ഒന്നാം സമ്മാനം : എം. പി. പ്രതീഷ്
ചെമ്പ്രശ്ശേരി. പി.ഒ.,
പാണ്ടിക്കാട്,
മലപ്പുറം ജില്ല - 676 521
കവിത : തിയേറ്റര്‍
കടല്‍ക്കരയിലെ തിയറ്ററില്‍
മരങ്ങളെച്ചാഞ്ഞ് നാം
ഇരുട്ടിലിരിക്കുന്നു.
അനങ്ങുന്ന
ഒരു ദേശം,
പാര്‍പ്പിടങ്ങള്‍, മനുഷ്യര്‍
മുന്നില്‍ വന്നു നിരക്കുന്നു.
അവയ്ക്കു വേണ്ടി ഒരു പറവക്കൂട്ടം
ചിറകൊതുക്കിയിറങ്ങി
കഥയ്ക്കു താഴത്തൂടെ
നമ്മോട് സംസാരിക്കുന്നു.
തിയറ്ററിനു പുറം
പേമാരി ചുറ്റുന്നുണ്ടാവും
വീടുകളും മരങ്ങളും നിലംപറ്റുന്നുണ്ടാവും
ആളുകളും മൃഗങ്ങളും
ഒഴുകുന്നുണ്ടാവും.
നാമിപ്പോള്‍
ജലത്തിലായിരിക്കാം,
സിനിമയുടെ പാതിയും നനഞ്ഞിരിക്കാം
അരക്കെട്ടും മാറിടവും കഴുത്തും തീര്‍ന്ന്
നമ്മുടെ നാല് കണ്ണുകള്‍ക്കും
നെറ്റിക്കും മുകളില്‍
കടല്‍ തൊടുകയാവും
സ്‌ക്രീനിനു തൊട്ടു താഴെയും
വെള്ളത്തിനു മുകളിലായി
ഇരുട്ടിനുള്ളില്‍
ആ പറവക്കൂട്ടം മിണ്ടിക്കൊണ്ടിരിക്കുന്നു.
നമ്മള്‍, പരസ്പരം, അത്ര മേലാഴത്തോടെ
ഇറുക്കിപ്പിടിക്കുകയും ചുംബിക്കുകയും മാത്രം ചെയ്യുന്നു.
രണ്ടാംസമ്മാനം : പി.ടി. പ്രമീഷ്
കരുവാണ്ടി ഹൗസ്
പള്ളിക്കര പി.ഒ.,
കോഴിക്കോട്-679 52
കവിത : കൊട്ടക
അമ്മുവും ആട്ടിന്‍കുട്ടിയും
പ്ലാവിലകള്‍ നൊട്ടിനുണഞ്ഞ്
പോയതിന്റെ ഓര്‍മ്മ
പിന്നെ
കണക്കുമാഷിന്റെ
ചൂരല്‍ വടികളെ അനുഗമിച്ച്
വരിവരിയായ് പോയി
കുമ്മാട്ടിയോടൊപ്പം
നൃത്തം ചെയ്തത്.
അതേ കണക്കുമാഷെ
മുന്നില്‍ ഇരുത്തി
അവളുടെ രാവുകള്‍
കണ്ടത്.
ഉണ്ണിയാര്‍ച്ചയും ഒതേനനും
ഓതിരം കടകം
മറിഞ്ഞത്
ജയന്‍ ആകാശത്ത് നിന്ന്
വീണ്
നക്ഷത്രമായതിന്റെ
സങ്കടങ്ങള്‍ മേഞ്ഞ് നടന്ന
നിലത്ത്
ഞങ്ങളേക്കാളും ഉയരത്തില്‍
മുളച്ച് പൊന്തിയിരിക്കുന്നു
പുല്‍പ്പടര്‍പ്പുകള്‍
എന്നിട്ടും കണ്ടക്ടറോട്
ഞങ്ങള്‍ക്കിറങ്ങേണ്ടിടത്തിന്
അതേ ടാക്കീസിന്റെ
പേര് പറഞ്ഞു.
മൂന്നാം സമ്മാനം : രാകേഷ്‌നാഥ്
12/18 എ. കൊമ്പുക്കല്‍,
പുലിയൂര്‍ പി.ഒ, ചെങ്ങന്നൂര്‍ വഴി,
ആലപ്പുഴ - 689 501.
കവിത : ടാര്‍
(ആന്ദ്രേ തര്‍ക്കോവ്‌സ്‌കിക്ക്)
(വിഖ്യാത ചലച്ചിത്രകാരന്‍ ആന്ദ്രേ തര്‍ക്കോവ്‌സ്‌ക്കിയുടെ മാസ്റ്റര്‍ പീസ് ചലച്ചിത്രങ്ങളായ സാക്രഫൈസ് (1986), സ്റ്റാക്കര്‍ ( ), എന്നീ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍ എന്നിലുണ്ടായ അനുഭവമാണീ കവിത)
ഭിത്തിയില്‍ തള്ളവിരല്‍
പാതകള്‍ പറക്കുന്നു
മുറി കുപ്പായമഴിച്ച് ദാഹിച്ചു കിടന്നു.
സ്വപ്നരൂപികള്‍ വിയര്‍ക്കുന്നു
പുകച്ചുരുളുകള്‍ ധ്യാനിക്കുന്നു
മണ്ണ് ഭ്രാന്തിന്റെ ഉച്ചസ്ഥായിയില്‍
കിടന്നുരുളുന്നു.
ഗിറ്റാറില്‍ ബീജങ്ങളുടെ വിറ
കറുത്ത രക്തം ചിലന്തിയോടൊപ്പം ഉറങ്ങുന്നു
ഒരാള്‍ എന്തോ ചികയുന്നു.
തലമുടികള്‍ക്കിടയില്‍ പിതൃക്കളുടെ-
അസ്ഥികള്‍ ഒടിഞ്ഞുമടങ്ങുന്നു
കാറ്റില്‍ മരങ്ങളുടെ
ഭോഗയാനധ്യാനം
ഓര്‍മ്മകള്‍ സൈക്കിള്‍ ചവിട്ടി
പൊട്ടക്കിണറിലുടയുന്നു
ഒരുവള്‍ ചുളിവുകളെ തിന്നുന്നു
അവയവങ്ങളെ ഉരിഞ്ഞെടുക്കുന്നു
ന്യൂട്ടണ്‍ 1, ജലജ്വാല, ആനന്ദലഹരി
ജലം വിളിച്ചു
വിടവിലൂടെ തീ എത്തിനോക്കുന്നു
നീറ്റലോടെ ഞാന്‍ കുളിക്കുന്നു.
എത്രയോ മരങ്ങള്‍ക്കു ശേഷം
പായ മടക്കുമ്പോലെ തീവണ്ടിയേയും...
എവിടെയോ
ഒരു സെന്‍നിക്ലിസ്റ്റിന്‍...
പിന്‍വാങ്ങുകയാണ്
നിഴലുപോലുമില്ലാതെ
(അതുരുകിത്തീര്‍ന്നത് തബലയില്‍)
പുണര്‍ന്നു പുണര്‍ന്ന മുറിവുകള്‍
ഹാ വര്‍ഷങ്ങളേ
ലയിച്ചാലുമീ ഗദ്ഗദങ്ങളില്‍
ഉച്ചവെയിലിന്‍ വിരലുകള്‍
മുറുകുന്നു.
സായാഹ്നങ്ങള്‍ കത്തിച്ച്
ജലത്തില്‍ നീയെന്നെ തിരയുക
ഒരുകാറ്റ് ആരോ ഉപേക്ഷിച്ച ശ്വാസം
വസന്തങ്ങളില്‍ നിന്ന് മഞ്ഞയെ തിന്നും ഗിത്താര്‍
(തീവണ്ടിയും തബലയും നിലവിളിയും)
സര്‍വ്വശ്രീ. അന്‍വര്‍ അലി, പി.പി.രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തത്.
കാവ്യഭാഷാപരമായ നിലവാരക്കുറവും, ലോകത്തിലെ മുഴവന്‍ ജനതയെയും അഗാധമായും സമഗ്രമായും സ്പര്‍ശിച്ച സിനിമ എന്ന ആ വലിയ അനുഭവത്തിന്റെ വ്യാപ്തി പൊതുവില്‍ കവിതകള്‍ ഉള്‍ക്കൊണ്ടുകാണുന്നില്ല എന്നും സമിതി അംഗങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
സമ്മാനാര്‍ഹര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ‘കാണി‘‘യുടെ അഭിനന്ദനങ്ങള്‍.