Monday, 19 November 2012
ത്രിദിന കാണി ചലച്ചിത്രോത്സവത്തിന് സമാപനം
ചങ്ങരംകുളം കാണി ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമി,ഫിലിം സൊസൈറ്റി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നവമ്പര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടന്ന ത്രിദിന ചലച്ചിത്രോത്സവത്തിന് സമാപനമായി.
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചരിത്രകാരന്‍ ഡോക്ടര്‍.എം.ഗംഗാധരന്‍ നിര്‍വ്വഹിച്ചു. കാഴ്ചയിലും ശബ്ദങ്ങളിലും താല്പര്യം കുറഞ്ഞവരാണ് മലയാളി സമൂഹമെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.കാഴ്ചയുടെ കലയാണ് സിനിമ.ഗൌരവമായ കാഴ്ചയുടെ സംസ്ക്കാരം മലയാളിക്ക് കൈവരുമെങ്കില്‍ അതില്‍ ഫിലിം സൊസൈറ്റികളുടെ പങ്ക് വലുതായിരിക്കും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം പി.ശ്രീരാമകൃഷ്ണന്‍, എം.എല്‍.എ. നിര്‍വ്വഹിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.കാണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്കളുടെ വിതരണവും അദേഹം നടത്തി. പി.രാജഗോപാലമേനോന്‍,വി.മോഹനകൃഷ്ണന്‍,എം.വി രവീന്ദ്രന്‍,വാസുദേവന്‍ അടാട്ട്,സോമന്‍ ചെമ്പ്രേത്ത് എന്നിവരും സംസാരിച്ചു.ദിറിട്ടേണ്‍,ഹരിശ്ചന്ദ്രഫാക്ടറി, ആകാശത്തിന്റെ നിറം, ബ്യാരി എന്നീ ചിത്രങ്ങളും ലഘു ചിത്രങ്ങളും ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടന്ന വാദ്യസല്ലാപം കാണികള്‍ക്ക് നവ്യാനുഭവമായി.ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വളയംകുളം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ സന്തോഷ് ആലങ്കോടിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ വാദ്യപരിപടി അവതരിപ്പിച്ചത്.തുടര്‍ന്നു നടന്ന അനുമോദനച്ചടങ്ങ് ചലചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.മോഹന്‍ ആലങ്കോട് കലാകാരന്മാരെ പരിചയപ്പെടുത്തി.ബഷീര്‍ ദ് മേന്‍,പഥേര്‍ പാഞ്ചലി,ദി കിഡ്,ദി ഗ്രേറ്റ് ട്രയിന്‍ റോബറി,അതേമഴ അതേവെയില്‍,ഉസ്താദ് ഹോട്ടല്‍,എന്നിവയും ലഘു ചിത്രങ്ങളും രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ചു.
സമാപനത്തോടനുബന്ധിച് നടത്തിയ 'സമകാലിക മലയാളസിനിമയിലെ സ്ത്രീപ്രതിനിധാനങ്ങള്‍'എന്ന സെമിനാര്‍ സംവിധായികയും എഴുത്തുകാരിയുമായ കെ.വി ശ്രീജ ഉദ്ഘാടനം ചെയ്തു .മലയാളിയുടെ സ്ത്രീസമീപനം ഇരട്ടത്താപ്പോടു കൂടിയതാണെന്ന്‍ ശ്രീജ അഭിപ്രായപ്പെട്ടു. ആദ്യകാലങ്ങളില്‍ നാടകത്തിലും സിനിമയിലുമൊന്നും അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ല.അഭിനയം മോശമായ കാര്യമായി കരുതി പോന്നു.