കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday 19 April 2010

കേരള കഫേ

കേരള കഫേ മലയാള സിനിമയിലെ വേറിട്ടൊരു സംരംഭമാണ്‌. പത്ത്‌ സംവിധായകരുടെ വ്യത്യസ്‌തമായ 10 ചിത്രങ്ങള്‍. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ (ഉദാ: പാരീസ്‌ ഐ ലവ്‌ യു) നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്‌ ആദ്യത്തേതാണ്‌. പത്ത്‌ ചിത്രങ്ങളുടേയും ക്യാമറ കൈകാര്യം ചെയ്‌തതും, സംഗീത സംവിധാനം നിര്‍വ്വഹിച്ചതും വേറെ വേറെ ആളുകളാണ്‌. മമ്മൂട്ടി, ദിലീപ്‌, സുരേഷ ഗോപി, പൃഥ്വിരാജ്‌, ജഗതി, കല്‌പന, കോഴിക്കോട്‌ ശാന്താദേവി, ജ്യോതിര്‍മയി, നവ്യ നായര്‍ തുടങ്ങിയ ഒരു വന്‍ താരനിരയുടെ അഭിനയശേഷിയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. രഞ്‌ജിത്തിനെപ്പോലുള്ള ഒരു മുഖ്യധാരാ സംവിധായകന്റെ സംഘാടന സാന്നിദ്ധ്യം പ്രത്യക്ഷത്തില്‍ ഹ്രസ്വചിത്രങ്ങളെന്ന പരിധിയില്‍ പെടുത്താവുന്ന ഓരോ ചിത്രങ്ങള്‍ക്കും ബിഗ്‌ സ്‌ക്രീനിലൊരിടവും മികച്ച ശ്രദ്ധയും ലഭിക്കാന്‍ കാരണമായി. മലയാള സിനിമ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തില്‍, അനുകരണീയമായ ഒരു മാതൃകയായി ഇത്തരം സംരംഭങ്ങളെ വിലയിരുത്തുന്നതില്‍ ഔചിത്യക്കുറുവുണ്ടാകില്ല.
കേരള കഫേയില്‍ ഉള്‍പ്പെടുന്ന 10 ചിത്രങ്ങളും അവയുടെ സംവിധായകരും
ചിത്രം                                       സംവിധാനം                                   ഛായഗ്രഹണം
1. നൊസ്റ്റാള്‍ജിയ                       എം. പത്മകുമാര്‍                             അനില്‍ നായര്‍
2. ഐലന്റ്‌ എക്‌സ്‌പ്രസ്സ്‌          ശങ്കര്‍ രാമകൃഷ്‌ണന്‍                       എസ്‌. കുമാര്‍
3. ലളിതം ഹിരണ്മയം               ഷാജി കൈലാസ്‌                             സുജിത്‌ വാസുദേവ്‌
4. മൃത്യുഞ്‌ജയം                        ഉദയ്‌ അനന്തന്‍                               ഹരി നായര്‍
5. ഹാപ്പി ജേണി                       അഞ്‌ജലി മേനോന്‍                         എം.ജെ. രാധാകൃഷ്‌ണന്‍
6. അവിരാമം                            ബി. ഉണ്ണികൃഷ്‌ണന്‍                        ശ്യാംദത്ത്‌
7. ഓഫ്‌സീസണ്‍                         ശ്യാമപ്രസാദ്‌                                  അഴകപ്പന്‍
8. ബ്രിഡ്‌ജ്‌                                അന്‍വര്‍ റഷീദ്‌                               സുരേഷ്‌ രാജന്‍
9. മകള്‍                                    രേവതി                                           മധു അമ്പാട്‌
10. പുറം കാഴ്‌ചകള്‍                ലാല്‍ജോസ്‌                                     വിജയ്‌ ഉലഗനാഥന്‍
കേരള കഫേ                             രഞ്‌ജിത്ത്‌                                      മനോജ്‌ പിള്ള
‘കേരള കഫേ’യെ ക്കൂറിച്ചുള്ള നിരൂപണങ്ങള്‍ ഇവിടെ  1>  2>  3>
കേരള കഫെ ഏപ്രില്‍ 25ന് കാലത്ത്9.30ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു

Tuesday 13 April 2010

ജാഫര്‍ പനാഹി അറസ്റ്റില്‍

ഇറാനിയന്‍ ചലച്ചിത്രകാരനായ ജാഫര്‍പനാഹിയേയും അദ്ദേഹത്തിന്റെ ഭാര്യ,മകള്‍, പതിനഞ്ച് അതിഥികള്‍ എന്നിവരേയും മാര്‍ച്ച്1ന് വൈകുന്നേരം പനാഹിയുടെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുകയും വീട്ടുപകരണങ്ങള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തു.കഴിഞ്ഞമാസമാണ് അദ്ദേഹത്തെ ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇറാന്‍ ഭരണകൂടം വിലക്കിയത്.അറസ്റ്റ് ചെയ്യപ്പെട്ടവരെ ഇറാനിലെ എവിന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ 48മണിക്കൂറുകള്‍ക്കു ശേഷം പനാഹിഒഴികെയുള്ളവരെ മോചിപ്പിച്ചു.
പനാഹിയുടെ അറസ്റ്റിനെതിരെ ലോകമെങ്ങുമുള്ള ചലച്ചിത്രകരന്മാരും സാംസ്കാരികപ്രവര്‍ത്തകരും പ്രത്ഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.മാര്‍ച്ച്8ന് ഇറാനിലെ ചലച്ചിത്രപ്രവര്‍ത്തകരും സംവിധായകരും നടീനടന്മാരും പനാഹിയുടെ കുടുംബം സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുകയും അദ്ദേഹത്തെ ഉടന്‍മോചിപ്പിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ ഇതുവരെയും അദ്ദേഹത്തെ മോചിപ്പിച്ചിട്ടില്ല. മാര്‍ച്ച്8മുതല്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കുകയും വീട്ടുകാരെയുംഅഭിഭാഷക നേയും കാണാന്‍ അനുവാദം നല്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞപ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മഹ് മൂദ് അഹമ്മദ് നെജാദിന്റെ എതിര്‍ പക്ഷത്താണ് പനാഹി നിലയുറപ്പിച്ചിരുന്നത്.പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഇത് നിഷേധിക്കുന്നു.
“ഇറാന്റെ സാംസ്കാരിക അംബാസഡറും പ്രതിനിധിയുമായി ഇസ്ലാമികവിപ്ളവത്തിനുശേഷമുള്ളകഴിഞ്ഞ 30വര്‍ഷമായിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ സിനിമാ വ്യവസായമാണ്” എന്നാണ്,50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിനോട് പറയുന്നത്.ഇത് വളരെ അര്‍ത്ഥവത്താണ്. കുറച്ചുകാലമായി പുറം ലോകം അറിയുന്ന ഇറാന്റെ സാംസ്കാരിക മേഖല സിനിമയാണ്.മക്മല്‍ബഫ് കുടുംബം,മജീദ്മജീദി,അബ്ബാസ് കിരസ്തോമി തുടങ്ങിയ ചലച്ചിത്രകാരന്മാരാണ് ലോകമെങ്ങും ഇറാന്റെ പ്രാതിനിധ്യം വഹിക്കുന്നത്.
1960 ജൂലായ് 11നാണ് ജാഫര്‍ പനാഹി ജനിച്ചത്.പത്താമത്തെ വയസ്സില്‍തന്നെ ചലച്ചിത്രനിര്‍മ്മാണ രംഗവുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.പട്ടാള സേവനക്കാലത്ത് ഇറാന്‍-ഇറാഖ് യുദ്ധത്തില്‍(1980-90)പങ്കെടുക്കുകയുമു ണ്ടായി. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദം നേടിയശേഷം ടെലിവിഷനുവേണ്ടി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.അബ്ബാസ് കിരസ്തോമിയുടെthrough the olive trees(1994) എന്ന ചിത്രത്തില്‍ സഹ സംവിധാ യകനായി പ്രവർത്തിച്ചു.പനാഹിയുടെ ആദ്യത്തെ ഫീച്ചര്‍ ചിത്രം വൈറ്റ് ബലൂണ്‍1995ലാണ് പുറത്തുവന്നത്.ഈചിത്രം കാന്‍ ചലച്ചിത്രോല്‍സവത്തില്‍ ബഹുമതിക്കര്‍ഹമായി.രണ്ടാമത്തെ ചിത്രമായ മിറര്‍ ലൊക്കാര്‍ണൊ ചലച്ചിത്രോല്‍സവത്തിലും സമ്മാനിതമായി.അദ്ദേഹത്തിന്റെ മികച്ച ചിത്രമായി കണക്കാക്കുന്നത് ദ് സര്‍ക്കിള്‍(2000)ആണ്.ഇറാനിലെ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റങ്ങള്‍ക്കെ തിരായ വിമര്‍ശനമാണിത്.വെനീസ് ചലച്ചിത്രോല്‍സവത്തിലെ പരമോന്നത ബഹുമതിയായ ‘ഗോള്‍ഡന്‍ ലയണ്‍‘ ഈ ചിത്രത്തിലൂടെ പനാഹിക്ക് ലഭിച്ചു.ലോകത്തിലെ ഏറ്റവും മികവച്ച 10 ചിത്രങ്ങളിലൊന്നായി നിരൂപകര്‍ ഈ ചിത്രത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.2003ല്‍ സംവിധാനം ചെയ്ത ക്രിംസണ്‍ഗോള്‍ഡ് ന് കാന്‍ ഫെസ്റ്റിവലില്‍ പ്രത്യേക പുരസ്കാരം ലഭിച്ചു.ഓഫ് സൈഡ്(2006)എന്ന ചിത്രം ബെര്‍ലിന്‍ ചലച്ചിത്രോല്‍സവ ത്തില്‍ ബഹുമതി നേടി.ആണ്‍ വേഷം കെട്ടി ഫുട്ബോള്‍ മല്‍സരം കാണാന്‍ പോകുന്ന പെണ്‍കുട്ടികളെ ക്കുറി ച്ചാണ് ഈ ചിത്രം.2006ല്‍ ഇറാന്‍ -ബഹറിന്‍ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ നേരിട്ട് ഷൂട്ട് ചെയ്തരംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പനാഹിയുടെ ചിത്രങ്ങള്‍ നിയോറിയലിസത്തിന്റെ ഇറാനിയന്‍ രൂപം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇറാനിയന്‍ സിനിമകളിലെ മാനവികതാ പ്രമേയങ്ങളെ ആധുനിക ഇറാനിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പനാഹി തന്നെ സ്വന്തം നിലപാടുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു:“മാനവിക പ്രശ്നങ്ങളിലെ കാവ്യാത്മകവും കലാപരവുമായ ഇടപെടലാണ് എന്റേത്. ജനങ്ങളുടെ വൈകാരികതയെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു കളിക്കും ഞാന്‍ തയ്യാറല്ല.കണ്ണീരുറയുന്ന രംഗങ്ങള്‍ സൃഷ്ടിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്.“

Monday 5 April 2010

ശരത് യാത്രയായി

ഇക്കഴിഞ്ഞ മാര്‍ച്ച്31ന് രാത്രി ഗുരുവായൂര്‍-ചെന്നൈ-എഗ്മൂര്‍ എക്സ്പ്രസ്സില്‍ നിന്ന് വീണ് ഡോക്യുമെന്ററി സംവിധായകനും ആക്റ്റിവിസ്റ്റുമായ ശരത്ചന്ദ്രന്‍ നിര്യാതനായി.തീവണ്ടിയിലെ തിരക്കുകാരണം വാതില്‍പ്പടിയില്‍ നിന്നു യാത്രചെയ്യുമ്പോളാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സെബാസ്ട്യന്‍എന്നയാളും മരണത്തിലേക്ക് വഴുതി വീണത്.
ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികളുടെ നിര്‍മ്മാതാവും സംവിധായകനുമാണ് ശരത്.പ്ലാച്ചിമട സമരത്തെ ആസ്പദമാക്കിയ ‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’,പാത്രക്കടവ് പദ്ധതിക്കെതിരായുള്ള ‘ഒരുമഴുവിന്റെ ദൂരം മാത്രം’(only an axe away)പ്ലാച്ചിമട സമരത്തിന്റെ ആദ്യഘട്ടം അനാവരണം ചെയ്യുന്ന ‘കയ്പുനീര്‘‍(bitter drink)ചാലിയാര്‍ സമരത്തെക്കുറിച്ചുള്ള ‘ചാലിയാര്‍-അവസാന പോരാട്ടം’(chaliyar-the final struggle )എന്നീ ചിത്രങ്ങള്‍(പി.ബാബുരാജുമായി ചേര്‍ന്ന്)സവിശേഷ ശ്രദ്ധ നേടിയവയാണ്.വയനാട്ടിലെ കനവ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ളതാണ് ‘കനവ്’എന്നചിത്രം. രാജ്യത്തും പുറത്തുമൂള്ള നിരവധി ചലച്ചിത്രമേളകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ബഹുമതികള്‍ക്കര്‍ഹമാവുകയും ചെയ്തിട്ടുണ്ട്.‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’എന്നചിത്രത്തിന് 2008ലെ മുംബൈ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരവും ലഭിക്കുകയുണ്ടായി.
‘കാണി’യുടെ സുഹൃത്തും വഴി കാട്ടിയുമായിരുന്നു ശരത്. പ്ലാച്ചിമടസമരനായിക മയിലമ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് കാണിയുടെ ആഭിമുഖ്യത്തില്‍അനുസ്മരണം നടത്തിയപ്പോള്‍‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ശരത് പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ള ‘എന്ന് സ്വന്തം ജോണ്‍’ ( yours truly john )എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ‘കാണി’യുടെ ആഭിമുഖ്യത്തിലാണ് നടത്തിയത്.ജോണ്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ജോണ്‍ ചിത്രങ്ങളുടെ ലഭ്യതയെക്കുറിച്ചും ആരാഞ്ഞപ്പോളാണ് അദ്ദേഹം പൂര്‍ത്തിയായി വരുന്ന തന്റെ ചിത്രത്തെക്കുറിച്ച് അറിയിച്ചത്.വളരെപ്പെട്ടെന്ന് ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കുകയുംനിശ്ച്ചിത തിയ്യതിക്ക് ചിത്രം പ്രദര്‍ശനത്തിന് ലഭ്യമാക്കുകയും ചെയ്തു.
സിനിമയും ആക്ടിവിസവും ഒരുമിച്ചു കൊണ്ടു പോയ ആളായിരുന്നു ശരത്.മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പരിസ്ഥിതിവിനാശത്തിനെതിരെയും അദ്ദേഹം സ്വന്തം സാന്നിദ്ധ്യം കൊണ്ടും ക്യാമറ കൊണ്ടും നിരന്തരം പൊരുതി ക്കൊണ്ടിരുന്നു.സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം ലോക ക്ലാസ്സിക്കുകളും കേരളം മുഴുവന്‍ ഓടി നടന്ന് തന്റെ LCDപ്രൊജക്റ്റര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചു.ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സംഘടനാരൂപങ്ങള്‍ക്കു പുറത്തു നിന്നു കൊണ്ടദ്ദേഹം നടത്തിയ കഠിന യത്നങ്ങള്‍ഡൊക്യുമെന്ററികള്‍ക്കും ലഘുചിത്രങ്ങള്‍ക്കും ആസ്വാദകശ്രദ്ധ ഉണ്ടാക്കുന്നതില്‍ ചെറിയ പങ്കല്ല വഹിച്ചിട്ടുള്ളത്.എന്നല്‍ ഈ കഠിന യത്നങ്ങള്‍ക്ക് ആനുപാതികമായി, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് പരിഗണന ലഭിക്കുകയുണ്ടായൊ എന്നു സംശയമാണ്.
ദിവസങ്ങളായിട്ടേയുള്ളു, അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ട്.ചാലിയാറിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് , തന്റെ ആദ്യഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണ ശ്രമത്തിലാണെന്ന് പറഞ്ഞിരുന്നു.‘കാണി‘യുടെ വാര്‍ഷികസോവനീറിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടാണ് അന്ന് വിളിച്ചത്.അത് നല്‍കാമെന്നേല്‍ക്കുകയും ചെയ്തിരുന്നു.എങ്കിലും കഴിഞ്ഞ ദിവസം ഇക്കാര്യം ഓര്‍മ്മപ്പെടുത്തി ഒരു കത്തു കൂടി അയച്ചിരുന്നു.അത് അദ്ദേഹം ഇപ്പോഴില്ലാത്ത തൃപ്പൂണിത്തുറയിലെ വീട്ടില്‍ കിട്ടിയിരിക്കും.’കാണി’ക്കുവേണ്ടി തയ്യാറാക്കിക്കൊണ്ടിരുന്ന ലേഖനം അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പിലെവിടെയെങ്കിലും അപൂര്‍ണ്ണമായി അവശേഷിക്കുന്നുണ്ടാവും.
ശരത് കൂടെയുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹം തുടങ്ങി വെച്ച സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ആ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.ഇത്തരം ആശയങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രായോഗികവും ആശയപരവുമായ കരുത്തുള്ള സുഹൃത്സംഘത്തെ ബാക്കി വെച്ചാണ് ശരത് യാത്ര പോയിട്ടുള്ളത്.അവരത് ചെയ്യുകതന്നെ ചെയ്യും.അതിനു തെളിവാണ് ഏപ്രില്‍2ന് തിരുവനന്തപുരത്ത് അനുശോചന യോഗം ചേര്‍ന്ന അതേ സമയത്തുതന്നെ ഒറീസ്സയിലും അത്തരമൊരു യോഗം നടന്നത്.ഏപ്രില്‍ 3ന് തൃശ്ശൂരിലും അനുസ്മരണയോഗം നടന്നു.
പ്രസിദ്ധ സംവിധായകനായ ആനന്ദ് പട് വര്‍ദ്ധന്‍
ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി:
sarat where will we find u now?
in every face that seeks knowledge not for power
but for sharing.
love is forever
so u are forever comrade

പ്രിയശരത്,
‘കാണി‘
അങ്ങയുടെ സ്മരണക്കു മുന്‍പില്‍
ശിരസ്സു നമിക്കുന്നു.

Thursday 1 April 2010

ശരത്ചന്ദ്രന് ആദരാഞ്ജലികള്‍


പ്രമുഖ ഡോക്യുമെന്ററി സംവിധായകനും
പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ശരത്ചന്ദ്രന്‍
ഇന്നലെ രാത്രി ഗുരുവായൂര്‍-ചെന്നൈ തീ‍വണ്ടിയില്‍ നിന്ന് വീണ് മരണമടഞ്ഞു.
പ്ലാച്ചിമടയെക്കുറിച്ചും മയിലമ്മയെക്കുറിച്ചും
ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ളതുമടക്കം നിരവധി ശ്രദ്ധേയമായ ഡൊക്യുമെന്ററികളുടെ സംവിധായകനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തില്‍
കാണിയുടെ ആദരാഞ്ജലികള്‍