കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday 17 January 2010

ട്രീലെസ്സ് മൌണ്ടനും പുതിയ കാളിന്ദിയും

കുട്ടിക്കാലത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്‌ എന്ന്‌ പ്രശംസിക്കപ്പെട്ടതും 2009ലെ ഗോവ, തിരുവനന്തപുരം അന്തരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതുമായ Treeless Mountain എന്ന കൊറിയന്‍ ചിത്രമാണ്‌ ഈ മാസത്തില്‍ `കാണി' പ്രദര്‍ശിപ്പിക്കുന്നത്‌. സോ യോങ്ങ്‌ കിം സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‌ രണ്ടു മേളകളിലും പ്രേക്ഷക പ്രശംസ ഏറെ ലഭിക്കുകയുണ്ടായി. ബെര്‍ലിന്‍, ദുബായ്,പുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ബഹുമതിക്കര്‍ഹമായതുമാണ്‌ ഈ ചിത്രം.

അസാധാരണമായ അഭിനയ പാടവമാണ്‌ ഈ ചിത്രത്തില്‍ ജിന്‍, ബിന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടികള്‍ കാഴ്‌ചവെച്ചിട്ടുള്ളത്‌.ജിന്നിനേയും, ബിന്നിനേയും പിതാവ്‌ ഉപേക്ഷിച്ചുപൊയതാണ്‌. അമ്മയോടൊപ്പം സോളിലെ ഒരു ചെറിയ കെട്ടിടത്തിലാണ്‌ അവര്‍ താമസിക്കുന്നത്‌. അമ്മായിയുടെസംരക്ഷണത്തില്‍ കുട്ടികളെ ഏല്‍പിച്ച്‌ അവരുടെ അമ്മ പിതാവിനെ തേടിപ്പോകുന്നു. പോകുമ്പോള്‍ ഒരു കാശു കുടുക്ക അവര്‍ക്ക്‌ സമ്മാനിക്കുന്നു. കാശു കുടുക്ക നിറയുമ്പോള്‍ തിരിച്ചുവരുമെന്നാണ്‌ അമ്മയുടെ വാഗ്‌ദാനം. വലിയ നാണയങ്ങള്‍ക്കു പകരം ചെറിയ നാണയങ്ങള്‍ കൂടുതല്‍ എണ്ണം ലഭിക്കുമെന്ന്‌ മനസ്സിലാക്കിയ ജിന്നും ബിന്നും അമ്മ വേഗം വരാനായി അതുപയോഗിച്ച്‌ കാശുകുടുക്ക പെട്ടെന്ന്‌ നിറക്കുന്നു. നിറഞ്ഞ കാശുകുടുക്കയുമായി അവര്‍ അമ്മയെ കാത്ത്‌ റോഡിലിറങ്ങി നിന്നുവെങ്കിലും അമ്മ വരുന്നില്ല. അമ്മായിക്ക്‌ വീട്‌ നഷ്‌ടമാവുകയും കൂടി ചെയ്‌തതോടെ, അവര്‍ക്ക്‌ അമ്മൂമ്മയുടെയും അപ്പൂപ്പന്റേയും കൃഷിയിടത്തിലേക്ക്‌ പോകേണ്ടിവരുന്നു. അവിടെ അവര്‍ക്ക്‌ സ്‌നേഹവും കുടുംബബന്ധങ്ങളെക്കുറിച്ച്‌ വിലേയേറിയ അറിവുകളും ലഭിക്കുന്നുണ്ടെങ്കിലും അത്‌ അമ്മക്ക്‌ പകരമാവുന്നില്ല. അമ്മയിനി തിരിച്ചുവരുകയുണ്ടാവില്ലെന്ന്‌ ക്രമേണ അവര്‍ തിരിച്ചറിയുന്നു. ഇളയ സഹോദരിക്ക്‌ സ്‌നേഹം നല്‍കാന്‍ മൂത്തവളായ ജിന്‍ശ്രമിക്കുന്നു.

മനോഹരവും ലളിതവുമായ ആഖ്യാനം, മികച്ച ഛായാഗ്രഹണം, രണ്ടു കുട്ടികളുടെ (ഹീ യൂണ്‍ കിം, സോങ്ങ്‌ ഹീ കിം) അഭിനയമികവ്‌ എന്നിവ ഈ ചിത്രത്തെ നല്ലൊരു കാഴ്‌ചാനുഭവമാക്കുന്നു.

ഗുരുവായൂരിലെ മാലിന്യപ്രശ്‌നം `ചക്കം കണ്ടം' ഗ്രാമനിവാസികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്‌ മുസ്‌തഫ ദേശമംഗലം സംവിധാനം ചെയ്‌ത `പുതിയ കാളിന്ദി പറയുന്നത്‌' എന്ന ചിത്രം.ഈ ചിത്രത്തിന്റെ പ്രദര്‍ശനശേഷം അണിയറ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

പ്രദര്‍ശനത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.


video

1 comment:

സനാതനൻ | sanathanan said...

ട്രീലെസ് മൌണ്ടൻ കണ്ടിരുന്നു. വളരെ നല്ല ചലചിത്രം.