അക്കാലത്തും തമിഴ് നാടകങ്ങളിലും സിനിമയിലും സ്ത്രീകളുണ്ടായിരുന്നു.മലയാളികള്‍ തമിഴ് നടികളുടെ അഭിനയം കണ്ടാസ്വദിക്കുകയും സ്വന്തം സ്ത്രീകളെ അതില്‍ നിന്ന്‍ വിലക്കുകയും ചെയ്തു.ഇപ്പോഴും തമിഴ് സിനിമകളിലെ സെക്സും വയലന്‍സും ആസ്വദിക്കുകയും മലയാളത്തില്‍ അതൊന്നും പാടില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്നു.തിയെറ്ററുകളുടെ തിരോധാനം സ്ത്രീകള്‍ക്കുകൂടി ലഭ്യമായിരുന്ന ഒരു പൊതു ഇടത്തെയാണ് ഇല്ലാതാക്കുന്നതെന്നും ശ്രീജ പറഞ്ഞു.സെമിനാറില്‍ ചലച്ചിത്രകാരി ഷിംന,ഉഷ കുമ്പിടി എന്നിവരും സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ അഡ്വക്കേറ്റ് രാജഗോപലമേനോന്‍,അദ്ധ്യക്ഷത വഹിച്ചു.എം.വി.രവീന്ദ്രന്‍,ഷാജിഎടപ്പാള്‍,വാസുദേവന്‍ അടാട്ട്, സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.അപരാജിതോ,വോള്‍വര്‍,ബൈസിക്കിള്‍ തീവ്സ്,ലങ്കാലക്ഷ്മി,ഇത്രമാത്രം എന്നീ ചിത്രങ്ങള്‍ സമാപന ദിവസം പ്രദര്‍ശിപ്പിച്ചു.
കാഴ്ചയുടെ വൈവിദ്ധ്യമുള്ള അനുഭവങ്ങള്‍ നല്‍കിയ മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ ലോക ക്ലാസ്സിക്ക് ചിത്രങ്ങള്‍ മുതല്‍ പ്രദേശിക ചലച്ചിത്രകാരന്മാരുടേതുള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രദര്‍ശനവുമുണ്ടായി.
Wednesday, 7 November 2012
ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍
ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
(കാണി ചലച്ചിത്രോത്സവം 2012 ഫെസ്ടിവല്‍ ബുക്കില്‍ എഴുതിയ ലേഖനം:)
1895 ഡിസംബര്‍ 28-ന് പാരീസിലെ ഗ്രാന്റ്കഫേയില്‍ ലോകസിനിമക്ക് ലൂമിയര്‍ സഹോദരന്മാര്‍ തുടക്കം കുറിച്ചു. ക്യാമറ കണ്ണുകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രേക്ഷകന് മുന്നിലെത്തി. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലും സിനിമാപ്രദര്‍ശനം നടന്നു. 1896 ജൂലൈ 7-ന് 'ഈ നൂറ്റാണ്ടിന്റെ അല്‍ഭുതം ഇന്നുമുതല്‍ വാട്ട്‌സണ്‍ ഹോട്ടലില്‍' എന്നിങ്ങനെഇന്ത്യയിലെ ചലച്ചിത്ര പ്രദര്‍ശനത്തിന് ടൈംസ് ഓഫ് ഇന്ത്യ വിശേഷണം നല്‍കി. ഒരു തീവണ്ടി വരവ്, സമുദ്രസ്‌നാനം, ഒരു ആക്രമണം എന്നിവയായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. പിന്നീടുള്ള നാളുകളില്‍ ദൃശ്യ-ശ്രാവ്യ ഭാഷയിലൂടെ ജീവിതത്തെ വെള്ളിത്തിര അപഗ്രഥിച്ചു; വ്യാഖ്യാനിച്ചു; വിനിമയം ചെയ്തു. ഇന്ത്യന്‍ സിനിമയുടേയും ലോകസിനിമയുടേയും ചരിത്രം സാങ്കേതികാര്‍ത്ഥത്തില്‍ ഒരു നൂറ്റാണ്ടാണ്. രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തികളുടേയും സംഘര്‍ഷങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെയാണ് ചലച്ചിത്രം വികസിച്ചത്.
വിദേശചിത്രങ്ങളെ അനുകരിച്ചും മറാത്തി നാടകങ്ങളെ അടിസ്ഥാനമാക്കിയുമാണ് ഇന്ത്യന്‍സിനിമ ആദ്യകാലത്ത് മുന്നോട്ട് നീങ്ങിയത്. മറാത്തി നാടകം ക്യാമറയില്‍ പകര്‍ത്തിയാണ് ഇന്ത്യന്‍സിനിമയ്ക്ക് തുടക്കം കുറിച്ചത്. 1912-ല്‍ പുറത്തിറങ്ങിയ രാമചന്ദ്രഗോപാലിന്റെ 'പുണ്ഡലിക്' എന്ന സിനിമ. എന്നാല്‍ 1913 മെയ്3-ന് പ്രദര്‍ശനത്തിനെത്തിയ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്ത്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രമാണ് 'രാജാഹരിശ്ചന്ദ്ര'. ഈ ചിത്രത്തിന്റെ നിര്‍മ്മിതിയിലൂടെ ഫാല്‍ക്കെ ഇന്ത്യന്‍ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകനായി.
ജര്‍മ്മന്‍ യാത്രയ്ക്കിടെ ഫാല്‍ക്കെ കണ്ട 'ദി ലൈഫ് ഓഫ് ക്രൈസ്റ്റ' എന്ന നിശബ്ദ ചിത്രമാണ് രാജാഹരിഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ പ്രചോദനമായത്. രാമായണത്തിലും മഹാഭാരത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനായ കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. വിശ്വാമിത്ര മഹര്‍ഷിക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിച്ച ഹരിശ്ചന്ദ്രന് ഈശ്വരന്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. ഈ കഥാസന്ദര്‍ഭമാണ് ഫാല്‍ക്കെ ചിത്രം. ധാര്‍മ്മികതയുടെ വിജയമാണ് രാജാഹരിശ്ചന്ദ്ര ഉദ്‌ഘോഷിച്ചത്. ബോംബെയിലെ കോറണേഷന്‍ തിയേറ്ററിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്. സാമൂഹിക അസ്പൃശ്യത കാരണം സ്ത്രീകള്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിനാല്‍ പുരുഷന്മാരാണ് സ്ത്രീവേഷം ചെയ്തത്. ഫാല്‍ക്കെയായിരുന്നു ഇന്തയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'രാജാഹരിശ്ചന്ദ്ര'യുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ഫാല്‍ക്കെയാണ്. രാജാഹരിശ്ചന്ദ്ര എന്ന നിശബ്ദചിത്രത്തെ പിന്‍പറ്റിയാണ് പതിനെട്ടുവര്‍ഷം ഇന്ത്യന്‍സിനിമ സഞ്ചരിച്ചത്.
1931-ല്‍ അര്‍ദേഷീര്‍ ഇറാനി നിര്‍മ്മിച്ച 'ആലം ആര'യില്‍ ഇന്ത്യന്‍സിനിമ ശബ്ദിക്കാനാരംഭിച്ചു.1935-ല്‍ 'ദേവദാസ്' പ്രദര്‍ശനത്തിനെത്തി. കെ.എസ്.സൈഗള്‍ അഭിനയിച്ച ഈ സിനിമ വന്‍ജനപ്രീതി നേടി. ശബ്ദചിത്രകാലഘട്ടത്തിലെ ജനപ്രീതി നേടിയ ആദ്യനടന്‍ സൈഗളാണ്. സംഗീതാലാപനശൈലിയാണ് ഈ നടനെപ്രശസ്തനാക്കിയത്. 1937-ല്‍ ഇറാനി തന്നെ നിര്‍മ്മിച്ച 'കിസാന്‍ കന്യ'യാണ് ഇന്തയിലെ ആദ്യത്തെ വര്‍ണ്ണ സിനിമ. 1967-ല്‍ രാജ്കപൂര്‍ നിര്‍മ്മിച്ച 'എറൗണ്ട് ദ വേള്‍ഡ്' എന്ന ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ 70 എം എം സിനിമ. കാകസ് കാഫൂല്‍ (നിര്‍മ്മാണം ഗുരുദത്ത്) ആണ് ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. സാങ്കേതികമായ വികാസത്തോടൊപ്പം ഇന്ത്യന്‍സിനിമ കലാപരമായും വളര്‍ന്നുകൊണ്ടിരിക്കുന്നു. ബോംബെ ടാക്കിസീന്റെ പരമ്പരാഗത വാണിജ്യമൂല്യ ചിത്രങ്ങളോടൊത്ത് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്തിറങ്ങി. കലാപരവും ജീവിതയാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന തിരഭാഷ സജീവമായി.
1936-ല്‍ ഹിമാംശു റായുടെ 'അചള കന്യ' എന്ന സിനിമ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തു. ദുനിയാമാനയ്, പഡോസി തുടങ്ങിയ ചിത്രങ്ങളും സാമൂഹികമായ ഇടപെടലുകള്‍ നടത്തി. കെ.എ. അബ്ബാസ് നിര്‍മ്മിച്ച നയാസന്‍സര്‍ (1941) നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബാംഗാള്‍ ക്ഷാമത്തെ ചിത്രീകരിക്കുകയായിരുന്നു 'ധര്‍ത്തികെ ലാല്‍' എന്ന സിനിമ. വിമല്‍റോയിയുടെ ദോ ബിഘാ സമീന്‍ (1953) കാന്‍ മേളയില്‍ അംഗീകാരം നേടി. ഇന്ത്യ കഥാചിത്രങ്ങളുടെ നിരയില്‍ നാഴിക്കല്ലാണ് വിമല്‍റോയിയുടെ ഈ സിനിമ. കര്‍ഷകജീവിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ചിത്രം. വെനീസ് ചലച്ചിത്ര മേളയില്‍ കലാമൂല്യ സിനിമയായി പരിഗണിച്ചത് ഇന്ത്യയുടെ 'സന്ത്തുക്കാറാം' എന്ന മറാത്തി സിനിമയായിരുന്നു.
ഹിന്ദി, ബംഗാളി എന്നീ ഭാഷകളെപോലെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമാനിര്‍മ്മാണം വളര്‍ച്ച നേടിക്കൊണ്ടിരുന്നു. മലയാളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ, വിഗതകുമാരന്‍ തുടങ്ങിയ നിശബ്ദചിത്രത്തിനുശേഷം 1938-ല്‍ എസ് സുന്ദര്‍രാജ് നിര്‍മ്മിച്ച 'ബാലന്‍' ശബ്ദിക്കാന്‍ തുടങ്ങി. ബാലനായി കെ.കെ.അരൂര്‍ അഭിനയിച്ചു. പ്രഹാളാദനും ജ്ഞാനാംബികയും പ്രദര്‍ശനത്തിനെത്തി. നിര്‍മ്മല, വെള്ളിനക്ഷത്രം എന്നിവ പുറത്തിറങ്ങി. ജീവിതനൗക (1951) പ്രദര്‍ശനവിജയം നേടി. കണ്ടംവെച്ചകോട്ട്(1961) വര്‍ണ്ണത്തിലേക്കും പ്രവേശിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡിയും പടയോട്ടം സിനിമാസ്‌കോപ്പും ആയി.
ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച്, പി.ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയില്‍ (1954) വളരെക്കാലം മലയാളസിനിമയുടെ കഥാചിത്രഘടനനിര്‍ണയിച്ചു. പി.രാമദാസിന്റെ നേതൃത്വത്തില്‍ പരീക്ഷണചിത്രങ്ങള്‍ക്ക് തുടക്കമിട്ടു. മലയാളത്തില്‍ നവസിനിമയുടെ ആരംഭമായി ന്യൂസ്‌പേപ്പര്‍ബോയ് പ്രദര്‍ശനത്തിനെത്തി. സാമൂഹ്യവിഷയങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ ഏറെക്കാലം പുറത്തിറങ്ങിയത്. നിരവധി നോവലുകളും കഥകളും തിരക്കഥയായിമാറി. ഓളവും തീരവും മുറപ്പണ്ണും ചെമ്മീനും മുടിയനായ പുത്രനും തിയേറ്ററിലെത്തി.
