കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday, 24 May, 2009

ശോഭന പരമേശ്വരന്‍ നായര്‍


ശോഭന പരമേശ്വരന്‍ നായര്‍ സംവിധായകനോ സിനിമയുടെ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിച്ച ആളോ ആയിരുന്നില്ല. സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമാ രംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നിര്‍മ്മാതാവായി മാറുകയായിരുന്നു. വെറും നിര്‍മ്മാതാവായിരുന്നില്ല. മികച്ച ഏതാനും ചിത്രങ്ങളുടെ നിര്‍മ്മാതാവ് എന്നതാണ് അദ്ദേഹത്തിന്റെ ഖ്യാതി. സിനിമാ രംഗത്ത് അങ്ങനെയും ചിലരുണ്ട്. സംവിധായകനായില്ലെങ്കില്‍ കൂടി സിനിമകള്‍ അവരുടെ പേരിലറിയപ്പെടും. അങ്ങനെ ഒരാളായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍.മെയ് 20ന് എണ്‍പത്തിമൂന്നാം വയസില്‍ തൃശൂരില്‍ വെച്ച്അദ്ദേഹം അന്തരിക്കുമ്പോള്‍ ഓര്‍മ്മയില്‍ അവശേഷിപ്പിച്ചു പോകുന്നത് ഇതൊക്കെയായിരിക്കും. ചിറയില്‍ കീഴില്‍ ജനിച്ച പരമേശ്വരന്‍ നായര്‍ 1951ല്‍ തൃശൂരില്‍ “ശോഭന” സ്റ്റുഡിയോ ആരംഭിക്കുന്നതോടെയാണ് ശോഭന പരമേശ്വരന്‍ നായര്‍ ആയി മാറുന്നത്. ഈ നാമം തുടര്‍ന്നുള്ള കാലമത്രയും അദ്ദേഹത്തോടൊപ്പം ഉണ്ടായി. തൃശൂരും രാമു കാരാട്ടുമായുള്ള സൌഹൃദമാണ് അദ്ദേഹത്തെ സിനിമാ രംഗത്തെത്തിച്ചത്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, മുറപ്പെണ്ണ്, കൊച്ചു തെമ്മാടി, അഭയം, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, പൂജക്കെടുക്കാത്ത പൂക്കള്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി തുടങ്ങി അദ്ദേഹം നിര്‍മ്മാതാവായ ചിത്രങ്ങളേറെയും മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ട സ്ഥാനമുള്ളവയാണ്. ശോഭന സ്റ്റുഡിയോ മലയാളത്തിലെ മുന്‍ നിര എഴുത്തുകാരുടെ സംഗമ സ്ഥലം കൂടിയായിരുന്നു. എം.ടി, ബഷീര്‍, തകഴി, പൊറ്റേക്കാട്, ഉറൂബ് തുടങ്ങിയവരെല്ലാം അവിടെ എത്തുമായിരുന്നു. ഈ ചങ്ങാത്തമാണ് അദ്ദേഹത്തെ എഴുത്തിന്റെആഴവും പരപ്പും സിനിമയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. മലയാളത്തിലെ ആദ്യത്തെ മികച്ച സിനിമാ അനുഭവമായ ‘നീലക്കുയിലി‘ല്‍ പരമേശ്വരന്‍ നായര്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി. പാറപ്പുത്ത്, എം.ടി, ജി.വിവേകാനന്ദന്‍ തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ സിനിമയാക്കി. എഴുത്തുകാരനായി മാത്രം തുടരാന്‍ താല്പര്യമുണ്ടായിരുന്ന എം.ടി യെ സിനിമയിലേക്കെത്തിച്ചതും “ശോഭന“യായിരുന്നു.
ഇന്ന് നമ്മള്‍ പകര്‍പ്പവകാശമോ തുടക്കക്കാരനെയോ ഓര്‍ക്കുന്നുണ്ടാവില്ലെങ്കിലും വളരെ വ്യാപകമായിക്കഴിഞ്ഞ പലരീതികളുടേയും ആരംഭത്തിനു പിന്നില്‍ ആരുടെയെങ്കിലും സമര്‍പ്പിത ചേതസ്സോ, അധ്വാനമോ ഒക്കെ ഉണ്ടാകും. ഭാരതപ്പുഴയുടെ പരിസരം ഇന്നു മിക്ക മലയാള സിനിമകളുടെയും ലൊക്കേഷനാണ്. എന്നാല്‍ ഇതിന് തുടക്കം കുറിച്ചത് ശോഭന പരമേശ്വരന്‍ നായരാണെന്ന് ഇന്ന് ആരോര്‍ക്കുന്നുണ്ടാകും? എം.ടി യുടെ കഥയിലൂടെയാണ് (മുറപ്പെണ്ണ്) ഭാരതപ്പുഴയും പരിസരവും മലയാള സിനിമയുടെ പശ്ചാത്തലം മാത്രമല്ല കഥാപാത്രം തന്നെയാവുന്നത്. അതോടൊപ്പം മറ്റൊന്നുകൂടി മലയാള സിനിമയില്‍ സംഭവിച്ചു. “വള്ളുവനാടന്‍ ഭാഷ“എന്ന് സാമാന്യമായി വ്യവഹരിക്കവുന്ന ഒരു സംസാര രീതിയുടെ തുടക്കവും ഇവിടെ നിന്നാണ്. ഈ ഭാഷാ രീതി പിന്നീട് മലയാള സിനിമയില്‍ വ്യാപകമായി. ദേശ കാല പരിഗണനകളില്ലാതെ അത് ഉപയോഗിക്കപ്പെട്ടു.കഥയുടെ രംഗത്ത് മാത്രമല്ല, മലയാള സിനിമയില്‍ വലിയ എഴുത്തുകാര്‍പരമേശ്വരന്‍ നായരിലൂടെ വെളിപ്പെട്ടത്. സംവിധാനം(പി.ഭാസ്ക്കരന്‍, എം.ടി, വിന്‍സന്റ്, രാമു കാര്യാട്ട്, ശങ്കരന്‍ നായര്‍) സംഗീതം(വയലാര്‍, ബാബുരാജ്, പി.ഭാസ്ക്കരന്‍, കെ.രാഘവന്‍, ദേവരാജന്‍) തുടങ്ങിയ വിഭാഗങ്ങളിലെ ഓര്‍മ്മിക്കപ്പെടുന്ന സാന്നിധ്യ ങ്ങള്‍ക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. ‘അഭയം‘ എന്ന ചിത്രത്തിലൂടെ ജി.ശങ്കരക്കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകള്‍ (ശ്രാന്ത മംബരം, പാവം മാനവ ഹൃദയം) സിനിമയില്‍ പുതിയ ഈണങ്ങളായി. ‘നഗരമേ നന്ദി‘യിലെ ”മഞ്ഞണിപ്പൂനിലാവ്” എന്ന ഒറ്റ ഗാനം മതി ആ സ്മരണ അനശ്വരമാക്കുവാന്‍. പി.ഭാസ്ക്കരന്റെ രചനയിലൂടെമുഴുവന്‍ കാല്പനിക സൌന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ആ ഗാനത്തില്‍ പേരാറും, ദേശത്തനിമയുംഉടല്‍ പൂണ്ടുനില്‍ക്കുന്നുണ്ട്.“നഗരം നഗരം മഹാ സാഗര“മാണ് മറ്റൊരു ഗാനം. കാല്പനികതയില്‍ നിന്ന് യാഥാതഥ്യത്തിലേക്കുള്ള ഒരു വഴി അതില്‍ തെളിഞ്ഞു കാണാം.‘കള്ളിച്ചെല്ലമ്മ’യിലെ “കരിമുകില്‍ കാട്ടിലെ“, “മാനത്തെ കായലിന്‍” എന്നീ ഗാനങ്ങള്‍ ആരെങ്കിലുംമറക്കുമോ?നിരവധി ഗാനങ്ങളിലൂടെയും തന്നെഓര്‍മ്മിക്കാനുള്ള അവസരം ഒരുക്കിയിട്ടാണ് അദ്ദേഹം കടന്നുപോയത്.സിനിമാ സംവിധായകന്റെ കലയായിരിക്കേത്തന്നെ നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയുടെ സകല മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച ഒരാളായി ശോഭന പരമേശ്വരന്‍ നായരെ ഇന്ന് നമുക്ക് വിലയിരുത്താനകുന്നുണ്ടെങ്കില്‍ അത് സിനിമാ ബാഹ്യമായകാരണങ്ങള്‍ കൊണ്ടല്ല. മലയാളിയുടെ ഓര്‍മ്മകളിലവശേഷിപ്പിച്ച ചില മുഹൂര്‍ത്തങ്ങള്‍ക്കും സംസ്ക്കാര വിശേഷങ്ങള്‍ക്കും ആദ്യകാരണമായി മാറാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.

4 comments:

മൂര്‍ത്തി said...

നന്ദി.

hAnLLaLaTh said...

...ഈ പരിചയപ്പെടുത്തലിനു നന്ദി..

gramasree said...

ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു
VISIT;
http://www.epathram.com/cinema/2009/05/blog-post_20.shtml

(ePathram.com)

മായാവി.. said...

from where cani get mp3 of "nagaram nagaram mahasaagaram..."