ജോണ്‍ അബ്രഹാമിന്റെ ജീവീതവും സിനിമയും ആസ്പദമാക്കി സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത ജോണ്‍ അബ്രഹാം എന്ന ചിത്രം 2008 മെയ് 25 കാലത്ത് 10.00 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു. ചിത്രം അവതരിപ്പിച്ചു കൊണ്ട് ഐ.ഷണ്മുഖദാസ് സംസാരിക്കും. സി.ശരത് ചന്ദ്രന്‍, നീലന്‍, എം.സി രാജനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.
ഓര്‍മ്മ : ജോണ്‍ അബ്രഹാം
ജോണ്‍ അബ്രഹാം ഓര്‍മ്മയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1987 മേയ് 31 ന് കോഴിക്കോട്ടുള്ള സഹോദരിയുടെ വീടിന്റെ ടെറസ്സില്‍ നിന്ന് കാല്‍ വഴുതി വീണ് മരിച്ച അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറെ നേരം തിരിച്ചറിയപ്പെടാതെ കിടക്കുകയുണ്ടായി. ജോണിന്റെ വേഷവും രൂപവും അദ്ദേഹത്തെ ഏതോ ഊരു തെണ്ടിയാണെന്നു ധരിക്കാനിടയാക്കിയതായിരുന്നു കാരണം. യഥാര്‍ത്ഥത്തില്‍ ജോണ്‍ അതു തന്നെയായിരുന്നു. മറ്റൊരാള്‍ക്കും സാധ്യമാവാത്ത അരാജക ജീവിതം നയിക്കാനായിരുന്നു ജോണിന്റെ നിയോഗം.
എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെല്ലം രാഷ്ട്രീയ വിമര്‍ശനവും,സാമൂഹ്യ വിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. അഗ്രഹാരത്തില്‍ കഴുത (1977) എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ ചിത്രം തന്നെ തമിഴ് നാട്ടില്‍ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.ഈ സിനിമ തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ‘അമ്മ അറിയാന്‍’ എന്ന ചിത്രം സിനിമാ ചരിത്രത്തിലെ തന്നെ ഒരു അത്ഭുതമായി.ജനങ്ങളില്‍ നിന്ന് ചെറിയ തുക പിരിച്ചെടുത്തു കൊണ്ടാണ് പ്രസ്തുത ചിത്രം പൂര്‍ത്തിയാക്കിയത്. 1984 ല്‍ കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു അത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അന്നവിടെ പ്രിന്‍സിപ്പാളായിരുന്ന പ്രസിദ്ധ സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്‍മാരിലൊരാളായിരുന്നു ജോണ്‍. ജോണ്‍ അബ്രഹാമിന്റെ ശക്തിയെ അക്കാലത്തു തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഘട്ടക്കിന്റെ ഓര്‍മക്കായി ഒരു കവിതയും ജോണ്‍ രചിച്ചിട്ടുണ്ട്(A tribute to Ritwik ghatak). ജോണിന്റെ സിനിമകളെയും ജീവിതത്തെയും ആസ്പദമാക്കി, സി.ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത “ജോണ്‍ അബ്രഹാം” എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണിയുടെ ആഭിമുഖ്യത്തില്‍ നടക്കുകയാണ്.എട്ടു വര്‍ഷത്തിലേറെക്കാലം നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടത്.
ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് വേദിയാകുന്നതില്‍ കാണിക്ക് സന്തോഷമുണ്ട്.
ജനനം : 1937 ആഗസ്റ്റ് 11 കുട്ടനാട് (താന്‍ ജനിച്ചത് കുന്നംകുളത്താണെന്ന് ജോണ്‍)
മരണം : 1987 മെയ് 31
പ്രധാന ചിത്രങ്ങള്‍
വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ (1972)
അഗ്രഹാരത്തില്‍ കഴുത (1977)
അമ്മ അറിയാന്‍ (1986)
No comments:
Post a Comment