കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 13 April 2010

ജാഫര്‍ പനാഹി അറസ്റ്റില്‍

ഇറാനിയന്‍ ചലച്ചിത്രകാരനായ ജാഫര്‍പനാഹിയേയും അദ്ദേഹത്തിന്റെ ഭാര്യ,മകള്‍, പതിനഞ്ച് അതിഥികള്‍ എന്നിവരേയും മാര്‍ച്ച്1ന് വൈകുന്നേരം പനാഹിയുടെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുകയും വീട്ടുപകരണങ്ങള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തു.കഴിഞ്ഞമാസമാണ് അദ്ദേഹത്തെ ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇറാന്‍ ഭരണകൂടം വിലക്കിയത്.അറസ്റ്റ് ചെയ്യപ്പെട്ടവരെ ഇറാനിലെ എവിന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ 48മണിക്കൂറുകള്‍ക്കു ശേഷം പനാഹിഒഴികെയുള്ളവരെ മോചിപ്പിച്ചു.
പനാഹിയുടെ അറസ്റ്റിനെതിരെ ലോകമെങ്ങുമുള്ള ചലച്ചിത്രകരന്മാരും സാംസ്കാരികപ്രവര്‍ത്തകരും പ്രത്ഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.മാര്‍ച്ച്8ന് ഇറാനിലെ ചലച്ചിത്രപ്രവര്‍ത്തകരും സംവിധായകരും നടീനടന്മാരും പനാഹിയുടെ കുടുംബം സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുകയും അദ്ദേഹത്തെ ഉടന്‍മോചിപ്പിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ ഇതുവരെയും അദ്ദേഹത്തെ മോചിപ്പിച്ചിട്ടില്ല. മാര്‍ച്ച്8മുതല്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കുകയും വീട്ടുകാരെയുംഅഭിഭാഷക നേയും കാണാന്‍ അനുവാദം നല്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞപ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മഹ് മൂദ് അഹമ്മദ് നെജാദിന്റെ എതിര്‍ പക്ഷത്താണ് പനാഹി നിലയുറപ്പിച്ചിരുന്നത്.പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഇത് നിഷേധിക്കുന്നു.
“ഇറാന്റെ സാംസ്കാരിക അംബാസഡറും പ്രതിനിധിയുമായി ഇസ്ലാമികവിപ്ളവത്തിനുശേഷമുള്ളകഴിഞ്ഞ 30വര്‍ഷമായിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ സിനിമാ വ്യവസായമാണ്” എന്നാണ്,50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിനോട് പറയുന്നത്.ഇത് വളരെ അര്‍ത്ഥവത്താണ്. കുറച്ചുകാലമായി പുറം ലോകം അറിയുന്ന ഇറാന്റെ സാംസ്കാരിക മേഖല സിനിമയാണ്.മക്മല്‍ബഫ് കുടുംബം,മജീദ്മജീദി,അബ്ബാസ് കിരസ്തോമി തുടങ്ങിയ ചലച്ചിത്രകാരന്മാരാണ് ലോകമെങ്ങും ഇറാന്റെ പ്രാതിനിധ്യം വഹിക്കുന്നത്.
1960 ജൂലായ് 11നാണ് ജാഫര്‍ പനാഹി ജനിച്ചത്.പത്താമത്തെ വയസ്സില്‍തന്നെ ചലച്ചിത്രനിര്‍മ്മാണ രംഗവുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.പട്ടാള സേവനക്കാലത്ത് ഇറാന്‍-ഇറാഖ് യുദ്ധത്തില്‍(1980-90)പങ്കെടുക്കുകയുമു ണ്ടായി. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദം നേടിയശേഷം ടെലിവിഷനുവേണ്ടി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.അബ്ബാസ് കിരസ്തോമിയുടെthrough the olive trees(1994) എന്ന ചിത്രത്തില്‍ സഹ സംവിധാ യകനായി പ്രവർത്തിച്ചു.പനാഹിയുടെ ആദ്യത്തെ ഫീച്ചര്‍ ചിത്രം വൈറ്റ് ബലൂണ്‍1995ലാണ് പുറത്തുവന്നത്.ഈചിത്രം കാന്‍ ചലച്ചിത്രോല്‍സവത്തില്‍ ബഹുമതിക്കര്‍ഹമായി.രണ്ടാമത്തെ ചിത്രമായ മിറര്‍ ലൊക്കാര്‍ണൊ ചലച്ചിത്രോല്‍സവത്തിലും സമ്മാനിതമായി.അദ്ദേഹത്തിന്റെ മികച്ച ചിത്രമായി കണക്കാക്കുന്നത് ദ് സര്‍ക്കിള്‍(2000)ആണ്.ഇറാനിലെ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റങ്ങള്‍ക്കെ തിരായ വിമര്‍ശനമാണിത്.വെനീസ് ചലച്ചിത്രോല്‍സവത്തിലെ പരമോന്നത ബഹുമതിയായ ‘ഗോള്‍ഡന്‍ ലയണ്‍‘ ഈ ചിത്രത്തിലൂടെ പനാഹിക്ക് ലഭിച്ചു.ലോകത്തിലെ ഏറ്റവും മികവച്ച 10 ചിത്രങ്ങളിലൊന്നായി നിരൂപകര്‍ ഈ ചിത്രത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.2003ല്‍ സംവിധാനം ചെയ്ത ക്രിംസണ്‍ഗോള്‍ഡ് ന് കാന്‍ ഫെസ്റ്റിവലില്‍ പ്രത്യേക പുരസ്കാരം ലഭിച്ചു.ഓഫ് സൈഡ്(2006)എന്ന ചിത്രം ബെര്‍ലിന്‍ ചലച്ചിത്രോല്‍സവ ത്തില്‍ ബഹുമതി നേടി.ആണ്‍ വേഷം കെട്ടി ഫുട്ബോള്‍ മല്‍സരം കാണാന്‍ പോകുന്ന പെണ്‍കുട്ടികളെ ക്കുറി ച്ചാണ് ഈ ചിത്രം.2006ല്‍ ഇറാന്‍ -ബഹറിന്‍ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ നേരിട്ട് ഷൂട്ട് ചെയ്തരംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പനാഹിയുടെ ചിത്രങ്ങള്‍ നിയോറിയലിസത്തിന്റെ ഇറാനിയന്‍ രൂപം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇറാനിയന്‍ സിനിമകളിലെ മാനവികതാ പ്രമേയങ്ങളെ ആധുനിക ഇറാനിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പനാഹി തന്നെ സ്വന്തം നിലപാടുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു:“മാനവിക പ്രശ്നങ്ങളിലെ കാവ്യാത്മകവും കലാപരവുമായ ഇടപെടലാണ് എന്റേത്. ജനങ്ങളുടെ വൈകാരികതയെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു കളിക്കും ഞാന്‍ തയ്യാറല്ല.കണ്ണീരുറയുന്ന രംഗങ്ങള്‍ സൃഷ്ടിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്.“

No comments: