Monday, 19 November 2012
ത്രിദിന കാണി ചലച്ചിത്രോത്സവത്തിന് സമാപനം
ചങ്ങരംകുളം കാണി ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമി,ഫിലിം സൊസൈറ്റി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നവമ്പര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടന്ന ത്രിദിന ചലച്ചിത്രോത്സവത്തിന് സമാപനമായി.
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചരിത്രകാരന്‍ ഡോക്ടര്‍.എം.ഗംഗാധരന്‍ നിര്‍വ്വഹിച്ചു. കാഴ്ചയിലും ശബ്ദങ്ങളിലും താല്പര്യം കുറഞ്ഞവരാണ് മലയാളി സമൂഹമെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.കാഴ്ചയുടെ കലയാണ് സിനിമ.ഗൌരവമായ കാഴ്ചയുടെ സംസ്ക്കാരം മലയാളിക്ക് കൈവരുമെങ്കില്‍ അതില്‍ ഫിലിം സൊസൈറ്റികളുടെ പങ്ക് വലുതായിരിക്കും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം പി.ശ്രീരാമകൃഷ്ണന്‍, എം.എല്‍.എ. നിര്‍വ്വഹിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.കാണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്കളുടെ വിതരണവും അദേഹം നടത്തി. പി.രാജഗോപാലമേനോന്‍,വി.മോഹനകൃഷ്ണന്‍,എം.വി രവീന്ദ്രന്‍,വാസുദേവന്‍ അടാട്ട്,സോമന്‍ ചെമ്പ്രേത്ത് എന്നിവരും സംസാരിച്ചു.ദിറിട്ടേണ്‍,ഹരിശ്ചന്ദ്രഫാക്ടറി, ആകാശത്തിന്റെ നിറം, ബ്യാരി എന്നീ ചിത്രങ്ങളും ലഘു ചിത്രങ്ങളും ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടന്ന വാദ്യസല്ലാപം കാണികള്‍ക്ക് നവ്യാനുഭവമായി.ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വളയംകുളം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ സന്തോഷ് ആലങ്കോടിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ വാദ്യപരിപടി അവതരിപ്പിച്ചത്.തുടര്‍ന്നു നടന്ന അനുമോദനച്ചടങ്ങ് ചലചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.മോഹന്‍ ആലങ്കോട് കലാകാരന്മാരെ പരിചയപ്പെടുത്തി.ബഷീര്‍ ദ് മേന്‍,പഥേര്‍ പാഞ്ചലി,ദി കിഡ്,ദി ഗ്രേറ്റ് ട്രയിന്‍ റോബറി,അതേമഴ അതേവെയില്‍,ഉസ്താദ് ഹോട്ടല്‍,എന്നിവയും ലഘു ചിത്രങ്ങളും രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ചു.
സമാപനത്തോടനുബന്ധിച് നടത്തിയ 'സമകാലിക മലയാളസിനിമയിലെ സ്ത്രീപ്രതിനിധാനങ്ങള്‍'എന്ന സെമിനാര്‍ സംവിധായികയും എഴുത്തുകാരിയുമായ കെ.വി ശ്രീജ ഉദ്ഘാടനം ചെയ്തു .മലയാളിയുടെ സ്ത്രീസമീപനം ഇരട്ടത്താപ്പോടു കൂടിയതാണെന്ന്‍ ശ്രീജ അഭിപ്രായപ്പെട്ടു. ആദ്യകാലങ്ങളില്‍ നാടകത്തിലും സിനിമയിലുമൊന്നും അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ല.അഭിനയം മോശമായ കാര്യമായി കരുതി പോന്നു.അക്കാലത്തും തമിഴ് നാടകങ്ങളിലും സിനിമയിലും സ്ത്രീകളുണ്ടായിരുന്നു.മലയാളികള്‍ തമിഴ് നടികളുടെ അഭിനയം കണ്ടാസ്വദിക്കുകയും സ്വന്തം സ്ത്രീകളെ അതില്‍ നിന്ന്‍ വിലക്കുകയും ചെയ്തു.ഇപ്പോഴും തമിഴ് സിനിമകളിലെ സെക്സും വയലന്‍സും ആസ്വദിക്കുകയും മലയാളത്തില്‍ അതൊന്നും പാടില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്നു.തിയെറ്ററുകളുടെ തിരോധാനം സ്ത്രീകള്‍ക്കുകൂടി ലഭ്യമായിരുന്ന ഒരു പൊതു ഇടത്തെയാണ് ഇല്ലാതാക്കുന്നതെന്നും ശ്രീജ പറഞ്ഞു.സെമിനാറില്‍ ചലച്ചിത്രകാരി ഷിംന,ഉഷ കുമ്പിടി എന്നിവരും സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ അഡ്വക്കേറ്റ് രാജഗോപലമേനോന്‍,അദ്ധ്യക്ഷത വഹിച്ചു.എം.വി.രവീന്ദ്രന്‍,ഷാജിഎടപ്പാള്‍,വാസുദേവന്‍ അടാട്ട്, സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.അപരാജിതോ,വോള്‍വര്‍,ബൈസിക്കിള്‍ തീവ്സ്,ലങ്കാലക്ഷ്മി,ഇത്രമാത്രം എന്നീ ചിത്രങ്ങള്‍ സമാപന ദിവസം പ്രദര്‍ശിപ്പിച്ചു.
കാഴ്ചയുടെ വൈവിദ്ധ്യമുള്ള അനുഭവങ്ങള്‍ നല്‍കിയ മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ ലോക ക്ലാസ്സിക്ക് ചിത്രങ്ങള്‍ മുതല്‍ പ്രദേശിക ചലച്ചിത്രകാരന്മാരുടേതുള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രദര്‍ശനവുമുണ്ടായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment