കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 19 June 2013

ഋതുപര്‍ണഘോഷിനെ ഓര്‍ക്കുമ്പോള്‍

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങളാലും ദൃശ്യാനുഭവങ്ങളാലും വേറിട്ടു നിന്ന ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് ഓര്‍മ്മയായി.ഇക്കഴിഞ്ഞ മെയ് 30ന് കാലത്ത്, കടുത്ത ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു മരണം. മറ്റു പലവിധ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. പ്രമേഹം, പാന്‍ക്രിയൈറ്റിസ്, ഹോര്‍മോണ്‍ ചികിത്സകള്‍, ഉറക്കക്കുറവിനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെയും അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള വേഗം കൂട്ടി.
1963 ആഗസ്റ്റ് 31നാണ് ഋതുപര്‍ണഘോഷ് ജനിച്ചത്. ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. അച്ഛന്‍ സുനില്‍ ഘോഷ് ഡോക്യുമെന്ററി സംവിധായകനായിരുന്നു.1994ല്‍ പുറത്തിറങ്ങിയ ഉനീഷെ ഏപ്രില്‍ (ഏപ്രില്‍ 19) എന്ന ചിത്രമാണ് സിനിമാലോകത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രസ്തുത ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ഏകദേശം 20 വര്‍ഷം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിനിടയില്‍ അഭിനയവും തിരക്കഥാരചനയും സംവിധാനവുമടക്കം 23 ചിത്രങ്ങളില്‍ അദ്ദേഹം പങ്കാളിയായി. അവയില്‍ ബംഗാളി ഭാഷയിലുള്ളതായിരുന്നു ഭൂരിഭാഗമെങ്കിലും ഒറിയ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ളവയും ഉള്‍പ്പെടുന്നു. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും (2000-ഉത്സവ്, 2010-അബോഹോമന്‍)) ) ഒരു പ്രാവശ്യം പ്രത്യേക ജൂറി പരാമര്‍ശവും (2012-ചിത്രാംഗദ) ലഭിച്ചു. മറ്റു നിരവധി പുരസ്‌ക്കാരങ്ങളും, ചലച്ചിത്ര മേളകളിലെ പ്രാതിനിധ്യവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു.

സത്യജിത് റായ്‌യുടെ ഒരാരാധകനാണ് താനെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. ബംഗാളി പാരമ്പര്യത്തില്‍ നിന്ന് അദ്ദേഹം നിരന്തരം ഊര്‍ജ്ജം നേടി. രവീന്ദ്രനാഥ ടാഗോറിന്റെ മൂന്ന് കഥകളെ ഉപജീവിച്ച് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിച്ചു (നൗകാദുബി, ചോക്കിര്‍ബാലി, ചിത്രാംഗദ). കൂടാതെ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും (ജീവനസ്മൃതി) നിര്‍മ്മിച്ചു. തന്റെ ചിത്രങ്ങളില്‍ എപ്പോഴും സ്ത്രീപക്ഷാഭിമുഖ്യവും, കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും ചിത്രീകരിക്കാനുദ്യമിച്ച ഋതുപര്‍ണ അതിനപ്പുറം മൂന്നാം ലൈംഗികതയെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് ബംഗാളി പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കി. ഒരുപടി കൂടി കടന്ന് തന്റെ ശരീരത്തെ കൂടുതല്‍ സ്‌ത്രൈണമാക്കാനും സ്ത്രീകളുടെ വസ്ത്രങ്ങളും കര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനും തയ്യാറായി. മൂന്നാം വര്‍ഗ്ഗ ലൈംഗികത പ്രമേയമായ ചിത്രങ്ങളില്‍ ഋതുപര്‍ണ തന്നെ അത്തരം റോളുകളില്‍ അഭിനയിച്ചു. (ജസ്റ്റ് അനദര്‍ ലൗസ്റ്റോറി, ചിത്രാംഗദ, മെമ്മറീസ് ഇന്‍ മാര്‍ച്ച്). സിനിമയിലും ജീവിതത്തിലും അദ്ദേഹം സ്വീകരിച്ച ഈ നിലപാടുകള്‍ എതിര്‍പ്പുകള്‍ക്കൊപ്പം സ്വീകാര്യതയും നല്‍കുകയുണ്ടായി. ഇത്, പലപ്പോഴും സിനിമയെ മറികടക്കുന്ന ഗ്ലാമറിന്റെ ലോകം അദ്ദേഹത്തിനു ലഭിക്കാനും ഇടയാക്കി. താനൊരിക്കലും പൂര്‍ണ്ണമായ സ്ത്രീയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സ്ത്രീക്കും പുരുഷനും ഇടയ്ക്കുള്ള അവസ്ഥയില്‍ കഴിയാനാണ് താല്പര്യമെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പൊതുസമൂഹം സമീപിക്കാന്‍ മടിക്കുന്ന ഒരു ജീവിതാവസ്ഥയെയും പ്രമേയത്തെയും ധൈര്യപൂര്‍വ്വം ഉള്‍ക്കൊണ്ട ഋതുപര്‍ണ്ണയുടെ മരണം അതിന്റെ തുടര്‍ച്ചകളെ താത്ക്കാലികമായെങ്കിലും ഇല്ലാതാക്കിയിരിക്കുന്നു.

