കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 18 August 2009

മഹാനടനങ്ങള്‍ക്ക് തിരശ്ശീല

അഭിനയ പ്രകടനങ്ങളുടെ ഉത്തംഗതയില്‍ നിന്ന രണ്ട് പേര്‍ -രാജന്‍.പി.ദേവും, ഭരത് മുരളിയും - താരതമ്യേന ചെറു പ്രായത്തില്‍ മരണത്തിന് വിധേയരായിരിക്കുന്നു. മരിക്കുമ്പോള്‍ 55 വയസ്സാണ് ഇരുവര്‍ക്കും പ്രായം. നാടകാഭിനയത്തിന്റെ ആത്മാവ് കണ്ടറിഞ്ഞവരാണ് ഇരുവരുമെന്നതാണ് രണ്ട് പേരെയും കൂട്ടിയിണക്കുന്ന ഒരു ഘടകം . മറ്റൊന്ന് സിനിമയിലെ ചോക്ലേറ്റ് നായക സങ്കല്പങ്ങളെ രണ്ട് പേരും അട്ടിമറിച്ചതാണ്. നാടകവേദിയില്‍ നിന്നു സിനിമയിലെത്തിയവരുടെ ഒരു പരമ്പരയാ‍ണ് സിനിമയുടെ മൂല്യ സങ്കല്പങ്ങളെയും നായക സങ്കല്പങ്ങളെയും ഒരു പോലെ മാറ്റിത്തീര്‍ത്തത്. മലയാളത്തിലെ പുതിയ സിനിമാവബോധം, ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിച്ചിറങ്ങിയ ഏതാനും സംവിധായകരുടെ മാത്രം സംഭാവനയല്ല. ആഴത്തിലറിഞ്ഞ നടനചര്യകളുമായി സിനിമയിലെത്തിയ ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരോടൊപ്പമാണ് ഭരത് മുരളിയുടെയും രാജന്‍.പി.ദേവിന്റെയും സ്ഥാനം. ‘കാട്ടുകുതിര’ നാടകമാണ് രാ‍ജന്‍.പി.ദേവിനെ പ്രശസ്തനാക്കിയത്.1984 ലും 1986 ലും മികച്ച നാടക നടനുള്ള അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.
മുരളി നാലു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ആധാരം (1992), കാണാക്കിനാവ് (1996), താലോലം (1998),നെയ്ത്തുകാരന്‍(2002). നെയ്ത്തുകാരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
ആ നടന പ്രതിഭകള്‍ക്ക് കാണിയുടെ ആദരാഞ്ജലികള്‍.
2009 ആഗസ്ത്23ന് കാലത്ത് 9.30ന് ചങരം കുളം കൃഷ്ണാ മൂവീസില്‍
കാണാക്കിനാവ്
(സംവിധാനം:സിബിമലയില്‍)
പ്രദര്‍ശിപ്പിക്കുന്നു.ഏവര്‍ക്കും സ്വാഗതം

No comments: