കി എന്നത് വസ്തുതയാണ്. വാസ്തവത്തില്‍കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഉത്തേജിപ്പിച്ചത് കന്നട നവതരംഗ സിനിമ കളില്‍ നിന്നുള്ള ഊര്‍ജ്ജമായിരുന്നു. കേരളത്തിലെ ആദ്യകാല ഫിലിം സൊസൈറ്റികളില്‍ മറക്കാനാവാത്ത പേരുകളിലൊന്നായ കാസര്‍കോട്ഫിലിം സൊസൈറ്റിയുടെയും മലബാറിലെ മറ്റ് നിരവധി ഫിലിം സൊസൈറ്റികളു ടെയും പ്രദര്‍ശനങ്ങളില്‍ കന്നട സിനിമകളായ സംസ്ക്കാര, കാട്,ചോമനദുഡി എന്നീ ചിത്രങ്ങളുമുണ്ടായിരുന്നു. 1970 കളുടെ തുടക്കത്തിലാണ് ഇത് സംഭവിക്കുന്നത്. കന്നട നവതരംഗ സിനിമയുടെ അടിസ്ഥാനമായി വര്‍ത്തിച്ചത് കര്‍ണ്ണാടകയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. ഒന്നോ രണ്ടോ വ്യക്തികള്‍ പടുത്തുയര്‍ത്തിയതാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്ന ധാരണ ശരിയല്ല. സാമൂഹ്യ മാറ്റങ്ങളാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും സജീവമായിനിര്‍ത്തി യത്. ഒഡേസ പോലുള്ള പ്രസ്ഥാനങ്ങള്‍ ജനകീയ സിനിമാ സങ്കല്പങ്ങളുടെ വേറിട്ട മാതൃക തന്നെയാണ്. ഇത്തരം വേറിട്ട ചലനങ്ങളേയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഫെഡറേഷന്കഴിയേണ്ടതു ണ്ട്.
ചങ്ങ രംകുളം കൃഷ്ണ മൂവീസ് ഉടമയും നൈറ്റ് ഹുഡ് ഡോക്ടറേറ്റ് ബഹുമതികള്‍ക്കര്‍ഹനുമായ ശ്രീ.കെ.വി.കൃഷ്ണനെയും അശ്വനി ഫിലിം സൊസൈറ്റി, രശ്മി ഫിലിം സൊസൈറ്റി എന്നിവയെയും ഉപഹാ രങ്ങള്‍ നല്‍കി ആദരിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളുടെ ഒരു സംഗ്രഹീത ദൃശ്യാവിഷ്ക്കാ‍രം എന്നു വിശേഷിപ്പിക്കാവുന്ന 16 MM movements and a machine (കെ.ആര്‍.മനോജ്)എന്ന ചിത്രത്തിന്റെ പ്രദര്‍ശനം പരിപാടികളുടെ അര്‍ത്ഥവത്തായ സമാപനമായി.
സെമിനാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

Sunday, 24 May 2009

ശോഭന പരമേശ്വരന്‍ നായര്‍


ശോഭന പരമേശ്വരന്‍ നായര്‍ സംവിധായകനോ സിനിമയുടെ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിച്ച ആളോ ആയിരുന്നില്ല. സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമാ രംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നിര്‍മ്മാതാവായി മാറുകയായിരുന്നു. വെറും നിര്‍മ്മാതാവായിരുന്നില്ല. മികച്ച ഏതാനും ചിത്രങ്ങളുടെ നിര്‍മ്മാതാവ് എന്നതാണ് അദ്ദേഹത്തിന്റെ ഖ്യാതി. സിനിമാ രംഗത്ത് അങ്ങനെയും ചിലരുണ്ട്. സംവിധായകനായില്ലെങ്കില്‍ കൂടി സിനിമകള്‍ അവരുടെ പേരിലറിയപ്പെടും. അങ്ങനെ ഒരാളായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍.മെയ് 20ന് എണ്‍പത്തിമൂന്നാം വയസില്‍ തൃശൂരില്‍ വെച്ച്അദ്ദേഹം അന്തരിക്കുമ്പോള്‍ ഓര്‍മ്മയില്‍ അവശേഷിപ്പിച്ചു പോകുന്നത് ഇതൊക്കെയായിരിക്കും. ചിറയില്‍ കീഴില്‍ ജനിച്ച പരമേശ്വരന്‍ നായര്‍ 1951ല്‍ തൃശൂരില്‍ “ശോഭന” സ്റ്റുഡിയോ ആരംഭിക്കുന്നതോടെയാണ് ശോഭന പരമേശ്വരന്‍ നായര്‍ ആയി മാറുന്നത്. ഈ നാമം തുടര്‍ന്നുള്ള കാലമത്രയും അദ്ദേഹത്തോടൊപ്പം ഉണ്ടായി. തൃശൂരും രാമു കാരാട്ടുമായുള്ള സൌഹൃദമാണ് അദ്ദേഹത്തെ സിനിമാ രംഗത്തെത്തിച്ചത്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, മുറപ്പെണ്ണ്, കൊച്ചു തെമ്മാടി, അഭയം, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, പൂജക്കെടുക്കാത്ത പൂക്കള്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി തുടങ്ങി അദ്ദേഹം നിര്‍മ്മാതാവായ ചിത്രങ്ങളേറെയും മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ട സ്ഥാനമുള്ളവയാണ്. ശോഭന സ്റ്റുഡിയോ മലയാളത്തിലെ മുന്‍ നിര എഴുത്തുകാരുടെ സംഗമ സ്ഥലം കൂടിയായിരുന്നു. എം.ടി, ബഷീര്‍, തകഴി, പൊറ്റേക്കാട്, ഉറൂബ് തുടങ്ങിയവരെല്ലാം അവിടെ എത്തുമായിരുന്നു. ഈ ചങ്ങാത്തമാണ് അദ്ദേഹത്തെ എഴുത്തിന്റെആഴവും പരപ്പും സിനിമയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. മലയാളത്തിലെ ആദ്യത്തെ മികച്ച സിനിമാ അനുഭവമായ ‘നീലക്കുയിലി‘ല്‍ പരമേശ്വരന്‍ നായര്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി. പാറപ്പുത്ത്, എം.ടി, ജി.വിവേകാനന്ദന്‍ തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ സിനിമയാക്കി. എഴുത്തുകാരനായി മാത്രം തുടരാന്‍ താല്പര്യമുണ്ടായിരുന്ന എം.ടി യെ സിനിമയിലേക്കെത്തിച്ചതും “ശോഭന“യായിരുന്നു.
ഇന്ന് നമ്മള്‍ പകര്‍പ്പവകാശമോ തുടക്കക്കാരനെയോ ഓര്‍ക്കുന്നുണ്ടാവില്ലെങ്കിലും വളരെ വ്യാപകമായിക്കഴിഞ്ഞ പലരീതികളുടേയും ആരംഭത്തിനു പിന്നില്‍ ആരുടെയെങ്കിലും സമര്‍പ്പിത ചേതസ്സോ, അധ്വാനമോ ഒക്കെ ഉണ്ടാകും. ഭാരതപ്പുഴയുടെ പരിസരം ഇന്നു മിക്ക മലയാള സിനിമകളുടെയും ലൊക്കേഷനാണ്. എന്നാല്‍ ഇതിന് തുടക്കം കുറിച്ചത് ശോഭന പരമേശ്വരന്‍ നായരാണെന്ന് ഇന്ന് ആരോര്‍ക്കുന്നുണ്ടാകും? എം.ടി യുടെ കഥയിലൂടെയാണ് (മുറപ്പെണ്ണ്) ഭാരതപ്പുഴയും പരിസരവും മലയാള സിനിമയുടെ പശ്ചാത്തലം മാത്രമല്ല കഥാപാത്രം തന്നെയാവുന്നത്. അതോടൊപ്പം മറ്റൊന്നുകൂടി മലയാള സിനിമയില്‍ സംഭവിച്ചു. “വള്ളുവനാടന്‍ ഭാഷ“എന്ന് സാമാന്യമായി വ്യവഹരിക്കവുന്ന ഒരു സംസാര രീതിയുടെ തുടക്കവും ഇവിടെ നിന്നാണ്. ഈ ഭാഷാ രീതി പിന്നീട് മലയാള സിനിമയില്‍ വ്യാപകമായി. ദേശ കാല പരിഗണനകളില്ലാതെ അത് ഉപയോഗിക്കപ്പെട്ടു.കഥയുടെ രംഗത്ത് മാത്രമല്ല, മലയാള സിനിമയില്‍ വലിയ എഴുത്തുകാര്‍പരമേശ്വരന്‍ നായരിലൂടെ വെളിപ്പെട്ടത്. സംവിധാനം(പി.ഭാസ്ക്കരന്‍, എം.ടി, വിന്‍സന്റ്, രാമു കാര്യാട്ട്, ശങ്കരന്‍ നായര്‍) സംഗീതം(വയലാര്‍, ബാബുരാജ്, പി.ഭാസ്ക്കരന്‍, കെ.രാഘവന്‍, ദേവരാജന്‍) തുടങ്ങിയ വിഭാഗങ്ങളിലെ ഓര്‍മ്മിക്കപ്പെടുന്ന സാന്നിധ്യ ങ്ങള്‍ക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. ‘അഭയം‘ എന്ന ചിത്രത്തിലൂടെ ജി.ശങ്കരക്കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകള്‍ (ശ്രാന്ത മംബരം, പാവം മാനവ ഹൃദയം) സിനിമയില്‍ പുതിയ ഈണങ്ങളായി. ‘നഗരമേ നന്ദി‘യിലെ ”മഞ്ഞണിപ്പൂനിലാവ്” എന്ന ഒറ്റ ഗാനം മതി ആ സ്മരണ അനശ്വരമാക്കുവാന്‍. പി.ഭാസ്ക്കരന്റെ രചനയിലൂടെമുഴുവന്‍ കാല്പനിക സൌന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ആ ഗാനത്തില്‍ പേരാറും, ദേശത്തനിമയുംഉടല്‍ പൂണ്ടുനില്‍ക്കുന്നുണ്ട്.“നഗരം നഗരം മഹാ സാഗര“മാണ് മറ്റൊരു ഗാനം. കാല്പനികതയില്‍ നിന്ന് യാഥാതഥ്യത്തിലേക്കുള്ള ഒരു വഴി അതില്‍ തെളിഞ്ഞു കാണാം.‘കള്ളിച്ചെല്ലമ്മ’യിലെ “കരിമുകില്‍ കാട്ടിലെ“, “മാനത്തെ കായലിന്‍” എന്നീ ഗാനങ്ങള്‍ ആരെങ്കിലുംമറക്കുമോ?നിരവധി ഗാനങ്ങളിലൂടെയും തന്നെഓര്‍മ്മിക്കാനുള്ള അവസരം ഒരുക്കിയിട്ടാണ് അദ്ദേഹം കടന്നുപോയത്.സിനിമാ സംവിധായകന്റെ കലയായിരിക്കേത്തന്നെ നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയുടെ സകല മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച ഒരാളായി ശോഭന പരമേശ്വരന്‍ നായരെ ഇന്ന് നമുക്ക് വിലയിരുത്താനകുന്നുണ്ടെങ്കില്‍ അത് സിനിമാ ബാഹ്യമായകാരണങ്ങള്‍ കൊണ്ടല്ല. മലയാളിയുടെ ഓര്‍മ്മകളിലവശേഷിപ്പിച്ച ചില മുഹൂര്‍ത്തങ്ങള്‍ക്കും സംസ്ക്കാര വിശേഷങ്ങള്‍ക്കും ആദ്യകാരണമായി മാറാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.

Friday, 15 May 2009

ഫിലിം സൊസൈറ്റി പ്രസ്ഥാനം-പോയകാലവും വരുംകാലവും.


ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 50 വര്‍ഷങ്ങള്‍
ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ആരംഭിച്ചിട്ട് 50 വര്‍ഷം തികയുകയാണ്. 1959 ഡിസംബര്‍ 13 നാണ് ഫിലിം സൊസൈറ്റി ഫെഡറേഷന്‍ രൂപീകൃതമാവുന്നത്. സത്യജിത് റേ, ചിദാനന്ദ ദാസ് ഗുപ്ത, ശ്രീമതി വിജയമുലെ, അമ്മു സ്വാമിനാഥന്‍, റോബര്‍ട്ട് ഹാക്കിന്‍സ്, അബ്ദുള്‍ ഹസന്‍, എ.റോയ് ചൌധരി എന്നിവരായിരുന്നു സ്ഥാപക അംഗങ്ങള്‍.സത്യജിത് റേ ആയിരുന്നു സ്ഥാപക പ്രസിഡന്റ്. കേരളത്തില്‍ 1960 കളിലാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം ആരംഭിക്കുന്നത്. പരീക്ഷണാത്മകം, സമാന്തരം എന്നിങ്ങനെ വിവിധ പേരുകളാല്‍ വിളിക്കപ്പെട്ട സിനിമാ സങ്കല്‍പ്പങ്ങളുടെ പ്രചാരണം ശക്തമായി ഏറ്റെടുക്കുന്നത് ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെയും കുളത്തൂര്‍ ഭാസ്കരന്‍ നായരുടെയും നേതൃത്വത്തില്‍ തീരുവനന്തപുരത്ത് 1965 ല്‍ തുടക്കം കുറിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി. ചിത്രലേഖ തുടര്‍ന്ന് സിനിമാ നിര്‍മ്മാണത്തിലേക്കും പ്രവേശിക്കുകയുണ്ടായി. സ്വന്തമായി സ്റ്റുഡിയോയും സ്ഥാപിച്ചു. എന്നാല്‍ ഇതിനു മുമ്പ് 1955ല്‍, തൃശൂര്‍ കേന്ദ്രമായി ‘തൃശൂര്‍ ഫിലിം ക്ലബ്ബ്’ ‘രൂപീകരിക്കാന്‍ ശ്രമം നടക്കുകയുണ്ടായി. എഴുപതുകളിലെ ഇന്ത്യയിലെയും ലോകത്തിലെയും രാഷ്ട്രീയ സാമൂഹ്യ പരിണാമങ്ങള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും ഒരുപാട് മുന്നോട്ട് കൊണ്ട്പോയി. മലയാളത്തില്‍ സാഹിത്യത്തിലെ ആധുനികതയുമായി ഒത്തു ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത മുന്നേറ്റത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കപ്പെട്ടു.നാല്പത് വര്‍ഷങ്ങളിലധികമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റികള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഇപ്പോഴും ഏറ്റവും കൂടുതല്‍ ഫിലിം സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. ജോണ്‍ എബ്രഹാം തുടക്കം കുറിച്ച ‘ഒഡേസ’ പ്രസ്ഥാനം ഇതില്‍ എടുത്തു പറയേണ്ടതാണ്. ജനകീയ സിനിമാ പ്രസ്ഥാനം എന്ന ആശയത്തിന് പ്രായോഗിക രൂപം നല്‍കുന്നതില്‍ ഒഡേസ വലിയ പങ്കാണ് നിര്‍വഹിച്ചത്. അശ്വനി ഫിലിം സൊസൈറ്റി(കോഴിക്കോട്) രശ്മി ഫിലിം സൊസൈറ്റി(മലപ്പുറം) എന്നിവ ഈ രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തനം നടത്തിയ സൊസൈറ്റികളാണ്. ചങ്ങരംകുളത്ത് എണ്‍പതുകളുടെ തുടക്കത്തില്‍ ഹ്രസ്വകാ‍ലം പ്രവര്‍ത്തിച്ച പൃഥ്യി ഫിലിം സൊസൈറ്റിയുടെ പാരമ്പര്യം കാണി ഫിലിം സൊസൈറ്റിക്ക് ഊര്‍ജ്ജദായകമായിട്ടുണ്ട്.
മെയ് 24 ഞായറാഴ്ച്ച ,ഉച്ചതിരിഞ്ഞ് 2 മണി
റഗുലേറ്റഡ് മാര്‍ക്കറ്റ്, ചങ്ങരംകുളം
'കാണി’ ജനറല്‍ ബോഡി,പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
വൈകുന്നേരം3 മണി
ഫിലിം സൊസൈറ്റി പ്രസ്ഥാനം -പോയകാലവും വരും കാലവും
ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്ന കൂട്ടായ്മയും ചര്‍ച്ചയും.(ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സഹകരണത്തോടെ)
പങ്കെടുക്കുന്നവര്‍:
