കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday, 19 June 2009

റഷ്യന്‍ ചലച്ചിത്രോത്സവവും മറ്റും...

ഈ മാസത്തില്‍ വിപുലവും വ്യത്യസ്തവുമായ പരിപാടികളാണ് കാണിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുള്ളത്. സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്രകലാ ക്യാമ്പിനോടും പ്രദര്‍ശനത്തോടും അനുബന്ധിച്ച് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും സഹകരണത്തോടെ ജൂണ്‍ 27,28 തിയ്യതികളിലായി രണ്ട് ദിവസത്തെ റഷ്യന്‍ ചലച്ചിത്രോത്സവവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചിട്ടു ണ്ട്. ആന്ദ്രെ തര്‍ക്കൊവ്സ്കിയുടെ ചിത്രങ്ങളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്.
മറ്റൊരു പരിപാടി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ്. മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം വഹിക്കും.
പരിപാടികള്‍
രാ‍ജകീയ മംഗല്യ ഭവന്‍ ഓഡിറ്റോറിയം, തൃശ്ശൂര്‍ റോഡ്, ചങ്ങരംകുളം
ജൂണ്‍ 26 വെള്ളിയാഴ്ച
കാലത്ത്9.30മുതല്‍
ചിത്രകലാ പഠനകളരി, ചിത്ര രചനാ മത്സരം
വൈകുന്നേരം4.00മണി
പൊതു സമ്മേളനം, അവാര്‍ഡ് ദാനം, അനുമോദനം(വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ കുമാര്‍ എടപ്പാളിനും നൈറ്റ് ഹുഡ് ബഹുമതി നേടിയ കെ.വി.കൃഷ്ണനും)
ഉദ്ഘാടനം:സുകുമാര്‍ അഴീക്കോട്
പങ്കെടുക്കുന്നവര്‍:ഭരത് മുരളി,പ്രിയനന്ദനന്‍,വി.ശാന്താറാം,ഐ.പി.എസ്,രതീഷ്.സി.നായര്‍ ...
വൈകുന്നേരം7.00മണി
സിനര്‍ജി വിശ്രാന്തി- ഹിന്ദുസ്ഥാനി സംഗീതം.
സന്തൂര്‍:ഹരി ആലങ്കോട്,തബല:മുജീബ് റഹ്‌മാന്‍


ജൂണ്‍ 27 ശനിയാഴ്ച്ച
ചിത്ര പ്രദര്‍ശനം(സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍)(കാലത്ത് 9.30 മുതല്‍ വൈകീട്ട് 5.30 വരെ)
റഷ്യന്‍ ചലച്ചിത്രോത്സവം(റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഫിലിം സൊസൈറ്റി ഫെഡറെഷന്‍ എന്നിവയുടെ സഹകരണത്തോടെ)
കാലത്ത് 9.30 :ഇവാന്‍സ് ചൈല്‍ഡ് ഹുഡ് (സംവിധാനം:ആന്ദ്രെ തര്‍ക്കോവ്സ്കി)
11.30 : ഒളിച്ചുകളി (സംവിധാനം: വികാസ്.വി.എന്‍)
ഉച്ചക്ക് 12.00 :
ഗേള്‍ വിത്ത് എ പേള്‍ ഇയര്‍ റിങ്ങ്
(സംവിധാനം : പീറ്റര്‍ വെബ്ബര്‍)
2.30 : രണ്ട് (സംവിധാനം : സുദേവന്‍ പെരിങ്ങോട്)


വൈകുന്നേരം 3.00 :
മിറര്‍
(സംവിധാനം : ആന്ദ്രെ തര്‍ക്കൊവ്സ്കി)

4.00 : 90 സെന്റിമീറ്റര്‍ (സംവിധാനം : ഷാനവാസ് നരണിപ്പുഴ)
4.30 : കാഴച്ചപ്പാടം (സംവിധാനം : പി.പി.സലിം)
വൈകുന്നേരം 6.00 : തലപ്പാവ് (സംവിധാനം: മധുപാല്‍)
ജൂണ്‍ 28 ഞായറാഴ്ച്ച
ചിത്രപ്രദര്‍ശനം(കാലത്ത് 9.30 മുതല്‍ വൈകീട്ട് 5.30 വരെ)
സിനിമാ പ്രദര്‍ശനം
കാലത്ത് 9.30 : അരുന്ധതി പറയുന്നത് (ലഘു ചിത്രം)
10.00 : സാക്രിഫൈസ്( സംവിധാനം : ആന്ദ്രെ തര്‍ക്കൊവ്സ്കി)
ഉച്ചക്ക് 2.30 പുസ്തക പ്രകാശനം
(വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം)
പ്രകാശനം നിര്‍വ്വഹിക്കുന്നത് : മഹാകവി അക്കിത്തം
ഏറ്റുവാങ്ങുന്നത്:അഭിരാമി
തുടര്‍ന്ന്
നമ്മുടെ കാലം, നമ്മുടെ കവിത(കവിതാവായന,വര്‍ത്തമാനം)

പങ്കെടുക്കുന്നവര്‍: ആലങ്കോട് ലീലകൃഷ്ണന്‍, കെ.ജെ.ജോണീ,പി.പി.രാമചന്ദ്രന്‍, ഡോ:ചാത്തനാത്ത് അച്യുതനുണ്ണി,കെ.വി.രാമകൃഷ്ണന്‍,ഡോ:എന്‍.എം.നമ്പൂതിരി, എം.എം.നാരായണന്‍,പി.സുരേന്ദ്രന്‍,റഫീക് അഹമ്മദ്,വി.ജി.തമ്പി,രാമന്‍.പി,അന്‍‌വര്‍ അലി,കെ.കെ ഹിരണ്യന്‍,മണമ്പൂര്‍ രാജന്‍ ബാബു....

വയനാട്ടിലെമഴയെപ്പറ്റി കൂടുതല്‍ ഇവിടെ

Tuesday, 9 June 2009

കമല സുരയ്യ എന്നപലമ

കമലസുരയ്യയെ എങ്ങനെ യാകും ഇനിയുള്ള കാലം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്? ദേശകാലങ്ങ ളിലൂടെപുന്നയൂര്‍ക്കുള ത്തുനിന്നു തുടങ്ങി, കല്‍ക്കട്ടയും ബോംബെയും പലവട്ടം കേരളവുമായി ഓടിത്തീര്‍ത്ത ജീവിതമെന്നോ ആമി, കമല, കമലാദാസ്, മാധവിക്കുട്ടി, കമല സുരയ്യ എന്നിങ്ങനെ പല പേരുകളിലൂടെ ആടിത്തീര്‍ത്ത അധ്യായമെന്നോ, രണ്ട് മതങ്ങള്‍ക്കിടയിലും പിന്നെപല മതങ്ങള്‍ക്കിടയിലും ആന്ദോളനമായി ആത്മീയതക്കപ്പുറം ഭൌതികതയെ തേടിയ ശരീരമെന്നോ, അറിയാവുന്ന വളരെക്കുറച്ച് വാക്കുകള്‍ കൊണ്ട് അതിവിശാലമായ ഒരാശയ പ്രവര്‍ത്തനം സൃഷ്ടിച്ച എഴുത്തുകാരിയെന്നോ........
മാധവിക്കുട്ടി പല പേരില്‍ നിറഞ്ഞിരിക്കുന്നത് പോലെ , പല നാട്ടുകാരിയായിരിക്കുന്നത് പോലെ, പല മതക്കാരി യായിരിക്കുന്നത് പോലെ, എഴുത്തിലും പലതായിരുന്നു. കഥയും കവിതയും നോവലും ആത്മകഥയും ഒരേ പോലെ എഴുതി. ആത്മകഥയെ കഥയും, കഥയെ ആത്മകഥയുമാക്കി. സാധാരണമട്ടില്‍ വലിയ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. വളരെ വലിയൊരു ‘പലമ’യായിരുന്നു അവര്‍. മരണാനന്തരം, കേരളം അവര്‍ക്കു നല്‍കിയ ആദരവും ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായി. തന്നോടുള്ള കേരള ജനതയുടെ നിലപാടില്‍ പ്രതിഷേധിച്ച് പൂനെയിലേക്കു പോയ അവരോടുള്ള പ്രായശ്ചിത്തം കൂടിയായി കേരളീയരുടെ ഈ മനം മാറ്റം. മൂന്നു ദിവസം തുടര്‍ച്ചയായി ചാനലുകള്‍ അവരുടെ അഭിമുഖ സംഭാഷണവും മരണാനന്തര ചടങ്ങുകളും പ്രക്ഷേപണം ചെയ്തു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള അവരുടെ മരണാനന്തര യാത്രക്ക് എത്തിച്ചേര്‍ന്ന വലിയ ജനാവലിയുടെ സാന്നിദ്ധ്യം അത്ഭുതകരമെന്നേ പറയാവൂ. ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ കേരളത്തില്‍ ലഭിച്ച ഏറ്റവും മികച്ച ആദരവായിരുന്നുഅത്. ഏതെങ്കിലും സ്ത്രീക്ക് കേരളത്തില്‍ ഇതിലും വലിയ മരണാനന്തര ബഹുമതി ഇതിനു മുന്‍പ് ലഭിച്ചിട്ടില്ല. പൂനെയില്‍ നിന്നു മൃതശരീരം കേരളത്തിലെത്തി ക്കാനും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ പൊതുദര്‍ശനത്തിനു വെക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച സന്നദ്ധതയും ആര്‍ജ്ജവവും അഭിനന്ദനാര്‍ഹം തന്നെ.
‘കാണി‘യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 7നു വൈകുന്നേരം കമലാ സുരയ്യയെ അനുസ്മരിക്കുകയുണ്ടായി. കമലാ സുരയ്യയുടെ ജീവിതവും കൃതികളും വിലയിരുത്തിക്കൊണ്ട് ആലംകോട് ലീലാകൃഷ്ണന്‍ സംസാരിച്ചു. മതേതരത്വ ത്തിന്റെ ചിഹ്നങ്ങളിലൊന്നായി കമലാ സുരയ്യ നിലനില്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിക്കു സമാനമായ ചരിത്ര പ്രദേശമായി പാളയം പള്ളിയും മതേതര പ്രതീകമായി ഭാവിയില്‍ അറിയ പ്പെടാനിടയാകുമെന്നും ലീലാകൃഷ്ണന്‍ പറഞ്ഞു. എം.സി.രാജനാരായണന്‍, പി.രാജഗോപാല മേനോന്‍, വാസുദേവന്‍ അടാട്ട്, പി.പി.ഉമ്മര്‍ കുട്ടി, സി.എസ്.സോമന്‍ എന്നിവരും പങ്കെടുത്തു.
മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
സോഹന്‍ലാല്‍ ജനനം : നവംബര്‍ 14,1976 .ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ,വെബ്ഡിസൈനിംഗില്‍ പി.ജി ഡിപ്ലോമ .ടി.വി പ്രോഗ്രാം നിര്‍മാണത്തില്‍ 15 വര്ഷത്തെ പ്രവൃത്തി പരിചയം .ഇന്ത്യവിഷന്‍ ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ,ജീവന്‍ ടി.വി,അമൃത ടി.വി എന്നീ ചാനലുകളില്‍ ഉദ്യോഗസ്ഥനായിരുന്നു .മാധവിക്കുട്ടിയുടെ കഥ ആസ്പദമാക്കി സംവിധാനം ചെയ്ത "നീര്‍മാതളത്തിന്റെ പൂക്കള്‍ "എന്ന ടെലിഫിലിം അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്ഡുകള്‍ക്ക് അര്‍ഹമായി.സോഹന്‍ലാല്‍ എഴുതി സംവിധാനം ചെയ്ത "ഓര്ക്കുക വല്ലപ്പോഴും " എന്ന ചലച്ചിത്രം 2009 ജനുവരി മാസം കേരളത്തിലെ തീയറ്ററുകളിലെത്തി .ഭാര്യ : അമൃത സോഹന്‍ , മകള്‍ : ആമി വിലാസം :GNA177,Gandhinagar ,Vazhuthacadu ,TVM-14,Kerala,Indiamobile : +919847055525e-mail : festival@sohanlal.comwebsite : www.sohanlal.com

Wednesday, 3 June 2009

ഫിലിം സൊസൈറ്റി പ്രസ്ഥാനം അതിജീവിക്കുമോ?

ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി അവയുടെതുമാത്രമല്ലെന്നും, എല്ലാ സാമൂഹ്യ സാംസ്ക്കാരിക മുന്നേറ്റ ങ്ങള്‍ക്കും ഇതിനു സമാനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെ ന്നും‘കാണി‘യുടെ ആഭിമുഖ്യത്തില്‍ നടന്ന “ഫിലിം സൊസൈറ്റി പ്രസ്ഥാനം പോയ കാലവും വരും കാലവും” എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഫിലിം സൊസൈറ്റികളുടെ കാര്യത്തില്‍ സിനിമയും സാങ്കേതികവിദ്യയുമാ യി ബന്ധപ്പെട്ട കാര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ കൂടി നേരിടേണ്ടി വരുന്നുണ്ട്. ആലംകോട് ലീലാകൃഷ്ണനാണ് സെമിനാറിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചത്. കെ.ജി.മോഹന്‍കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, ചെറിയാന്‍ ജോസഫ്, മധു ജനാര്‍ദ്ദനന്‍, സ്ക്കറിയാ മാത്യൂ, പി.സുന്ദരരാജന്‍, പി.സി.ജോസ്, ചന്ദ്രശേഖ രന്‍, ശശികുമാര്‍, കെ.കെ.ബാലന്‍, പ്രകാശന്‍.കെ.വി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കൂടിയായ കെ.ജി.മോഹന്‍കുമാര്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടു ത്തി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി സൊസൈറ്റികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നുണ്ട്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതും നടത്തിക്കഴിഞ്ഞതുമായ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം രേഖപ്പെടുത്താതെ പോകുന്നുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ഇത്തരം അനൌദ്യോഗിക ഫിലിം സൊസൈറ്റികളുടെ ചരിത്രം കൂടിയാണ് എന്ന വാസ്തവം മറന്നു കൂടാ. ശ്രീ ചെലവൂര്‍ വേണു നാല്പതിലേറെ വര്‍ഷങ്ങളായി കോഴിക്കോട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അശ്വനി ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയാണ്. തന്റെ ദീര്‍ഘകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പോയ കാലത്തെ കുറിച്ച് സംസാരിച്ചത്. 16 MM പ്രൊജക്ടറുകള്‍ ഉപയോഗിച്ചുള്ള അക്കാലത്തെ പ്രദര്‍ശനത്തില്‍ അനുഭ വപ്പെട്ട ദുഷ്ക്കരതകള്‍ അദ്ദേഹം ഒന്നൊന്നായി വിവരിച്ചത് ഈ രംഗത്തെ നവാഗതര്‍ക്ക് പുതിയ അനുഭവമായി. അനുഭവ തീക്ഷ്ണതയിലൂന്നി നിന്നു കൊണ്ടു തന്നെയാണ് രശ്മി ഫിലിം സൊസൈറ്റി സെക്രട്ടറി കൂടിയായ പ്രകാശ് ശ്രീധര്‍ സംസാരിച്ചത്. 35 വര്‍ഷക്കാലമായി മലപ്പുറത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന “രശ്മി”യും, ഒട്ടേറെ ദുഷ്ക്കര പാതകളില്‍ കൂടിത്തന്നെയാണ് ഇത്ര കാലവും സഞ്ചരിച്ചത്. ഫിലിം സൊസൈറ്റികളുടെ പോയ കാലം സംസാരിച്ചു തീര്‍ക്കാന്‍ എളുപ്പമാണെങ്കിലും അതിന്റെ കാഠിന്യംവളരെയേറെയായി രിക്കും. രശ്മി ഫിലിം സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനും ‌‌‌‌‌‌ആക്ടിവിസ്റ്റുമായ പി.സുന്ദരരാജന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സ്ഥാപനവല്‍ക്കരണത്തെ തുറന്നെതിര്‍ക്കാന്‍ മടി കാണിച്ചില്ല. ഫിലിം സൊസൈറ്റി പ്രസ്ഥാനം മൊത്തത്തില്‍ ജനങ്ങളില്‍ നിന്നകലുകയും, അവരുടെ താല്പര്യങ്ങളും മുന്‍ഗണനകളും മുഖ്യധാരാ സിനിമകള്‍ക്കനുകൂലമാവുകയും ചെയ്തതാണ്, സൊസൈറ്റികളുടെ അപചയ ത്തിന്റെ പ്രധാന കാരണം. ഫിലിം സൊസൈറ്റികള്‍ അധികാര രാഷ്ട്രീയത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നതും മറ്റൊരു കാരണമാണ്. ഒഡേസ, നവചിത്ര (കുന്ദംകുളം) എന്നിവയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ വിവരണ മാണ് സ്ക്കറിയാ മാത്യൂ നടത്തിയത്. എണ്‍പതുകളിലെ ഫിലിം സൊസൈറ്റികള്‍ക്ക് അടച്ചു പൂട്ടിയ ഘടന യായിരുന്നു. ഒരു പ്രത്യേക വിഭാഗം ബുദ്ധിജീവികള്‍ മാത്രമാണ് അത്തരം സിനിമകള്‍ കാണാനെത്തിയിരുന്നത്. ഒഡേസ പ്രസ്ഥാനമാണ് ഈ ഘടനയില്‍ നിന്ന് ഫിലിം പ്രദര്‍ശനങ്ങളെ പുറത്തു കൊണ്ടു വന്നത്. ഫിലിം സൊസൈറ്റി രംഗത്തെയും ജനകീയ സംരംഭമായിരുന്നു ഒഡേസ. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ സ്വയം നവീകരിക്കാതെ ഗൃഹാതുരതയില്‍ മുഴുകിക്കഴിയുകയാണെങ്കില്‍ ഈ പ്രസ്ഥാനം മുന്നോട്ടു പോവുകയില്ലെന്ന കാഴ്ച്ചപ്പാടാണ് മധു ജനാര്‍ദ്ദനന്‍ (മൊണ്ടാഷ്) അവതരിപ്പിച്ചത്. പഴയ ക്ലാസ്സിക്കുകള്‍ ഇനിയും ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയുടെ അഭിരുചികള്‍ അത്രയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തി ലെ ഫിലിം സൊസൈറ്റികളുടെ തുടക്ക കാലത്ത് പ്രദര്‍ശനങ്ങള്‍ക്കായി ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലും മറ്റും സൊസൈറ്റികള്‍ക്ക് വലിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. “സ്വയംവരം” എന്ന ചിത്രത്തെ ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച സൊസൈറ്റികള്‍ “ഓളവും തീരവും” എന്ന ചിത്രത്തെ ഗൌനിച്ചതേ ഇല്ല. ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന് തളര്‍ച്ച സംഭവിക്കുന്നത് ടെലിവിഷന്‍ വ്യാപകമായതോടെയാണ്. സിനിമകളുടെ DVD കോപ്പി കള്‍ വ്യാപകമാവാന്‍ തുടങ്ങി. രാഷ്ട്രീയമായ ഉള്ളടക്കം ഇല്ലാതെ ഫിലിം സൊസൈറ്റികള്‍ക്ക് ഇനിയും മുന്നോട്ട് പോകാനാവില്ല. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം ചിത്രലേഖയിലാരംഭിക്കുന്നു എന്ന കാഴ്ച്ചപ്പാട് തിരുത്തപ്പെടേണ്ടതാണെന്ന അഭിപ്രായമാണ് ചെറിയാന്‍ ജോസഫ് (തൃശൂര്‍ ചലച്ചിത്ര കേന്ദ്രം) പകടിപ്പിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ മുന്‍കയ്യി ലാണ് ചിത്രലേഖ ആരംഭിക്കുന്നത്. അതിനു ഒരു പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആശയപരമായ പിന്‍ബലമൊന്നും ഇല്ലായിരുന്നു. അതിനു മുമ്പും കേരളത്തില്‍ ഫിലിം സൊസൈറ്റികളുണ്ടായിരുന്നു. ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. ചിത്രലേഖയുടെ ആരംഭം ആസ്വാദനത്തില്‍ ഗുണപരമായ ഒരു വ്യതിയാനമുണ്ടാക്കി എന്നത് വസ്തുതയാണ്. വാസ്തവത്തില്‍കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഉത്തേജിപ്പിച്ചത് കന്നട നവതരംഗ സിനിമ കളില്‍ നിന്നുള്ള ഊര്‍ജ്ജമായിരുന്നു. കേരളത്തിലെ ആദ്യകാല ഫിലിം സൊസൈറ്റികളില്‍ മറക്കാനാവാത്ത പേരുകളിലൊന്നായ കാസര്‍കോട്ഫിലിം സൊസൈറ്റിയുടെയും മലബാറിലെ മറ്റ് നിരവധി ഫിലിം സൊസൈറ്റികളു ടെയും പ്രദര്‍ശനങ്ങളില്‍ കന്നട സിനിമകളായ സംസ്ക്കാര, കാട്,ചോമനദുഡി എന്നീ ചിത്രങ്ങളുമുണ്ടായിരുന്നു. 1970 കളുടെ തുടക്കത്തിലാണ് ഇത് സംഭവിക്കുന്നത്. കന്നട നവതരംഗ സിനിമയുടെ അടിസ്ഥാനമായി വര്‍ത്തിച്ചത് കര്‍ണ്ണാടകയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. ഒന്നോ രണ്ടോ വ്യക്തികള്‍ പടുത്തുയര്‍ത്തിയതാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്ന ധാരണ ശരിയല്ല. സാമൂഹ്യ മാറ്റങ്ങളാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയും സജീവമായിനിര്‍ത്തി യത്. ഒഡേസ പോലുള്ള പ്രസ്ഥാനങ്ങള്‍ ജനകീയ സിനിമാ സങ്കല്പങ്ങളുടെ വേറിട്ട മാതൃക തന്നെയാണ്. ഇത്തരം വേറിട്ട ചലനങ്ങളേയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഫെഡറേഷന്കഴിയേണ്ടതു ണ്ട്.
ചങ്ങ രംകുളം കൃഷ്ണ മൂവീസ് ഉടമയും നൈറ്റ് ഹുഡ് ഡോക്ടറേറ്റ് ബഹുമതികള്‍ക്കര്‍ഹനുമായ ശ്രീ.കെ.വി.കൃഷ്ണനെയും അശ്വനി ഫിലിം സൊസൈറ്റി, രശ്മി ഫിലിം സൊസൈറ്റി എന്നിവയെയും ഉപഹാ രങ്ങള്‍ നല്‍കി ആദരിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളുടെ ഒരു സംഗ്രഹീത ദൃശ്യാവിഷ്ക്കാ‍രം എന്നു വിശേഷിപ്പിക്കാവുന്ന 16 MM movements and a machine (കെ.ആര്‍.മനോജ്)എന്ന ചിത്രത്തിന്റെ പ്രദര്‍ശനം പരിപാടികളുടെ അര്‍ത്ഥവത്തായ സമാപനമായി.
സെമിനാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