കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 5 April 2010

ശരത് യാത്രയായി

ഇക്കഴിഞ്ഞ മാര്‍ച്ച്31ന് രാത്രി ഗുരുവായൂര്‍-ചെന്നൈ-എഗ്മൂര്‍ എക്സ്പ്രസ്സില്‍ നിന്ന് വീണ് ഡോക്യുമെന്ററി സംവിധായകനും ആക്റ്റിവിസ്റ്റുമായ ശരത്ചന്ദ്രന്‍ നിര്യാതനായി.തീവണ്ടിയിലെ തിരക്കുകാരണം വാതില്‍പ്പടിയില്‍ നിന്നു യാത്രചെയ്യുമ്പോളാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സെബാസ്ട്യന്‍എന്നയാളും മരണത്തിലേക്ക് വഴുതി വീണത്.
ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികളുടെ നിര്‍മ്മാതാവും സംവിധായകനുമാണ് ശരത്.പ്ലാച്ചിമട സമരത്തെ ആസ്പദമാക്കിയ ‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’,പാത്രക്കടവ് പദ്ധതിക്കെതിരായുള്ള ‘ഒരുമഴുവിന്റെ ദൂരം മാത്രം’(only an axe away)പ്ലാച്ചിമട സമരത്തിന്റെ ആദ്യഘട്ടം അനാവരണം ചെയ്യുന്ന ‘കയ്പുനീര്‘‍(bitter drink)ചാലിയാര്‍ സമരത്തെക്കുറിച്ചുള്ള ‘ചാലിയാര്‍-അവസാന പോരാട്ടം’(chaliyar-the final struggle )എന്നീ ചിത്രങ്ങള്‍(പി.ബാബുരാജുമായി ചേര്‍ന്ന്)സവിശേഷ ശ്രദ്ധ നേടിയവയാണ്.വയനാട്ടിലെ കനവ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ളതാണ് ‘കനവ്’എന്നചിത്രം. രാജ്യത്തും പുറത്തുമൂള്ള നിരവധി ചലച്ചിത്രമേളകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ബഹുമതികള്‍ക്കര്‍ഹമാവുകയും ചെയ്തിട്ടുണ്ട്.‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’എന്നചിത്രത്തിന് 2008ലെ മുംബൈ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരവും ലഭിക്കുകയുണ്ടായി.
‘കാണി’യുടെ സുഹൃത്തും വഴി കാട്ടിയുമായിരുന്നു ശരത്. പ്ലാച്ചിമടസമരനായിക മയിലമ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് കാണിയുടെ ആഭിമുഖ്യത്തില്‍അനുസ്മരണം നടത്തിയപ്പോള്‍‘ആയിരം ദിനങ്ങളും ഒരു സ്വപ്നവും’എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ശരത് പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ള ‘എന്ന് സ്വന്തം ജോണ്‍’ ( yours truly john )എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ‘കാണി’യുടെ ആഭിമുഖ്യത്തിലാണ് നടത്തിയത്.ജോണ്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ജോണ്‍ ചിത്രങ്ങളുടെ ലഭ്യതയെക്കുറിച്ചും ആരാഞ്ഞപ്പോളാണ് അദ്ദേഹം പൂര്‍ത്തിയായി വരുന്ന തന്റെ ചിത്രത്തെക്കുറിച്ച് അറിയിച്ചത്.വളരെപ്പെട്ടെന്ന് ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കുകയുംനിശ്ച്ചിത തിയ്യതിക്ക് ചിത്രം പ്രദര്‍ശനത്തിന് ലഭ്യമാക്കുകയും ചെയ്തു.
സിനിമയും ആക്ടിവിസവും ഒരുമിച്ചു കൊണ്ടു പോയ ആളായിരുന്നു ശരത്.മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പരിസ്ഥിതിവിനാശത്തിനെതിരെയും അദ്ദേഹം സ്വന്തം സാന്നിദ്ധ്യം കൊണ്ടും ക്യാമറ കൊണ്ടും നിരന്തരം പൊരുതി ക്കൊണ്ടിരുന്നു.സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം ലോക ക്ലാസ്സിക്കുകളും കേരളം മുഴുവന്‍ ഓടി നടന്ന് തന്റെ LCDപ്രൊജക്റ്റര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചു.ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സംഘടനാരൂപങ്ങള്‍ക്കു പുറത്തു നിന്നു കൊണ്ടദ്ദേഹം നടത്തിയ കഠിന യത്നങ്ങള്‍ഡൊക്യുമെന്ററികള്‍ക്കും ലഘുചിത്രങ്ങള്‍ക്കും ആസ്വാദകശ്രദ്ധ ഉണ്ടാക്കുന്നതില്‍ ചെറിയ പങ്കല്ല വഹിച്ചിട്ടുള്ളത്.എന്നല്‍ ഈ കഠിന യത്നങ്ങള്‍ക്ക് ആനുപാതികമായി, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് പരിഗണന ലഭിക്കുകയുണ്ടായൊ എന്നു സംശയമാണ്.
ദിവസങ്ങളായിട്ടേയുള്ളു, അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ട്.ചാലിയാറിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് , തന്റെ ആദ്യഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണ ശ്രമത്തിലാണെന്ന് പറഞ്ഞിരുന്നു.‘കാണി‘യുടെ വാര്‍ഷികസോവനീറിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടാണ് അന്ന് വിളിച്ചത്.അത് നല്‍കാമെന്നേല്‍ക്കുകയും ചെയ്തിരുന്നു.എങ്കിലും കഴിഞ്ഞ ദിവസം ഇക്കാര്യം ഓര്‍മ്മപ്പെടുത്തി ഒരു കത്തു കൂടി അയച്ചിരുന്നു.അത് അദ്ദേഹം ഇപ്പോഴില്ലാത്ത തൃപ്പൂണിത്തുറയിലെ വീട്ടില്‍ കിട്ടിയിരിക്കും.’കാണി’ക്കുവേണ്ടി തയ്യാറാക്കിക്കൊണ്ടിരുന്ന ലേഖനം അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പിലെവിടെയെങ്കിലും അപൂര്‍ണ്ണമായി അവശേഷിക്കുന്നുണ്ടാവും.
ശരത് കൂടെയുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹം തുടങ്ങി വെച്ച സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ആ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.ഇത്തരം ആശയങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രായോഗികവും ആശയപരവുമായ കരുത്തുള്ള സുഹൃത്സംഘത്തെ ബാക്കി വെച്ചാണ് ശരത് യാത്ര പോയിട്ടുള്ളത്.അവരത് ചെയ്യുകതന്നെ ചെയ്യും.അതിനു തെളിവാണ് ഏപ്രില്‍2ന് തിരുവനന്തപുരത്ത് അനുശോചന യോഗം ചേര്‍ന്ന അതേ സമയത്തുതന്നെ ഒറീസ്സയിലും അത്തരമൊരു യോഗം നടന്നത്.ഏപ്രില്‍ 3ന് തൃശ്ശൂരിലും അനുസ്മരണയോഗം നടന്നു.
പ്രസിദ്ധ സംവിധായകനായ ആനന്ദ് പട് വര്‍ദ്ധന്‍
ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി:
sarat where will we find u now?
in every face that seeks knowledge not for power
but for sharing.
love is forever
so u are forever comrade

പ്രിയശരത്,
‘കാണി‘
അങ്ങയുടെ സ്മരണക്കു മുന്‍പില്‍
ശിരസ്സു നമിക്കുന്നു.