കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 24 February 2010

നാന്‍ കടവുള്‍



മെയ്‌ക്കപ്പിനും (വി. മൂര്‍ത്തി) മികച്ച സംവിധായകനുമുള്ള (ബാല) 2008ലെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ തമിഴ്‌ ചിത്രമാണ്‌ `നാന്‍ കടവുള്‍'.
ജ്യോതിഷികളുടെ ഉപദേശമനുസരിച്ച്‌ കാശിയിലെ ഒരാശ്രമത്തിലുപേക്ഷിച്ച തന്റെ മകന്‍ രുദ്രനെ അന്വേഷിച്ച്‌ കൊല്ലങ്ങള്‍ക്കുശേഷം അച്ഛന്‍ എത്തുന്നു. മകളുമൊത്തുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ അവന്‍ നരമാംസഭോജനം നടത്തുന്ന `അഘോരി' സന്യാസിയായതറിഞ്ഞ്‌ മോഹാലസ്യപ്പെടുന്നു. കാപാലിക മതത്തിലെ ഒരു ഉപവിഭാഗമാണ്‌ അഘോരികള്‍. താന്‍ തന്നെയാണ്‌ ഈശ്വരന്‍ (അഹം ബ്രഹ്മാസ്‌മി) എന്നാണ്‌ അവന്‍ കരുതുന്നത്‌. അച്ഛന്‍ അവനെ തമിഴ്‌നാട്ടിലേക്ക്‌ മടക്കികൊണ്ടുവരുന്നു.
ഈ ഘട്ടത്തില്‍ കഥ വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ യാചകരുടെ ലോകത്തിലേക്ക്‌ തിരിയുന്നു. താണ്‌ഡവന്‍ എന്ന ക്രൂരനാല്‍ നിയന്ത്രിക്കപ്പെടുന്ന ലോകം. ഹംസവല്ലി എന്ന അന്ധയായ പെണ്‍കുട്ടിയെ അവളുടെ കൂട്ടത്തില്‍ നിന്ന്‌ ബലമായി മാറ്റുകയും താണ്‌ഡവന്റെ യാചകകൂട്ടത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വളരെപ്പെട്ടെന്ന്‌ അവള്‍ താണ്‌ഡവന്റെ ക്രൂരതകള്‍ക്കിരയാവുന്നു.
ഇനിയൊരു ജന്മം ഉണ്ടാകാത്ത രീതിയില്‍ തന്നെ ദൈവത്തിനു ബലിനല്‍കി നിത്യമോക്ഷം നല്‍കണമെന്ന്‌ ഹംസവല്ലി രുദ്രന്റെ മുന്നില്‍ കേഴുന്നു. രുദ്രന്‍ അവളെ കഴുത്തറുത്തു കൊലപ്പെടുത്തുന്നു.
ജീവിതം ദുസ്സഹമാക്കുന്നവര്‍ക്ക്‌ നല്‍കുന്ന ശിക്ഷയും മരണം. ലോകജീവിതം അസാധ്യമായവര്‍ക്ക്‌ നല്‍കുന്ന മോക്ഷവും മരണം.
ജയമോഹന്റെ `ഏഴാംകാലം' എന്ന നോവലാണ്‌ സിനിമയ്‌ക്കാധാരം. ആര്യ (രുദ്രന്‍) പൂജന്‍ (താണ്‌ഡവന്‍) എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
2010 ഫെബ്രുവരി 28 കാലത്ത്9.30 മുതല്‍
 ചങ്ങരം കുളം കൃഷ്ണ മൂവീസില്‍

Tuesday, 16 February 2010

പിന്നെയും പിന്നെയും....

ഗിരീഷ് പുത്തഞ്ചേരി ഫെബ്രുവരി 10ന് 49-ം വയസ്സില്‍ മരണത്തിന് വിധേയനായപ്പോള്‍ മലയാള ചലച്ചിത്ര ഗാനരംഗത്ത് പുതിയ കാലത്തിന്റെ ഒരദ്ധ്യായമാണ് അവസാനിക്കുന്നത്.വ്യക്തിമുദ്ര പതിപ്പിച്ച ഗാനങ്ങളോടെ ചലച്ചിത്ര രംഗത്ത് തുടരുന്നു എന്നു പറയാന്‍ ഏറെയാളുകള്‍ഇന്നു ജീവിച്ചിരിപ്പില്ല.കവികളായി ഗാനരംഗ ത്തെത്തിയവരായിരുന്നു ആദ്യ കാല ഗാനരചയിതാക്കളെല്ലാം. പി.ഭാസ്കരന്‍,വയലാര്‍, ഒ.എന്‍.വി,യൂസഫലികേച്ചേരി തുടങ്ങിയആദ്യനിരക്കാരുടെ ഗാനങ്ങള്‍ കവിതയുടെ സൌരഭ്യം കൂടി പുരണ്ടതായിരുന്നു.പില്‍ക്കാല കവികളില്‍ പലരും ഗാനരചയിതാക്കളാകാന്‍ ആഗ്രഹിച്ചുവെങ്കിലും അത് ഫലവത്താവുകയുണ്ടായില്ല.കവിതവേറെ,ഗാനം വേറെ എന്ന് അവര്‍ തിച്ചറിഞ്ഞിരിക്കണം.(സിനിമാക്കാരാവാന്‍ മോ‍ഹിച്ച മറ്റ് എഴുത്തുകാരുടേയും സ്ഥിതി ഏറെ ഭിന്ന്നമാ‍യിരുന്നില്ല)ഇതിനൊരപവാദമായി ഇന്നുള്ളത് കെ.ജയകുമാര്‍, കൈതപ്രം, റഫീക് അഹമ്മത് തുടങ്ങിയവര്‍ മാത്രമായിരിക്കും. കവിതയില്‍ കൈവിടാത്ത താളബോധം ഗാനരംഗത്തും അവരെ കൃതഹസ്തരാക്കുകയാണുണ്ടായത്.എന്നാല്‍ ഗിരിഷ് പുത്തഞ്ചേരി കവിതകളെഴുതിയിട്ടുണ്ടെങ്കിലും അതിന്റെ പിന്‍ബലത്തിലല്ല ആ ഗാനങ്ങളുടെനില്‍പ്.തന്റെ എഴുതാത്ത കവിതകള്‍ കൂടി ഗാനങ്ങള്‍ക്കായി മാറ്റി വെയ്ക്കുകയായിരുന്നു ഗിരീഷ്.കാവ്യാനുഭവമൊ അര്‍ത്ഥ ഭംഗിയോ അത്യാവശ്യമല്ലാതിരുന്ന വല്ലാത്തകാലത്താണ് ഗിരീഷിന്റെ ഗാനങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണതയോടെആസ്വാദകരിലേ ക്കെത്തുന്നത്.’സൂര്യകിരീടം വീണുടഞ്ഞു..’എന്നൊരു ഗാനത്തെ ആസ്വാ‍ദന ക്ഷമമാക്കുന്നത് , ആലാപന ഭംഗിമാത്രമല്ല; അര്‍ത്ഥ വിനിമയശേഷിയും കൂടിയാണ്.
328 ചിത്രങ്ങള്‍ക്കു വേണ്ടി എഴുതിയ 1556 ഗാനങ്ങളില്‍ ഭൂരിഭാഗവും ഓരോ കാരണങ്ങളാല്‍മനസ്സില്‍തട്ടുന്നതാക്കാന്‍ കഴിഞ്ഞ‌താണ്ഗിരീഷിന്റെ പ്രസക്തി.സംസ്ഥാന ആവാര്‍ഡ് നേടിയ ഗാനങ്ങള്‍ക്കു പുറമേ, മീശ മാധവന്‍,നന്ദനം, പ്രണയവര്‍ണങ്ങള്‍,തേന്മാവിന്‍ കൊമ്പത്ത്,രാവണപ്രഭു,ഈപുഴയും കടന്ന്,വടക്കും നാഥന്‍,അരയന്നങ്ങളുടെവീട്,ഒരേ കടല്‍,ചന്ദ്രോത്സവം,കാശ്മീരം,കന്മ്മദം,ആറാംതമ്പുരാന്‍,മായാമയൂരം,ബനാറസ്,കൃഷ്ണഗുഡിയില്‍ഒരുപ്രണയകാലത്ത്.. തുടങ്ങിയ ചിത്രങ്ങളിലെ മുഴുവന്‍ ഗാനങ്ങളും മനസ്സിലേക്കോടിയെത്തും.
ഗിരീഷ് പുത്തഞ്ചേരിക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഗാനങ്ങള്‍:
1.നിലാവിന്റെ നീലഭസ്മ(1995,അഗ്നിദേവന്‍)
2.പിന്നെയും പിന്നെയും(1997,കൃഷ്ണ ഗുഡിയില്‍..)
3.കനകമുന്തിരികള്‍(1999,പുനരധിവാസം)
4.ആകാശ ദീപങ്ങള്‍(2001,രാവണപ്രഭു)
5.കാര്‍മുകില്‍ വര്‍ണ്ണന്റെ(2002,നന്ദനം)
6.ഉറങ്ങാതെ(2003,ഗൌരീശങ്കരം)
7.കണ്ണും നട്ട്(2004,കഥാവശേഷന്‍)
നാല്പത്തൊമ്പത് വയസ്സിലൊടുങ്ങിയ ആ ക്ഷിപ്രജീവിതത്തിന്റെ ദീപ്തസ്മരണയിലാക്കും വരുംകാല ചലച്ചിത്രഗാന ലോകം ജീവിക്കുന്നത്.
ഗിരീഷിന്റെ മുഴുവന്‍ ഗാനങ്ങളുടെലിസ്റ്റ് ഇവിടെ
പിന്നെയും പിന്നെയും...