മാനവികതയുടെ പ്രതിരോധവും
മുന്നേറ്റവുമായ നല്ലസിനിമാപ്രസ്ഥാനം
ആലങ്കോട് ലീലാകൃഷ്ണന്‍
(കാണി ചലച്ചിത്രോത്സവം നവംബര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വെച്ചു നടക്കുന്നു.ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍മാനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഫെസ്ടിവല്‍ ബുക്കില്‍ എഴുതിയ ലേഖനം:)
ഇരുപതാം നൂറ്റാണ്ടിന്റെ മാജിക്കാണ് സിനിമ എന്നു പറയാറുണ്ട്. മനുഷ്യഭാവനയും കല്പനകളും അത്ഭുതങ്ങളും മായാജാലങ്ങളും വിരിയിച്ച, അതുവരെയുള്ള എല്ലാ കലാരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് യന്ത്ര-മനുഷ്യഭാവങ്ങളുടെ സമാനതകളില്ലാത്ത ഒരു മാജിക് തന്നെയാണ് ചലച്ചിത്രം എന്ന കല സൃഷ്ടിച്ചത്. ചുരുങ്ങിയ ദശാബ്ദങ്ങള്‍കൊണ്ട് ഭൂഖണ്ഡങ്ങള്‍ കീഴടക്കി സിനിമ ഏറ്റവും ജനകീയമായ കലാരൂപമായി. ഒപ്പം സിനിമയെ ഒരു വ്യവസായമാക്കി ലാഭം കൊയ്‌തെടുക്കാനുള്ള മൂലധന സംരംഭങ്ങളും ലോകമെമ്പാടും വ്യാപകമായി രൂപപ്പെട്ടു. ഹോളിവുഡ് മുതല്‍ ബോളിവുഡ് വരെ വ്യാപിച്ചു കിടക്കുന്ന എത്രയെത്രയോ സിനിമാ ശൃംഖലകള്‍ ചലച്ചിത്രം എന്ന കലയുടെ വ്യവസായ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി.എന്നാല്‍ ചലച്ചിത്രകല രൂപംകൊണ്ട കാലം മുതല്‍ക്കുതന്നെ അതിന്റെ കലാമൂല്യങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുള്ള മാനവൈക്യവും ഉന്നതമായ നവോത്ഥാന ചലനങ്ങളുമാണ് സിനിമയെ ഒരു സംസ്‌ക്കാര രൂപമെന്ന നിലയില്‍ ലോകോത്തരമാക്കിത്തീര്‍ത്തത്. മൂലധനത്തിന്റെ എല്ലാവിധ മനുഷ്യവിരുദ്ധ സ്വഭാവങ്ങളെയും അസാധുവാക്കിക്കൊണ്ട് മനുഷ്യവംശത്തിന്റെ മഹത്തായ സാംസ്‌ക്കാരികാതിജീവനബലം സിനിമയും അതിന്റെ പ്രാണവായുവാക്കി മാറ്റി. സാഹിത്യകൃതികളോടു കിടപിടിക്കുന്ന മഹത്തായ ക്ലാസ്സിക രചനകള്‍ സിനിമയിലുമുണ്ടായി. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ടുള്ള മാനവികതയുടെ വ്യാപനങ്ങള്‍ക്ക് ചലച്ചിത്രകല വാഹനമായി. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്‌ക്കാരങ്ങളും ചരിത്രത്തിന്റെ ഋതുപ്പകര്‍ച്ചകളും മിത്തുകളും ഇതിഹാസങ്ങളും മനുഷ്യവര്‍ഗ്ഗത്തിന്റെ സന്ധിയില്ലാത്ത സമരങ്ങളുമൊക്കെ ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായി. ക്യാമറകൊണ്ടു ചിന്തിയ്ക്കുകയും പോരാടുകയും ചെയ്യുന്ന ചലച്ചിത്രകാരന്മാരുണ്ടായി. ദൃശ്യമാധ്യമങ്ങളെ വ്യവസായവല്‍ക്കരിച്ച ലാഭക്കൊതിയുള്ള മൂലധന ഭീമന്മാര്‍ കാണിച്ചുതന്ന കാഴ്ചകള്‍ യഥാര്‍ത്ഥ കാഴ്ചകളല്ലെന്ന് നിരന്തരം നല്ല സിനിമയുടെ പക്ഷത്തുനിന്നവര്‍ എതിര്‍കാഴ്ചകളുടെ ചലച്ചിത്രങ്ങളിലൂടെ കാണിച്ചു. മനുഷ്യന്റെയും പ്രകൃതിയുടെയും പക്ഷത്തുനിന്നുകൊണ്ട് ചരിത്രവും സംസ്‌ക്കാരവുമുള്ള ജനതകളുടെ പ്രതിരോധക്കാഴ്ചകള്‍ രേഖപ്പെടുത്തി.
നല്ല സിനിമ അങ്ങനെ മാനവികതയുടെ പ്രതിരോധവും മുന്നേറ്റവുമായിരുന്നു എന്നും. നല്ല സിനിമകള്‍ സൃഷ്ടിച്ചവരും കണ്ടവരും പ്രചരിപ്പിച്ചവരും എന്നും പങ്കാളികളായത് മാനവികതയുടെ ചരിത്രബലം സംരക്ഷിയ്ക്കുന്ന സംസ്‌ക്കാര പ്രക്രിയയിലാണ്. ലോകമെമ്പാടും ചെറിയ ചെറിയ ചലച്ചിത്രാസ്വാദന കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സാംസ്‌ക്കാരിക സംഘങ്ങളാണ് എക്കാലത്തും നല്ല സിനിമയെ നിലനിര്‍ത്തുന്നത്.
ഉന്നതമായ ആ മാനവിക സംസ്‌ക്കാരസമരത്തിന്റെ ഭാഗമാണ് ചങ്ങരംകുളത്തു നടക്കുന്ന കാണി ചലച്ചിത്രോത്സവം. ഈ സംരംഭത്തില്‍ പങ്കാളികളാവുന്നവര്‍ മനുഷ്യവംശത്തിന്റെ അതിജീവനസമരങ്ങളിലാണ് പങ്കാളികളാവുന്നത്. കലയും സംസ്‌ക്കാരവും മനുഷ്യവംശത്തിന്റെ പൊതു സമ്പത്താണ്. മനുഷ്യരെ കൂട്ടിചേര്‍ത്തുകൊണ്ട് സ്‌നേഹത്തിന്റെയും വര്‍ഗ്ഗൈക്യത്തിന്റെയും സമത്വഭാവനയുടെയും സൗന്ദര്യത്തിന്റെയും മഹാചരിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്ന കലകളാണ് നമ്മുടെ യഥാര്‍ത്ഥ ഈടുവെയ്പുകള്‍... ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളടക്കമുള്ള ജനകീയ കൂട്ടായ്മകള്‍ സംസ്‌കൃതിയുടെ ഈടുവെയ്പുകളെ സംരക്ഷിയ്ക്കുന്ന കലാസംഘങ്ങളാണ്. അതില്‍ പങ്കുചേരുമ്പോള്‍ നാം മനുഷ്യനെ തൊടുന്നു, ചരിത്രത്തെ അറിയുന്നു, യഥാര്‍ത്ഥ സംസ്‌ക്കാരത്തിന്റെ അവകാശികളാവുന്നു.
No comments:
Post a Comment