ചെലവൂര്‍ വേണു, ആലിക്കോയ എ.വി. (അശ്വനി ഫിലിം സൊസൈറ്റി) / പ്രകാശ് ശ്രീധര്‍ (രശ്മി ഫിലിം സൊസൈറ്റി) / ഐ.ഷണ്മുഖദാസ് / ആലംകോട് ലീലാകൃഷ്ണന്‍ / എം.സി.രാജനാരായണന്‍ / ചെറിയാന്‍ ജോസഫ്, പി.എന്‍.ഗോപീകൃഷ്ണന്‍, മുഹമ്മദ് അറക്കല്‍ (തൃശൂര്‍ ചലച്ചിത്ര കേന്ദ്രം) / കെ.എല്‍.ജോസ് (ജനസംസ്ക്കാര, തൃശൂര്‍), അമ്മത്.സി (ഒഡേസ) / പി.പി.രാമചന്ദ്രന്‍ (ദൃശ്യ ഫിലിം സൊസൈറ്റി, വട്ടംകുളം) / മധു ജനാര്‍ദ്ദനന്‍ (മൊണ്ടാഷ്), റെജി എം.ദാമോദരന്‍ (ഡെക്കലോഗ്) / സ്ക്കറിയ മാത്യൂ, കെ.എസ്.വിജയന്‍, സി.സി.ജോണ്‍സണ്‍, ബെന്നി സാരഥി, ഗീവര്‍ഗ്ഗീസ് വി.സി, എം.എ.സെയ്തുമുഹമ്മദ് (നവചിത്ര, കുന്നംകുളം) / ഫാ:ബെന്നി ബെനഡിക്ട് (ചേതന, തൃശൂര്‍) / ച്ന്ദ്രശേഖരന്‍ (അല കോഴിക്കോട്) / ജോര്‍ജ്ജ് ജോണ്‍ (മീഡിയ സ്റ്റഡി സെന്റര്‍) / പാര്‍ത്ഥസാരഥി, സി.വി.ഡെനി (യുവജനസംഘം വായനശാല, കൊളത്തൂര്‍) / വേണു ഇടക്കഴിയൂര്‍ (ഋത്വിക് ഫിലിം സൊസൈറ്റി) / തോമസ് കെ.ജെ. (ബാങ്ക് മെന്‍സ് ഫിലിം സൊസൈറ്റി) / അരുണ്‍ കുമാര്‍ പി.പി. (വള്ളുവനാട് ഫിലിം സൊസൈറ്റി) / അജിത് എം.എസ്. (ഫ്രെയിം ഫിലിം സൊസൈറ്റി) / വിജയരാഘവന്‍, ബഷീര്‍ പി. (ജ്വാല ഫിലിം സൊസൈറ്റി) / മോഹന്‍ ദാസ് കെ.എ, റോഷന്‍ കേശവന്‍ (ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, ചാവക്കാട്) / അമല്‍ (ലെവ് കുളഷോവ് പഠനകേന്ദ്രം) / മണിലാല്‍ (സ്ക്രീന്‍ ഫിലിം സൊസൈറ്റി, വാടാനപ്പിള്ളി) / ടി.കെ.മുഹമ്മദ് ഫറൂഖ് (തിര(No.1)ഫിലിം സൊസൈറ്റി) / ഇക്‌ബാല്‍ (ഫോക്കസ് ഫിലിം സൊസൈറ്റി) / അജിത് (സ്പ്രൌട്ട് ഫിലിം സൊസൈറ്റി) / അശോക് കുമാര്‍ (നോട്ടം ഫിലിം സൊസൈറ്റി) / വി.വി.രാമകൃഷ്ണന്‍ (തിര(No.2)ഫിലിം സൊസൈറ്റി) / പ്രകാശന്‍ കെ.വി. (പൃഥ്വി ഫിലിം സൊസൈറ്റി) / ബാലന്‍.കെ.കെ (ക്രിയേറ്റീവ് ഫിലിം സൊസൈറ്റി) / പി.സുന്ദരരാജന്‍/ സി.ശരത്ചന്ദ്രന്‍/ സുരേഷ് ബാബു, കെ.ജി.മോഹന്‍ കുമാര്‍, പ്രസന്ന കുമാര്‍ (ഫിലിം സൊസൈറ്റി ഫെഡറേഷന്‍) / താരിഖ് മുഹമ്മദ്, രാജേഷ് ജെയിംസ് (ദേവഗിരി ഫിലിം ക്ലബ്ബ്) / ജോസ്(പൂഞ്ഞാര്‍ ഫിലിം സൊസൈറ്റി) / വി.പി.പ്രേമന്‍ (ഫാല്‍ക്കെ, വടകര) / ശശികുമാര്‍ (പെരുമ്പാവൂര്‍ ഫിലിം സൊസൈറ്റി) / പ്രസന്നകുമാര്‍ ടി.എന്‍ ,‍.ചന്ദ്രശേഖരന്‍ (നവചിത്ര, തൃശൂര്‍) / എം.ഗോപിനാഥ് (മെട്രോ ഫിലിം സൊസൈറ്റി) / സി.എസ്.ജയറാം, സുരേഷ് മരുതൂര്‍ (കൊച്ചിന്‍ ഫിലിം സൊസൈറ്റി) / കെന്‍ ഡേവിഡ് ,ജോണ്‍സണ്‍ (ചിത്രശാല അങ്കമാലി) / ഒ.അജയകുമാര്‍ (ഫിലിം ഫ്രെട്ടേണിറ്റി അങ്കമാലി) / അജയന്‍ (സ്വരലയ പാലക്കാട്)/.......
വൈകു. 6മണി : ചലച്ചിത്ര പ്രദര്‍ശനം
16mm
Memories, movements and a machine.
Doc/2007/40 min.Documentary / 2007/ Malayalam/ DV Cam /
Script, Direction : K.R.Manoj
Executive Producer : Ranjini Krishnan
Camera : Shehnad Jalal, Manu Balak Editing : Mahesh Narayanan, Babu Ratnam
Sound Design : Renjith Nair Music Design : A.S.Ajithkumar, Abhishek Bhattathiri
Models : Sreevasudeva Bhattathiri, S Suresh Babu
Production Design : Suresh Viswananthan Publicity Design : Priyaranjanlal
Graphics : Ajayan Kuyiloor, Girish Post Production : POSITIVE FRAMES, Thiruvananthapuram (video) EASTCOST DIGITAL, Thiruvananthapuram (audio)
Production : SCARFACE FILM SOCIETY, Thiruvananthapuram

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും 16എം.എം പ്രൊജക്ടര്‍ എന്ന ഒരു യന്ത്രവുമായുള്ള ബന്ധത്തിന്റെ ആവിഷ്ക്കരണം. ഒരു കാലത്ത് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആത്മാവായിരുന്നു ആ യന്ത്രം.. Memories of the 70’s bring with it memories about cinema. Those days, considered to be the highpoint of 'new wave' or 'art film' and film society movement in Keralam, one felt a sort of frisson nouveau in the air, a feeling of being at a turning point, as if something were about to happen. Film society movement introduced world cinema and the world of cinema to the public on a scale that was unimaginable and impossible earlier. It worked in the fissure between contemporary Malayalam cinema and world cinema, opened up a new world before the cineastes and helped create a new sensibility. The concerns, techniques and imaginary of both were worlds apart for the neophytes.
16mm tries to trace back the trajectory of film society movement in Keralam and its relationship with a machine – 16mm film projector. Now abandoned as an obsolete technology, 16mm projection was the soul and source of the movement that time and it still burrs on in the mind of a generation of cineastes. A journey through the images that try to capture the enigma of the cultural interface produced by a post independent cultural movement…
Festivals: 1. Montage film & video fest 2002. VIBGYOR 2008 3. International Video Festival of Kerala 20084. Osian’s-Cinefan,10th Festival of Asian and Arab Cinema 2008 5. Soorya Fest 20086.Swaralaya Film Fest 20087.IFFI (Indian Panorama)20088. Madurai Film Festival 2008
9. Bengalooru International Film Festival 2009
Awards:
1. Montage Movie Award 2008 (Best Documentary) 2. VIBGYOR Film Award 2008 (Best Documentary)3. Swaralaya Jury Award 200 4. Kerala State Award 2008 (Best Documentary &Best Director) 5. SOMS Documentary Award 2008 (Best Documentary)
DIRECTORS STATEMENT
16 mm - memories, movement and a machine

