കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Thursday, 31 March 2011

ജാപ്പനിസ് വൈഫ് പിന്നെ ശരത്തിന്റെ ഓര്‍മ്മയും..


2011 ഏപ്രില്‍ 3 കാലത്ത്  9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
ജാപ്പനീസ് വൈഫ്
സംവിധാനം:അപര്‍ണ്ണ സെന്‍
(2010ലെ തിരുവനതപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം)
Writers: Kunal Basu, Aparna Sen
Cast :
Rahul Bose/... Snehamoy
Chigusa Takaku/... Miyage
Raima Sen/... Sandhya
Moushumi Chatterjee/... Mashi
സാങ്കേതികത മനുഷ്യ ബന്ധങ്ങളെ ഏതെല്ലാം വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നു എന്നതാവും 'ജപ്പാന്‍ ഭാര്യ' (അപര്‍ണസെന്‍) എന്ന സിനിമ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. സാങ്കേതികത ഏറെ വികസിച്ച ഒരു കാലത്തില്‍നിന്ന് അതിന്റെ ‘അവികസിത‘ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ‘ജപ്പാന്‍ ഭാര്യ’. ഭൂതകാലം അങ്ങനെയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടേ അതിനെ നോക്കാനാവൂ. കാലത്തിലൂടെയുള്ള അധോയാനം പഴയൊരു കാലത്തിലെന്നപോലെ പഴയൊരു ദേശത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക. പുതിയ ദേശം, കാലം, സാങ്കേതികത എന്നിവകൊണ്ട് ന്യായീകരിക്കപ്പെടാത്തതിനാലാണ് ‍unbelievable for our society എന്ന് ഈ സിനിമയെ വിലയിരുത്തുന്നത്
സിനിമയിലെ കാലം കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ നാളുകളെന്ന് ദേശീയ പതാകയുടെ സാന്നിധ്യവും ഹിരോഷിമ ,നാഗസാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കൊണ്ട് വ്യക്തമാണ്. സ്ഥലം ബംഗാളിലെ അതിവിദൂര ഗ്രാമം. ഗതാഗതം, വൈദ്യുതി, ടെലഫോണ്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ബോട്ട്, പോസ്റ്റുമാന്‍, തുടങ്ങിയ ചില 'പ്രാചീന' മാധ്യമങ്ങളാണ്. ദാരിദ്ര്യം വളരെ സധാരണം. ഇത്തരമൊരു ഭൗതിക സാഹചര്യമാണ് സ്‌നേഹമയി എന്ന യുവാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അയാള്‍ ഗ്രാമത്തിലെ സ്‌ക്കൂളിലെ കണക്ക് അദ്ധ്യാപകനാണ്. എന്നാല്‍ സ്ക്കൂളിലെ പരിമിത വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രമോ, ലോകഗതികളോ അയാളെ അലട്ടുന്ന വിഷയങ്ങളല്ല. തൂലികാ സുഹൃത്തായ മിയാഗി എന്ന ജാപ്പാനീസ് പെണ്‍കുട്ടിക്ക് എഴുത്തയയ്ക്കുന്നതിലും അവളുടെ എഴുത്തുലഭിക്കുന്നതിലും മാത്രമായി അയാളുടെ താല്പര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. വിധവയായ മാഷി(അമ്മായി)യാണ് സ്‌നേഹമയിയെ വളര്‍ത്തിയത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമാണത്.ട്യൂഷനെടുത്താണ് മിയാഗിക്ക് കത്തയക്കാനുള്ള തപാല്‍ ചിലവ് ആദ്യകാലത്ത് അയാള്‍ കണ്ടെത്തുന്നത്. മിയാഗിയുടെ കുടുംബത്തിലും വളരെ മെച്ചമല്ല കാര്യങ്ങള്‍. ഏറെക്കുറെ അനാഥയാണവളും.പ്രായമായ അമ്മ മാത്രമാണ് കൂടെ.വീടൊന്നു പുതുക്കി പണിയാന്‍ പണമില്ല. പട്ടം പറത്തല്‍ കമ്പക്കാരനായിരുന്ന അവളുടെഅച്ഛന്‍ മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. ചെറുപ്പക്കാരിയും അകന്ന ബന്ധുവുമായ സന്ധ്യ, സ്‌നേഹമയിയുടെ വീട്ടില്‍ താമസിക്കാനെത്തുന്നുവെങ്കിലും അയാള്‍ അവളെ കണ്ടതായി പോലും നടിക്കുന്നില്ല‍. എങ്കിലും സന്ധ്യയുടെ സാന്നിധ്യം തന്നില്‍ സ്വാധീനമാകുന്നുവെന്നു തോന്നുമ്പോള്‍ മിയാഗിയെ എഴുത്തിലൂടെ അക്കാര്യം അറിയിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ വിവാഹിതരാവുന്നതിന് മിയാഗി തന്നെ താല്പര്യം അറിയിക്കുന്നു. അവര്‍ സ്‌നേഹമയിക്ക് അയാളുടെ പേരു കൊത്തിയ ഒരു മോതിരം അയച്ചു കൊടുത്തു. തിരിച്ച് സ്‌നേഹമയി സിന്ദൂരവും വളകളും അയച്ചു.
എങ്കിലും ദൂരവും സാമ്പത്തിക ബുദ്ധിമുട്ടുകളും വെറും എഴുത്തു കുത്താക്കി ആ ദാമ്പത്യത്തെ പരിമിതപ്പെടുത്തി. രണ്ടു ദേശങ്ങള്‍, സംസ്‌ക്കാരങ്ങള്‍ എന്നീവ്യത്യസ്തതകളൊന്നും തടസ്സങ്ങളായി അവര്‍ക്കിടയില്‍ കടന്നു വരുന്നില്ല.അവരുടെ ദാമ്പത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനാണ് സന്ധ്യ വിധവയായി എട്ടു വയസ്സുള്ള മകനുമൊത്ത് സ്‌നേഹമയിയുടെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ദാരിദ്ര്യവും അശരണത്വവും മാഷി എന്ന സംരക്ഷണ വലയവുമാണ് സന്ധ്യയെ അവിടെയെത്തിക്കുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിവാഹിത യുവതിയായെത്തിയ സന്ധ്യയുടെ മുഖം അയാള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ വൈധവ്യത്തിന്റെ ആ മുഖം തീരെ കാണാന്‍ പറ്റാത്തതായി. എങ്കിലും മെല്ലെ മെല്ലെ അവള്‍ അയാളുടെ ജീവിതത്തില്‍ അബോധമായി ഇടപെട്ടു തുടങ്ങുന്നു. അത് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അത് സ്‌നേഹം തന്നെയാണോ, അതാണോ സ്‌നേഹം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധ്യയും മാഷിയും അതിനെ കടമയെന്നാവും വിളിക്കുന്നത്. സാമീപ്യമുള്ളിടത്ത് സ്‌നേഹം നല്കാനാവാതെയും സ്‌നേഹമുള്ളിടത്ത് സാമീപ്യമില്ലാതെയുമുള്ള അവസ്ഥയിലാണ്സ്‌നേഹമയി. മിയാഗി
രോഗിണിയാണെന്ന് എഴുത്തിലൂടെ അറിഞ്ഞ അയാള്‍ പട്ടണത്തില്‍ പോയി പല വൈദ്യന്മാരെയും കാണുകയും അവള്‍ക്ക് തപാലില്‍ മരുന്നുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു. രോഗം എന്നത് ശരീരത്തിന്റെ ഒരവസ്ഥയാണ്. ശരീരത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലൂടെ രോഗനിര്‍ണ്ണയം നടത്താതെ അതിനു ശുശ്രൂഷ വിധിക്കാന്‍ ഒരു ഭിഷഗ്വരനുമാവില്ല. എങ്കിലും താനൊരിക്കലും കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത മിയാഗിയുടെ ശരീരത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌ക്കരിച്ച് പരിഹാര മരുന്നുകള്‍ തേടാനാണ് അയാള്‍ ശ്രമിക്കുന്നത്. (എഴുത്തിലൂടെ കുട്ടികളുണ്ടാവില്ല എന്ന് മാഷി മുമ്പൊരിക്കല്‍ അയാളെ കളിയാക്കുന്നുണ്ട്) മിയാഗിയുടെ രോഗം അര്‍ബുദമാണെന്ന് മനസ്സിലാക്കി പട്ടണത്തില്‍ പോയി ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മഴ നനഞ്ഞ് അവശനായി മടങ്ങിയെത്തിയ അയാള്‍ പനിയും ന്യുമോണിയയും ബാധിച്ച് കിടപ്പിലായി. സന്ധ്യ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചുവെങ്കിലും അവളുടെ സാന്നിധ്യം കൊണ്ടുമാത്രം മരണത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമായിരുന്നില്ല. അതിന് മരുന്നുകള്‍ വേണമായിരുന്നു. അത് പട്ടണത്തിലാണുള്ളത്. അതിശക്തമായ മഴയില്‍ നദിയില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയതിനാല്‍ പട്ടണത്തില്‍ പോയി മരുന്നു വാങ്ങാനാളില്ലാതെ അയാള്‍ മരണത്തിനു കീഴ്പ്പെട്ടു. മരണക്കിടക്കയിലും അയാള്‍ മിയാഗിയുടെ കത്ത് പ്രതീക്ഷിച്ചു. സിനിമയുടെ സര്‍റിയലിസ്റ്റിക്ക് അന്ത്യ രംഗത്തില്‍, വെള്ളസാരിയണിഞ്ഞ് വെള്ളക്കുടയും ചൂടി തലമുണ്ഡനം ചെയ്ത മിയാഗി പുഴ കടന്ന് സ്‌നേഹമയിയുടെ വീട്ടിലെത്തുന്നുണ്ട്.ഒരു പക്ഷെ,രോഗിണിയെന്ന നിലയിലോ വിധവയെന്ന നിലയിലൊ മുണ്ഡനം ചെയ്യപ്പെട്ടതാകാം അവളുടെ ശിരസ്സ്.അല്ലെങ്കില്‍ അതൊരു അസംബന്ധ കാഴ്ചയുമാകാം.(കൂടുതല്‍..

ഏപ്രില്‍ 1. ശരത്തിന്റെ ഓര്‍മ്മ ദിനം.പ്രമുഖ ഡൊക്യുമെന്ററി സംവീധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സി.ശരത്ചന്ദ്രന്‍ 2010 മാര്‍ച് 31ന് രാത്രിയില്‍ ഒരു തീവണ്ടി യാത്രക്കിടെയാണ് മരണമടഞ്ഞത്.ശരത്തിനെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി.
ഐ ഹവ് ഇഗ്നോര്‍ഡ് ദിസ് ലൌ ഫോര്‍ ലോങ്ങ്
(I HAVE IGNOREDTHISLOVE FOR LONG) /14മി/സംവിധാനം:ആര്‍.വി.രമണി