എഴുപതുകള്‍ മലയാളത്തില്‍ കലാമൂല്യചിത്രങ്ങളുടെ പരീക്ഷണത്തിന് കരുത്ത് പകര്‍ന്നു. അടൂരിന്റെ സ്വയംവരം, എം.ടിയുടെ നിര്‍മ്മാല്യം, ബക്കറിന്റെ കബനിനദി ചുവന്നപ്പോള്‍, അരവിന്ദന്റെ ഉത്തരായണം, കെ.ജി.ജോര്‍ജിന്റെ സ്വപ്നാടനം, കെ.പി.കുമാരന്റെ അതിഥി, കെ.ആര്‍.മോഹന്റെ അശ്വത്ഥാമാവ്, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍, ജി.എസ്.പണിക്കരുടെ ഏകാകിനി, ഷാജി എന്‍ കരുണിന്റെ പിറവി എന്നിങ്ങനെതെന്നിന്ത്യയില്‍ മലയാളം വേറിട്ടൊരു വഴിയിലൂടെ ഇന്ത്യന്‍ തിരശീലയില്‍ പ്രശസ്തി നേടി. കന്നഡയില്‍ 'മദര്‍ഇന്ത്യ' കര്‍ഷകരുടെ പ്രശ്‌നം വെള്ളിത്തിരയില്‍ വരച്ചുചേര്‍ത്തു. നര്‍ഗീസിന് ഏറ്റവും മികച്ച നടിക്കുള്ള അംഗീകാരം കാന്‍മേളയില്‍ ലഭിച്ചത് 'മദര്‍ഇന്ത്യ'യിലെ അഭിനയത്തിനാണ്. ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷനും അര്‍ഹമായി. തമിഴില്‍ അന്തനാള്‍, ഹിന്ദിയില്‍ കാന്തൂന്‍ എന്നിവ ഗാനങ്ങള്‍ ഒഴിവാക്കി.
സത്യജിത്‌റേയുടെ പഥര്‍പഞ്ചാലി എന്ന സിനിമ ലോകവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രസംസ്‌കാരത്തിന്‍ പുതിയ ഭാഷയും ഭാവവും പകര്‍ന്നു. കലാപരമായ സമീപനം ഉള്‍പ്പെടുന്ന സിനിമകളുടെ നിരയില്‍ റേയുടെ അപുത്രയം, ജല്‍സര്‍, ചാരുലത, ഋത്വിക് ഘട്ടകിന്റെ സുവര്‍ണ്ണരേഖ, അജാന്ത്രിക്, നാഗരിക്, മൃണാസെന്നിന്റെ ഇന്റര്‍വ്യൂ, കല്‍ക്കട്ട 71, ശ്യാം ബെനഗലിന്റെ അങ്കുര്‍, കുമാര്‍ സാഹ്നിയുടെ മായാദര്‍പ്പണ്‍, മണികൗളിന്റെ ഉസ്‌കിറോട്ടി, സത്യുവിന്റെ ഗരംഹവ, അവ്ദാര്‍കൗളിന്റ 27ഡൗണ്‍, കന്നഡയില്‍ ഗിരീഷ് കര്‍ന്നാടിന്റെ കാട്, വി.ബി.കാരന്തിന്റെ ചോമനധുഡി, തമിഴില്‍ ജയകാന്തന്റെ ഉന്നെപോല്‍ ഒരുവന്‍, കെ.ബാലചന്ദ്രറിന്റെ തണ്ണീര്‍തണ്ണീര്‍, മലയാളത്തില്‍ ജോണ്‍ എബ്രാമിന്റെ സിനിമകള്‍, പുതിയ കാലത്ത് അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ് മിസ്സിസ്, ചൗരംഗിലെയിന്‍, ദീപാമേത്തയുടെ വാട്ടര്‍, കേതന്‍മേത്തയുടെ ഭവാനി ഭവായ്, മിര്‍ച്ചമസാല, ഉല്‍പലേന്ദു ചക്രവര്‍ത്തിയുടെ ചോക്ക്, ഗോവിന്ദ് നിഹലാനിയുടെ ആക്രോശ്, മോഹന്‍ പത്രയുടെ മായാമൃഗ് തുടങ്ങി ജീവിതത്തിന്റെ അകംപുറം കാഴ്ചകളുടെ കനലുകള്‍ക്കൊണ്ട് തിരഭാഷയുടെ അവബോധം സൃഷ്ടിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കരുത്തും സൗന്ദര്യശാസ്ത്രവും അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനവിജയത്തിലും ചേരുവകളിലും ഇടപെടുകയും പുതുമ സ്വീകരിക്കുകയും ചെയ്യുന്ന ചലച്ചിത്ര സംസ്‌കാരമാണ് ഇന്ത്യയിലുള്ളത്. അത് ലോകസിനിമയോടൊത്ത് നില്‍ക്കുകയും ചെയ്യുന്നു. നവീനമായ ആഖ്യാനത്തിനും പ്രേക്ഷണശീലത്തിനും വിസ്മയം തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷത്തിന്റെ സാക്ഷ്യപത്രം.