What differentiates history from memory? Once you are not ready to accept the binary of ‘objective’ history and ‘subjective’ memory, the definitions and dialogues suddenly become ambiguous and the contours blur .I would rather consider it as a crisis embedded within the process of experiencing/ filming history. Despite this risk factor, my project yet remains historical where the crisis has been intimately tied up with cinema and the problems that the cinematic apparatus poses for me as spectator and as a filmmaker.
My personal experience in different levels for the past two decades with the film society movement in Keralam -as a cineaste, film student, pamphlet maker, publication editor, organizer and film maker- has inspired me to document the experience. I have witnessed the swift shift of time, technology and people surrounding the movement. I remember dilapidated halls with ruined thatched roofs where light and darkness makes their own parallel stories in the midst of screenings .I have seen what television has done to the collective memory and viewing history. The technological shift from celluloid to digital is a tactile memory for me where the smooth DVDs replace tattered prints. In a sense the documentary, for me, is an attempt to think myself and make people think about the (hi)story of the visuals and sounds that surround us.
16 mm – Memories, Movement and a Machine is a journey at two levels: on the one are the first person narratives of those who were part of its history: film society organizers, activists, members, critics, filmmakers etc. On the other are images that try to capture the enigma of this cultural interface, a machine entering the lives of a generation of young people and changing their lives for ever ; the coming into being of a new kind of collective in the altar of cinema, something akin to spiritual groups who create and share certain esoteric symbols, rituals and ceremonies, and with their own gods and goddesses, the sheer experience of watching narratives from alien, faraway places or virtually 'reading' them through English subtitles.

Tuesday, 5 May 2009

പടിയന് ആദരാഞ്ജലികള്‍

മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ കൂടെ നില്‍ക്കാന്‍ ശ്രമിച്ചവരിലൊരാളാണ് അന്തരിച്ച പടിയന്(അഷ്‌റഫ് പടിയത്ത്)‍.‘ത്രാസം’എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് പല പരിമിതികളുമുണ്ടായിരുന്നെങ്കിലും ധീരമായ പരീക്ഷണത്തിന്റെഊര്‍ജ്ജം അതിന്റെ കൂടെയുണ്ടായിരുന്നു.ഇന്നത്തെ പ്രശസ്ത സംവിധായകന്‍ കമലാണ് ‘ത്രാസ’ത്തിന് തിരക്കഥയെഴുതിയത്.മരണഭയത്തെ പ്രധാനപ്രമേയമാക്കിയ ഈചിത്രത്തിന് ബെര്‍ഗ്‌മാന്റെ ‘സെവെന്ത്‌സീല്‍’എന്ന ചിത്രവുമായുള്ള ചാര്‍ച്ച അന്നേ ചര്‍ച്ചചെയ്യപ്പെട്ടതാണ്.എങ്കിലും ഗൌരവമായ നിരൂപണങ്ങള്‍ക്കൊന്നും ഈ ചിത്രം വിധേയമാവുകയുണ്ടായില്ല.രണ്ടാമതെ ചിത്രമായ ‘ഫണം’പുറത്തിറങ്ങുകയും ചെയ്തില്ല.തന്റെ സിനിമാ സംരംഭങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയതിന്റെ നിരാശ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വേണം കരുതാന്‍.അവസാനകാലത്ത് ഒരു ഒറ്റയാന്‍ ജീവിതമാണ് നയിച്ചിരുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.ഇതൊക്കെകൂടിയാവാം അദ്ദേഹത്തെ ആത്മഹത്യയിലേക്കെത്തിച്ചത്.
മലയാളത്തിലെ സമാന്തര സിനിമാ പരീക്ഷണങ്ങള്‍ക്ക് ഏറെ മുന്‍പേ നടന്ന ആ ഏകാന്തപഥികന് ആദരാഞജലികള്‍.

Friday, 1 May 2009

ഭൂമിമലയാളം

കഴിഞ്ഞ അറുപതാണ്ടുകളിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ടീയവും സാംസ്കാരികവുമായ ചരിത്രമാണ് ഭൂമിമലയാളം.മീനാക്ഷി,ജാനകി,നിര്‍മ്മല,ഫൌസിയ,ആനിജോസഫ്,ആന്‍സിവര്‍ക്കി,സതി എന്നിവരിലൂടെ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും സംസ്കാരങ്ങളിലുമായി ആഖ്യാനം പൂര്‍ത്തീകരിക്കുന്ന ഈചിത്രം പെണ്‍ മലയാളത്തിന്റെ ചരിത്രം കൂടിയാവുന്നു.
2008ലെ മികച്ച ചിത്രങ്ങളിലൊന്നെന്ന് നിരൂപകരാല്‍ വിലയിരുത്തപ്പെട്ട ഈ ചിത്രം കാണി ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് വേണ്ടി 2009 മെയ്3ന് 2.45ന് ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കും
(ഭൂമി മലയാളത്തെക്കുറിച്ചുള്ള ജി.പി.രാമചന്ദ്രന്റെ നിരൂപണം ഇവിടെ വായിക്കാവുന്നതാണ്.)
കഥ,തിരക്കഥ,സംവിധാനം:ടി.വി.ചന്ദ്രന്‍
ക്യാമറ:കെ.ജി.ജയന്‍
സംഗീതം:ഐസക് തോമസ്
എഡിറ്റര്‍:വേണുഗോപാല്‍
(ടി.വി.ചന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.)