കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 21 September 2011

സിനിമയും കവിതയും: കവിതാമത്സരം.

(സിനിമക്കമ്പം മൂത്തകാലം; പ്രപഞ്ചം സിനിമയായിക്കണുന്ന പ്രായം - രണ്ടാം സിനിമ കഴിഞ്ഞ പാതിരനേരത്ത് - കോഴിക്കോട് ഹോട്ടല്‍ വരാന്തയില്‍ വെച്ച് എഴുതി -  മരണത്തിന്റെ കാലൊച്ചപോലെ അകലെ കടലിരമ്പം.)

ഒട്ടുദൂരത്തെഴും, നാട്ടിന്‍പുറത്തുനി-
ന്നൊറ്റയ്ക്കു ഞാന്‍ പട്ടണവീഥിയില്‍!
വാരാശിപോലെയുണ്ടാള്‍ക്കൂട്ടമെങ്കിലു-
മാരെയും നേരില്‍പ്പരിചയമില്ല മേ!
വന്നിരിക്കുന്നിതാ ഞാനൊരു കോണിലി-
സ്സുന്ദരചിത്രപ്രദര്‍ശനം കാണുവാന്‍!


ലാക്കു വിട്ടുള്ളൊരിക്കൂക്കും വിളികളും
തിക്കും തിരക്കും സഹിക്കുവാന്‍ വയ്യ മേ
പറ്റില്ല; പോകട്ടെ കൂട്ടുകാരൊക്കെയു-
മൊറ്റയ്ക്കിരുന്നിസ്സിനിമ കാണട്ടെ ഞാന്‍!
സം‌പാദിതദീപകുംഭാദ്യലങ്കാര-
സംഭാവിതം ചിത്രഗംഭീരമന്ദിരം!
ചേതോഹരമിതു കൃത്രിമമെങ്കിലും
നൂതനമെറെപ്പുരാതനമാകിലും!
............................................
[സിനിമ കഴിഞ്ഞാല്‍-പി.കുഞ്ഞിരാമന്‍ നായര്‍(1947)]
ആറുപതിറ്റാണ്ടുകള്‍ക്കുമുന്‍പ് പി.കുഞ്ഞിരാമന്‍ നായര്‍ എഴുതിയ കവിതയില്‍ നിന്നാണിത്.അക്കാലത്ത് സിനിമാപ്രദര്‍ശനങ്ങള്‍ കേരളത്തില്‍ അത്ര വ്യാപകമായിരുന്നില്ല.
അതിനുശേഷം സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.

ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.

വിലാസം:
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,
ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് - 679 575,
മലപ്പുറം ജില്ല
ഇ-മെയില്‍ : kaanimail@gmail.com
ഫോണ്‍ : 9447924898
കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക.
.

Sunday, 18 September 2011

ജോണ്‍സണ്‍ സ്മൃതി സന്ധ്യ

2011 സെപ്തംബര്‍ 25 വൈകുന്നേരം 4.00 മണി-ചങ്ങരംകുളം റഗുലേറ്റഡ് മര്‍ക്കറ്റ്
ജോണ്‍സണ്‍ സ്മൃതി സന്ധ്യ
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി.
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്നന്‍,റഫീക്ക് അഹമ്മത്,പി.പി.രാമചന്ദ്രന്‍,ഹരി ആലങ്കോട്,സുരേന്ദ്രന്‍ ആലങ്കോട്,ദേവരാജന്‍,സതീഷ് ബാബു,ശൈലേഷ്,ഗീത,ദാസന്‍,ലതചന്ദ്രമോഹന്‍,പ്രിയ...
അവതരണം:സംഗീത് ഓര്‍ക്കസ്ട്ര,തൃശ്ശൂര്‍.                                                                                                                                         ഏവര്‍ക്കും സ്വാഗതം

Thursday, 8 September 2011

അനുസ്മരണം-ചിത്രപ്രദര്‍ശനം-സന്തൂര്‍ കച്ചേരി


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 13, 14 തിയ്യതികളിലായി ചങ്ങരംകുളം എം.വി. ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായി. ആഗസ്ത് 13ന് വൈകുന്നേരം 4 മണിക്ക് കാണി ഫിലിം സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും, ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഐ.ഷണ്മുഖദാസ്
 ഹരി ആലങ്കോട്, കെ.കെ. ബാലന്‍ മാസ്റ്റര്‍,  അടാട്ട് വാസുദേവന്‍,  മംഗലത്തേരി നാരായണന്‍ നമ്പൂതിരി, വി. മോഹനകൃഷ്ണന്‍, പി. രാജഗോപാലമേനോന്‍,  സോമന്‍ ചെമ്പ്രേത്ത്, പി.കെ.ജയരാജന്‍, മോഹന്‍ ആലങ്കോട്, ശ്രീ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് 'കാണി' വാര്‍ഷിക ജനറല്‍ബോഡി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഒ.കെ.ജോണി
എം. എഫ്. ഹുസൈന്‍ ചിത്രങ്ങളുടെ പ്രിന്റുകള്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത 'ആകാശ കുസുമം' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.ആഗസ്ത് 14 കാലത്ത് 10 മണി മുതല്‍ ചിത്ര പ്രദര്‍ശനം നടന്നു. വൈകുന്നേരം 3 മണിക്കു ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍, ഐ. ഷണ്മുഖദാസ്, ഒ.കെ. ജോണി, കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ശ്രീ. കെ.സി. എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തെയും ഈയിടെ അന്തരിച്ച എം.എഫ്. ഹുസൈനെയും അനുസ്മരിച്ച് ശ്രി. കെ.യു. കൃഷ്ണകുമാറും (പ്രിന്‍സിപ്പാള്‍, ചുവര്‍ചിത്രകലാകേന്ദ്രം, ഗുരുവായൂര്‍), ചിന്ത രവിയെ അനുസ്മരിച്ച് ശ്രീ. ഒ.കെ. ജോണിയും, മണികൗളിനെ അനുസ്മരിച്ച് ശ്രീ. ഐ. ഷണ്മുഖദാസും പ്രഭാഷണങ്ങള്‍ നടത്തി.
ആലങ്കോട് ലീലാകൃഷ്ണന്‍
സന്തൂര്‍ വിദഗ്ധന്‍ പണ്ഡിറ്റ് ശിവകുമാര്‍ശര്‍മ്മയുടെ കേരളത്തിലെ ഏകശിഷ്യനായ ശ്രീ. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി തുടര്‍ന്ന് അരങ്ങേറി. ശ്രീ. കേദാര്‍നാഥ് തബലയില്‍ അകമ്പടിയേകി.
സന്തൂര്‍ കച്ചേരിക്കുശേഷം ചിന്ത രവി, (ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍) കെ.സി.എസ്. പണിക്കര്‍ (വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും)    എന്നിവരെക്കുറിച്ചുള്ള ലഘു ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചു. അഡ്വ. പി. രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണന്‍ സ്വാഗതവും, സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഒരു സദസ്സ് സാക്ഷ്യം വഹിച്ചു.
കെ.യു.കൃഷ്ണകുമാര്‍
സന്തൂര്‍ കച്ചേരി
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടേയും /  ഫേസ് ബുക്കിലും