കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday, 27 May 2011

ചിദാനന്ദ് ദാസ് ഗുപ്തയ്ക്ക് സ്മരണാഞ്ജലി

        ഇന്ത്യന്‍ ഫിലിം സസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചിദാനന്ദ ദാസ് ഗുപ്തയും ഓര്‍മ്മയായി.മെയ് 22നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1959ല്‍ ചിദാനന്ദ് ദാസ് ഗുപ്തയുടെ നേതൃത്വപരമായ പങ്കിലാണ് സത്യജിത്റേ,അമ്മു സ്വാമിനാഥന്‍,വിജയമുലെ,റോബര്‍ട്ട് ഹോക്കിന്‍സ്,ദീപ്തേന്ദു പ്രമാണിക്,അബുള്‍ ഹസ്സന്‍,എ.റോയ് ചൌധരി തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ രൂപീകരിച്ചത്.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മുന്നേറ്റം അവിടെ തുടങ്ങുന്നു.അതിനു മുന്‍പ് 1947ല്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍കയ്യിലാണ് കല്‍ക്കട്ട ഫിലിം സൊസൈറ്റി രൂപീകൃതമായത്.2009ല്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ചിദാനന്ദിന്റെ നാമവും നന്ദിപൂര്‍വ്വം സ്മരിക്കപ്പെടുകയുണ്ടായി.
        ആസ്സാമിലെ ഷില്ലോങ്ങില്‍ 1921ലാണ് ചിദാനന്ദദാസ് ഗുപ്ത ജനിച്ചത്.1940ല്‍ ക്വിറ്റിന്ത്യ മൂവ് മെന്റിന്റെ കാലത്ത് ചിദാനന്ദദാസ് സജീവമായി രാഷ്ട്രീയ രംഗത്തുണ്ടയിരുന്നു.വിഖ്യാത ബംഗാളികവി ജീബാനന്ദദാസിന്റെ സഹോദരന്‍ ബ്രഹ്മാനന്ദ ദസ് ഗുപ്തയുടെ മകള്‍ സുപ്രിയദാസിനെ 1944ല്‍ അദ്ദേഹം വിവാഹം ചെയ്തു.
       ചിദാനന്ദദാസ് ശ്രദ്ധേയനായ എഴുത്തുകാരനും വിവര്‍ത്തകനുമായിരുന്നു.ടാഗോര്‍,ജീബാനന്ദദാസ് എന്നിവരുടെ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജീബാനന്ദദാസിന്റെ ‘ബനലതാസെന്‍’എന്ന വിഖ്യാത കവിതയും ഇതിലുള്‍പ്പെടുന്നു.സിനിമാനിരൂപകനും സിനിമാചരിത്രകാരനുമെന്ന നിലയിലാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി.ആയിരക്കണക്കിന് സിനിമാലേഖനങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.1957ല്‍ സത്യജിത് റേയോടൊരുമിച്ച് Indian film quarterlyഎന്ന സിനിമാ പ്രസിദ്ധീകരണം ആരംഭിച്ചു.ബ്രിട്ടീഷ് ഫിലിം പ്രസിദ്ധീകരണമായ Sight and soundലേക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.സത്യജിത് റേയുടെ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠന ഗ്രന്ഥം The cinema of Sathyajithray റായ് സിനിമയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.റേയെക്കുറിച്ച് sathyajithray:An anthology of statements on Ray and by Ray എന്നൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റു പുസ്തങ്ങള്‍ Talking about films,The painted face:Studies in India's popular cinema,Unpopular cinema,Selected poems-Jibanandadas എന്നിവയാണ്. ഏഴ് സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.2004ലെ ഓസിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.
      അഭിനേത്രിയും നടിയുമായ അപര്‍ണ്ണസെന്‍ അദ്ദെഹത്തിന്റെ മകളും നടി കൊങ്കണസെന്‍ പേരമകളുമാണ്.