Tuesday, 6 November 2012
കാണി ചലച്ചിത്രോത്സവം 2012
മാനവികതയുടെ പ്രതിരോധവും
മുന്നേറ്റവുമായ നല്ലസിനിമാപ്രസ്ഥാനം
ആലങ്കോട് ലീലാകൃഷ്ണന്‍
(കാണി ചലച്ചിത്രോത്സവം നവംബര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വെച്ചു നടക്കുന്നു.ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍മാനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഫെസ്ടിവല്‍ ബുക്കില്‍ എഴുതിയ ലേഖനം:)
ഇരുപതാം നൂറ്റാണ്ടിന്റെ മാജിക്കാണ് സിനിമ എന്നു പറയാറുണ്ട്. മനുഷ്യഭാവനയും കല്പനകളും അത്ഭുതങ്ങളും മായാജാലങ്ങളും വിരിയിച്ച, അതുവരെയുള്ള എല്ലാ കലാരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് യന്ത്ര-മനുഷ്യഭാവങ്ങളുടെ സമാനതകളില്ലാത്ത ഒരു മാജിക് തന്നെയാണ് ചലച്ചിത്രം എന്ന കല സൃഷ്ടിച്ചത്. ചുരുങ്ങിയ ദശാബ്ദങ്ങള്‍കൊണ്ട് ഭൂഖണ്ഡങ്ങള്‍ കീഴടക്കി സിനിമ ഏറ്റവും ജനകീയമായ കലാരൂപമായി. ഒപ്പം സിനിമയെ ഒരു വ്യവസായമാക്കി ലാഭം കൊയ്‌തെടുക്കാനുള്ള മൂലധന സംരംഭങ്ങളും ലോകമെമ്പാടും വ്യാപകമായി രൂപപ്പെട്ടു. ഹോളിവുഡ് മുതല്‍ ബോളിവുഡ് വരെ വ്യാപിച്ചു കിടക്കുന്ന എത്രയെത്രയോ സിനിമാ ശൃംഖലകള്‍ ചലച്ചിത്രം എന്ന കലയുടെ വ്യവസായ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി.എന്നാല്‍ ചലച്ചിത്രകല രൂപംകൊണ്ട കാലം മുതല്‍ക്കുതന്നെ അതിന്റെ കലാമൂല്യങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുള്ള മാനവൈക്യവും ഉന്നതമായ നവോത്ഥാന ചലനങ്ങളുമാണ് സിനിമയെ ഒരു സംസ്‌ക്കാര രൂപമെന്ന നിലയില്‍ ലോകോത്തരമാക്കിത്തീര്‍ത്തത്. മൂലധനത്തിന്റെ എല്ലാവിധ മനുഷ്യവിരുദ്ധ സ്വഭാവങ്ങളെയും അസാധുവാക്കിക്കൊണ്ട് മനുഷ്യവംശത്തിന്റെ മഹത്തായ സാംസ്‌ക്കാരികാതിജീവനബലം സിനിമയും അതിന്റെ പ്രാണവായുവാക്കി മാറ്റി. സാഹിത്യകൃതികളോടു കിടപിടിക്കുന്ന മഹത്തായ ക്ലാസ്സിക രചനകള്‍ സിനിമയിലുമുണ്ടായി. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ടുള്ള മാനവികതയുടെ വ്യാപനങ്ങള്‍ക്ക് ചലച്ചിത്രകല വാഹനമായി. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്‌ക്കാരങ്ങളും ചരിത്രത്തിന്റെ ഋതുപ്പകര്‍ച്ചകളും മിത്തുകളും ഇതിഹാസങ്ങളും മനുഷ്യവര്‍ഗ്ഗത്തിന്റെ സന്ധിയില്ലാത്ത സമരങ്ങളുമൊക്കെ ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായി. ക്യാമറകൊണ്ടു ചിന്തിയ്ക്കുകയും പോരാടുകയും ചെയ്യുന്ന ചലച്ചിത്രകാരന്മാരുണ്ടായി. ദൃശ്യമാധ്യമങ്ങളെ വ്യവസായവല്‍ക്കരിച്ച ലാഭക്കൊതിയുള്ള മൂലധന ഭീമന്മാര്‍ കാണിച്ചുതന്ന കാഴ്ചകള്‍ യഥാര്‍ത്ഥ കാഴ്ചകളല്ലെന്ന് നിരന്തരം നല്ല സിനിമയുടെ പക്ഷത്തുനിന്നവര്‍ എതിര്‍കാഴ്ചകളുടെ ചലച്ചിത്രങ്ങളിലൂടെ കാണിച്ചു. മനുഷ്യന്റെയും പ്രകൃതിയുടെയും പക്ഷത്തുനിന്നുകൊണ്ട് ചരിത്രവും സംസ്‌ക്കാരവുമുള്ള ജനതകളുടെ പ്രതിരോധക്കാഴ്ചകള്‍ രേഖപ്പെടുത്തി.
നല്ല സിനിമ അങ്ങനെ മാനവികതയുടെ പ്രതിരോധവും മുന്നേറ്റവുമായിരുന്നു എന്നും. നല്ല സിനിമകള്‍ സൃഷ്ടിച്ചവരും കണ്ടവരും പ്രചരിപ്പിച്ചവരും എന്നും പങ്കാളികളായത് മാനവികതയുടെ ചരിത്രബലം സംരക്ഷിയ്ക്കുന്ന സംസ്‌ക്കാര പ്രക്രിയയിലാണ്. ലോകമെമ്പാടും ചെറിയ ചെറിയ ചലച്ചിത്രാസ്വാദന കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സാംസ്‌ക്കാരിക സംഘങ്ങളാണ് എക്കാലത്തും നല്ല സിനിമയെ നിലനിര്‍ത്തുന്നത്.
ഉന്നതമായ ആ മാനവിക സംസ്‌ക്കാരസമരത്തിന്റെ ഭാഗമാണ് ചങ്ങരംകുളത്തു നടക്കുന്ന കാണി ചലച്ചിത്രോത്സവം. ഈ സംരംഭത്തില്‍ പങ്കാളികളാവുന്നവര്‍ മനുഷ്യവംശത്തിന്റെ അതിജീവനസമരങ്ങളിലാണ് പങ്കാളികളാവുന്നത്. കലയും സംസ്‌ക്കാരവും മനുഷ്യവംശത്തിന്റെ പൊതു സമ്പത്താണ്. മനുഷ്യരെ കൂട്ടിചേര്‍ത്തുകൊണ്ട് സ്‌നേഹത്തിന്റെയും വര്‍ഗ്ഗൈക്യത്തിന്റെയും സമത്വഭാവനയുടെയും സൗന്ദര്യത്തിന്റെയും മഹാചരിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്ന കലകളാണ് നമ്മുടെ യഥാര്‍ത്ഥ ഈടുവെയ്പുകള്‍... ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളടക്കമുള്ള ജനകീയ കൂട്ടായ്മകള്‍ സംസ്‌കൃതിയുടെ ഈടുവെയ്പുകളെ സംരക്ഷിയ്ക്കുന്ന കലാസംഘങ്ങളാണ്. അതില്‍ പങ്കുചേരുമ്പോള്‍ നാം മനുഷ്യനെ തൊടുന്നു, ചരിത്രത്തെ അറിയുന്നു, യഥാര്‍ത്ഥ സംസ്‌ക്കാരത്തിന്റെ അവകാശികളാവുന്നു.

Subscribe to:
Posts (Atom)