2013 ജൂണ്‍ 30 ഞായറാഴ്ച കാലത്ത് 9.30ന്  കൃഷ്ണ മൂവീസ് ചങ്ങരംകുളം
ചിത്രാംഗദ  (Chitrangada : the crowning wish / 2012/137 mts/Bengali)
ടാഗോറിന്റെ 'ചിത്രാംഗദ' എന്ന നാടകം നൃത്തരൂപത്തിലവതരിപ്പിക്കാനുള്ള രുദ്ര എന്ന കൊറിയൊഗ്രാഫറുടെയും കൂട്ടരുടേയും പരിശ്രമത്തിലാണ് സിനിമ ആരംഭിക്കുന്നത്. രുദ്രയായി ഋതുപര്‍ണഘോഷ് അഭിനയിക്കുന്നു.
ടാഗോറിന്റെ കൃതി മഹാഭാരത്തിലെ കഥയെയാണ് മാതൃകയാക്കിയിട്ടുള്ളത്. മഹാഭാരതത്തിലെ ചിത്രാംഗദ മണിപ്പുര രാജാവ് ചിത്രാംഗദന്റെ മകളാണ്. അര്‍ജ്ജുനന്‍ തന്റെ പ്രവാസകാലത്ത് ചിത്രാംഗദയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. മരുമക്കത്തായ സമ്പ്രദായപ്രകാരം ചിത്രാംഗദയുടെ മകനാണ് കിരീടാവകാശി. അതിനാല്‍ പിതാവ് കുട്ടികളെ കൊണ്ടുപോകാന്‍ പാടില്ല എന്ന വ്യവസ്ഥ അംഗീകരിച്ച് അര്‍ജ്ജുനന്‍ ഹസ്തിനപുരിയിലേക്ക് തിരിച്ചുപോയി. ടാഗോറിന്റെ കൃതിയില്‍ രാജാവിന്റെ ഒരേയൊരു മകള്‍ എന്ന നിലക്ക് കിരീടാവകാശിയായ ചിത്രാംഗദ പുരുഷവേഷം ധരിക്കുകയും പുരുഷന്മാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു. എന്നാല്‍ കാട്ടില്‍വെച്ച് അര്‍ജ്ജുനനെ കണ്ട ചിത്രാംഗദ മോഹിതയാവുന്നു. അര്‍ജ്ജുനനാവട്ടെ ചിത്രാംഗദ ഒരു പുരുഷ യോദ്ധാവാണെന്നു തന്നെ ധരിക്കുന്നു. കാമദേവനില്‍നിന്നുള്ള വരം നേടി ചിത്രാംഗദ അതിസുന്ദരിയാവുകയും അര്‍ജ്ജുനനെ വിവാഹം കഴിച്ച് തന്റെ സ്ത്രീസ്വത്വത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു.
പുരുഷനും സ്ത്രീയും, പുരുഷനുള്ളിലെ സ്ത്രീയുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണ്ണമായ, ശാരീരികവും
സാമൂഹികവുമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന ചിത്രാംഗദയുടെ സമകാല വിവര്‍ത്തനമാണ് രുദ്രയുടെ ജീവിതം. രുദ്രയായി രംഗത്തുവരുന്ന ഋതുപര്‍ണയുടെ ജീവിത്തില്‍ നിന്നു ഭിന്നമല്ല അത്. തന്റെ ട്രൂപ്പിലുള്ള പാര്‍ത്ഥോ എന്ന് ഡ്രമ്മര്‍ രുദ്രയെ സ്‌നേഹപൂര്‍വ്വം റൂഡി എന്നുവിളിക്കുന്നു. പാര്‍ത്ഥോയെ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിക്കണമെന്നാഗ്രഹിച്ചാണ് രുദ്ര ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാനും ആഗ്രഹിക്കുന്നു. സ്ത്രീയെന്നാല്‍ 'യഥാര്‍ത്ഥ' മായിരിക്കണമെന്നും ഒരു സിന്തറ്റിക്ക് സ്ത്രീയെ തനിക്കാവശ്യമില്ലെന്നും പാര്‍ത്ഥോ പറയുമ്പോള്‍, ഒറ്റക്കൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന്റെ നിയമവശങ്ങള്‍ ആലോചിച്ചെങ്കിലും നിയമം അതിനനുകൂലമല്ലെന്ന് അറിയുന്നു. അതോടൊപ്പം രുദ്രയുടെ അച്ഛനും അമ്മയും, രുദ്രയുടെ ശരീരത്തില്‍ എന്തു മാറ്റം വരുത്തുന്നതും തങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്നു പറയുന്നു. ഓപ്പറേഷന്‍ ടേബിളില്‍ അര്‍ദ്ധബോധത്തില്‍ കിടക്കുന്ന രുദ്ര ഓര്‍മ്മിക്കുന്ന ഒരേ ഒരു ഫോണ്‍നമ്പര്‍ പാര്‍ത്ഥോയുടേതാണ്. രുദ്രയുടെ ഇഷ്ടമെന്താണെങ്കില്‍ അങ്ങനെ ചെയ്യാനാണ് പാര്‍ത്ഥോ പറഞ്ഞതെന്ന് ഡോക്ടര്‍ അറിയിക്കുന്നു. ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രുദ്രയും ചുറ്റുമണിനിരക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ചേര്‍ന്ന് ഒരരങ്ങായി മാറുന്ന ഭ്രാമാത്മക ദൃശ്യത്തില്‍ സിനിമ അവസാനിക്കുന്നു.കൂടുതല്‍ ഇവിടെ:http://www.madhyamam.com/weekly/1844