കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 11 July, 2012

മണ്‍സൂണ്‍ ചലച്ചിത്രോത്സവം

2012 ജൂലായ് 15 കാലത്ത് 9.30 മുതല്‍
 ചങ്ങരംകുളം കൃഷ്ണ മൂവീസില്‍


 മണ്‍സൂണ്‍ ചലച്ചിത്രോത്സവം

EVEN THE RAIN /2010/104mts/spain  
Dir: Iciar Bollain/തോരാമഴയത്ത്/2010/6മി/മലയാളം
 സംവിധാനം:ഹരിഹര്‍ ദാസ് 


ഭൂമി ഗീതം(Earth song) /6  മി
 മൈക്കേല്‍ ജാക്സണ്‍മഴ/2004/22മി/മലയാളം/
സംവിധാനം:ഷൈനി ജേക്കബ് ബെഞ്ചമിന്‍

'മഴപോലും' (Even the rain) 
ലാറ്റിനമേരിക്കയിലെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണ് ബൊളീവിയ. അവിടത്തെ ഗവണ്‍മെന്റ് 1999 ലാണ് ജലത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുക്കുന്നത്. 1950 മുതല്‍ 1980 വരെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പലവഴികളും പരീക്ഷിച്ച ബൊളീവിയന്‍ ഗവണ്‍മെന്റ് ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവസ്തുക്കള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ബൊളീവിയയിലെ കൊച്ചബംബ (cocha bamba) പ്രദേശത്തെ ജലവിതരണം പുറം കരാറുകാരെ (out source) ഏല്പിക്കാമെന്ന വ്യവസ്ഥയില്‍ ലോകബാങ്ക് 138 മില്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചു. അപ്രകാരം സാന്‍ഫ്രാന്‍സിസ്‌കോയിലെ  Bechtel Corporation മായി 1999 ഒക്‌ടോബറില്‍ 40 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു. അവര്‍200 2000 2000ജനുവരി മാസത്തില്‍ ബൊളീവിയയിലെ ജലവിതരണത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്തു. ഒരു മാസത്തിനു ശേഷം ജലത്തിന്റെ വിലയില്‍ 300% വരെ വര്‍ദ്ധനവാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇതിനെതിരെയാണ് ജനങ്ങള്‍ 
തെരുവിലിറങ്ങിയത്. സമരം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. കമ്പനി ബൊളീവിയയില്‍ നിന്ന് പിന്‍വാങ്ങുകയും, ഗവണ്‍മെന്റിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 

ബൊളീവിയയിലെ ജലയുദ്ധത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ Quantum of solace ഒരു ജെയിംസ് ബോണ്ട് ചിത്രമാണ്. രാജ്യത്തിന്റെ ജലവിതരണം തിരിച്ചുപിടിക്കാന്‍ വേണ്ടി പോരാടുന്ന നായകന്റെ കഥയാണത്.  ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുന്ന ചിത്രമാണ് 
 The big sell out(2007). തെക്കേ അമേരിക്ക (വൈദ്യുതി), ഫിലിപ്പൈന്‍സ് (ആരോഗ്യമേഖല), ബ്രിട്ടന്‍ (റെയില്‍വേ), ബൊളീവിയ (ജലവിതരണം) തുടങ്ങിയ രാജ്യങ്ങളിലെ നേരനുഭവങ്ങളിലൂടെ സ്വകാര്യവത്ക്കരണത്തിന്റെ ആഗോളഫലങ്ങളാണ് ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്.

''നമ്മുടെ താല്‍പര്യത്തിനു വിരുദ്ധമായി നമ്മുടെ നദികളും കിണറുകളും തടാകങ്ങളും നമ്മുടെ മേല്‍ വര്‍ഷിക്കുന്ന മഴപോലും അവര്‍ വില്‍ക്കുന്നു.'' ഡാനിയേല്‍ എന്ന സമരനായന്റെ തെരുവുപ്രസംഗത്തില്‍ നിന്നാണ് 'മഴപോലും' (Even the rain) എന്ന ടൈറ്റില്‍ സിനിമക്ക് ലഭിക്കുന്നത്.  2011 ലെ ഓസ്‌ക്കാര്‍ മത്സരങ്ങളില്‍ വിദേശ ഭാഷാചിത്ര വിഭാഗത്തില്‍ സ്‌പെയിനിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഏരിയല്‍ അവാര്‍ഡ്, ഗോയ അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനു ലഭിച്ചു. 2010 ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായിരുന്നു. 

യഥാര്‍ത്ഥത്തില്‍ സിനിമക്കുള്ളിലെ സിനിമയായിട്ടാണ് ബൊളീവിയയിലെ ജലയുദ്ധം (water war) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മെക്‌സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യനും നിര്‍മ്മാതാവ് കോസ്റ്റയും ചേര്‍ന്ന് ക്രിസ്റ്റഫര്‍ കൊളമ്പസിനെക്കുറിച്ച് ഒരു ചിത്രമെടുക്കാനാണ് ബൊളീവിയന്‍ കാടുകളിലേക്ക് യാത്രയാകുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായതുകൊണ്ടാണ് ബൊളീവിയ തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാവ് കോസ്റ്റയെ പ്രേരിപ്പിച്ചത്. ദിവസം 2 ഡോളര്‍ പ്രതിഫലം നല്‍കിയാല്‍ നാട്ടുകാര്‍ സിനിമാ സെറ്റുകളുടെ നിര്‍മ്മാണത്തിനും അഭിനേതാക്കളെന്ന നിലക്കും സഹകരിക്കുന്നു. ഇങ്ങനെ നാട്ടുകാര്‍ക്ക് തുച്ഛവേതനം നല്‍കി, കോസ്റ്റ നല്ലൊരു തുക ലാഭിക്കുന്നു. യൂറോപ്യന്മാര്‍ക്കെതിരെ കലാപം നയിച്ച Alney എന്ന Taino മൂപ്പന്റെ റോളില്‍ അന്നാട്ടുകാരനും ഗോത്രവര്‍ഗ്ഗാക്കാരനുമായ ഡാനിയലിനെ അഭിനയിപ്പിക്കാന്‍ സംവിധായകനായ സെബാസ്റ്റ്യന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇതില്‍ കോസ്റ്റക്ക് താല്പര്യമില്ല. ഡാനിയേലിന്റെ മകള്‍ ബെലനും ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ബൊളീവിയന്‍ സര്‍ക്കാറിന്റെ ജലനയത്തിനെതിരെ കലാപം നയിക്കുന്നവനാണ് ഡാനിയേലെന്ന് സെബാസ്റ്റ്യനറിയുന്നില്ല. എന്നാല്‍ കോസ്റ്റ ഇക്കാര്യമറിഞ്ഞ് അസ്വസ്ഥനാണ്. കലാപത്തില്‍ മുറിവേറ്റ് പ്രത്യക്ഷനാവുന്ന ഡാനിയേലിനോട് ഷൂട്ടിംഗ് തീരുംവരെയെങ്കിലും സമരത്തില്‍ നിന്നു മാറിനില്‍ക്കാന്‍ പതിനായിരം ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. അതു സമ്മതിച്ച് പണം വാങ്ങിയെങ്കിലും ഡാനിയേല്‍ വീണ്ടും സമരത്തില്‍ തുടരുകയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകയും ചെയ്യുന്നതോടെ സംവിധായകന്‍ ആകെ പ്രതിസന്ധിയിലാവുന്നു. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാതാകുന്നു. എന്നാല്‍ കോസ്റ്റ പോലീസിനെ സ്വാധീനിച്ച് പ്രധാന രംഗം ചിത്രീകരിക്കുന്നതിനുവേണ്ടി ഡാനിയേലിനെ താല്ക്കാലികമായി മോചിപ്പിക്കുന്നു. ഷൂട്ടിംഗ് തീരുമ്പോള്‍ പോലീസ് ഡാനിയേലിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും സഹനടന്മാരായ നാട്ടുകാര്‍ പോലീസുമായേറ്റുമുട്ടി ഡാനിയേലിനെ രക്ഷപ്പെടുത്തി. യുദ്ധസമാനമായ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പിറ്റേ ദിവസം ഷൂട്ടിംഗ് സംഘം മടങ്ങാനൊരു ങ്ങുമ്പോള്‍ ഡാനിയേലിന്റെ ഭാര്യ തെരേസ, കോസ്റ്റയെ കാണാനെത്തുന്നു. സമരത്തില്‍ പങ്കെടുത്ത് മുറിവേറ്റ മകള്‍ ബെലനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിന് കോസ്റ്റയുടെ സഹായം തേടിയാണ് തെരേസയുടെ വരവ്. കോസ്റ്റയുടെയും തെരേസയുടെയും സാഹസികയത്‌നങ്ങള്‍ക്കൊടുവില്‍ മുറിവേറ്റ ബെലനെ കണ്ടെത്തി രക്ഷപ്പെടുത്താനാവുന്നു. കലാപങ്ങളുടെ പരിസമാപ്തിയായി ബഹുരാഷ്ട്രകമ്പനി രാജ്യം വിട്ടതായി അറിയിപ്പുണ്ടാകുന്നു. കമ്പനിയുടെ തകര്‍ക്കപ്പെട്ട ഓഫീസില്‍ ഏകനായി നില്‍ക്കുന്ന കോസ്റ്റയ്ക്കു മുന്നില്‍ ഡാനിയേല്‍ പ്രത്യക്ഷനാവുന്നു. തന്റെ മകളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിയായി ഡാനിയേല്‍ ഒരു സമ്മാനം അയാള്‍ക്ക് നല്‍കുന്നു. മടക്കയാത്രയില്‍ വണ്ടിയിലിരുന്ന് കോസ്റ്റ ആ പെട്ടി തുറന്നു നോക്കി. ഒരു ചെറിയ കുപ്പി ജലമായിരുന്നു അത്. ജലത്തിന് അവിടത്തെ നാട്ടുഭാഷയില്‍ ‘യാക്കു‘ (yaku) എന്നാണ് പറയുക. കോസ്റ്റയും ആ വാക്ക് ഉച്ചരിക്കുന്നു.

No comments: