മത തീവ്രവാദങ്ങള്‍ക്കെതിരെ മതവിശ്വാസികളുടേയും മതേതരവാദികളുടേയും ഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടതെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “ഭക്ഷണം,സംസ്ക്കാരം,ഫാസിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിന്റെ ആശയം ലോകത്തിന് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ഫ്രഡറിക് നീഷേ സൂചിപ്പിച്ചിട്ടുണ്ട്.ആളുകളെ ഭീഷണിപ്പെടുത്തി അടിമകളാക്കാനാണ് ഫാസിസം ശ്രമിക്കുന്നത്.ശരീരദാസ്യം മാനസികദാസ്യത്തിലേക്കും പിന്നീട് ആത്മദാസ്യത്തിലേക്കും നയിക്കും.രാഷ്ട്രീയ ഷണ്ഡത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് ഫാസിസം എന്ന് റില്‍ക്കേ പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.എഴുത്തുകാര്‍ കൊല്ലപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ വീഴുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ സാംസ്ക്കാരിക ബഹുസ്വരതയിലേക്കുയര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശ്വതി അച്യുത് ശങ്കര്‍,ആര്യാ ശങ്കര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.കെ.എം.സുരേഷ് ബാബു ‘മാപ്പിളരാമായണ‘ത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അവതരിപ്പിച്ചു.കാണി ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകളുടെ ആദ്യവില്പന എം.നാരായണന്‍ നമ്പൂതിരിക്ക് നല്‍കി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാരവാഹികളായി ആലങ്കോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍) പി.രാജഗോപാലമേനോന്‍(കണ്‍വീനര്‍)വി.മോഹനകൃഷ്ണന്‍(ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തില്‍ അഡ്വ.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.സോമന്‍ ചെമ്പ്രേത്ത് സ്വാഗതവും മുരളി മേലെപ്പാട്ട് നന്ദിയും പറഞ്ഞു.