കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday, 15 May 2013

കാണി വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം


വിനയചന്ദ്രന്‍ അനുസ്മരണവും കാണി വാര്‍ഷികവും
അന്‍‌വര്‍ അലി
കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികവും വിനയചന്ദ്രന്‍ അനുസ്മരണവും കവിയും ചലച്ചിത്രകാരനുമായ അന്‍‌വര്‍ അലി ഉദ്ഘാടനം ചെയ്തു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വാസുദേവന്‍ അടാട്ട് സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു. പി.കെ. ജയരാജന്‍,ഷൌക്കത്തലിഖാന്‍, ഉണ്ണികൃഷ്ണന്‍,ദിനേശ് ,എം.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
സുകുമാരി അനുസ്മരണം 

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുകുമാരി അനുസ്മരണ ത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍
എം.സി.രാജനാരായണന്‍


സുകുമാരിയുടെ അഭിനയ ജീവിതത്തെഅനുസ്മരിച്ച് സംസാരിച്ചു.കാണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര നിരൂപകന്‍ എം.സി രാജനാരായണന്‍ നിര്‍വ്വഹിച്ചു.സോമന്‍ ചെമ്പ്രേത്ത്, പി.രാജഗോപാലമേനോന്‍,അടാട്ട് വാസുദേവന്‍ എന്നിവരും സംസാരിച്ചു.തുടര്‍ന്ന് സുകുമാരി അഭിനയിച്ച ‘ മിഴികള്‍ സാക്ഷി’ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു.
ഇന്നത്തെ കേരളം നവോത്ഥാനത്തിന്റെ സൃഷ്ടി.
കെ.സി.നാരായണന്‍

നവോത്ഥാനമാണ് ഇന്ന്  കാണുന്ന കേരളത്തെ സൃഷ്ടിച്ചെടുത്തതെന്ന് പത്രാധിപരും എഴുത്തുകാരനുമായ കെ.സി നാരായണന്‍ അഭിപ്രായപ്പെട്ടു. നാനാജാതി മതസ്ഥര്‍ ഒരുമിച്ചിരിക്കുകയും സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന സാഹചര്യം നവോത്ഥാനം ഉണ്ടാക്കിയതാണ്.കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “നവോത്ഥാന നാടകത്തിലെ സ്ത്രീപര്‍വ്വം“  എന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ചിത്രന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്‍,ദേവകി നിലയങ്ങോട്, എം.ജി.ശശി, കെ.ശോഭന എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.രാജഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു.ഡോ.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1948ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സ്ത്രീ നാടകത്തെ ആസ്പദമാക്കി എം.ജി.ശശി സംവിധാനം ചെയ്ത  “ തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന സംവാദത്തില്‍ പി.കെ ജയരാജന്‍, കെ.കെലക്ഷ്മണന്‍, കെ.സി.നാരായണന്‍,രാധാബായി,ഗീതാജോസഫ്,എം.ജി.ശശി എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്ര ശില്പ പ്രദര്‍ശനത്തില്‍ മോഹന്‍ ആലങ്കോട്,കുമാര്‍ മൂക്കുതല,ദിനേശ് ചാഴിയത്ത്, പി.ഷൌക്കത്തലി,ആവണി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:http://www.facebook.com/media/set/?set=a.574813572539212.1073741827.100000317232437&type=1



Saturday, 4 May 2013

തൊഴില്‍കേന്ദ്രത്തിലേക്ക് / നവോത്ഥാനം, നാടകം, സ്ത്രീ


മലയാളത്തിലെ നവോത്ഥാന ചരിത്രത്തിലും, നാടക ചരിത്രത്തിലും വേണ്ടത്ര മനസ്സിലാക്കാതെ പോയ ഒരേടാണ് നവോത്ഥാന സ്ത്രീ നാടകങ്ങള്‍... നമ്പൂതിരി നവോത്ഥാനത്തിലെ നാടക പര്‍വ്വത്തില്‍, അടുക്കളയില്‍ നിന്നരങ്ങത്തേക്ക്, ഋതുമതി തുടങ്ങിയ നാടകങ്ങള്‍ നവോത്ഥാനത്തിന്റെ പ്രചാരണോപാധികളായിരുന്നു. എന്നാല്‍ അതേ സമൂഹത്തിനകത്ത് കൂടുതല്‍ പീഢിതമായ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു നമ്പൂതിരി സ്ത്രീകള്‍. വി.ടിയെപ്പോലുള്ളവര്‍ നയിച്ചത് അവര്‍ക്കുവേണ്ടിയും കൂടിയുള്ള സമരമായിരുന്നു.
 ''പുരുഷന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീവിമോചന പ്രസ്ഥാനം എന്ന് വി.ടി.യുടെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന മറ്റു പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി സ്ത്രീ, നമ്പൂതിരിയുടെ പ്രസ്ഥാനത്തില്‍ പാര്‍ശ്വവിഷയമായല്ല, കേന്ദ്രബിന്ദുവായിത്തന്നെ നിലകൊണ്ടു. അത് സ്ത്രീയെ സംബോധന ചെയ്തു, അവളോടു സംവദിച്ചു, സ്ത്രീയുടെ വിടുതിയും പരസ്പരം ഇണങ്ങി നില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞു.'' (കെ.സി. നാരായണന്‍).) 
നമ്പൂതിരിസ്ത്രീകള്‍ തങ്ങളുടെ സമുദായത്തിനകത്തുതന്നെ സംഘടിക്കുകയും സമരങ്ങളിലേര്‍പ്പെടുകയും തൊഴില്‍ കേന്ദ്രങ്ങള്‍ നടത്തുകയും ചെയ്തു എന്നീകാര്യങ്ങളൊന്നും സമകാലിക ലോകം ശരിയായി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ശ്രീമതി ദേവകി നിലയങ്ങളോട് എഴുതിയ “നഷ്ടബോധങ്ങളില്ലാതെ“ എന്ന ആത്മകഥാ ലേഖനത്തിലൂടെയാണ് ഇത്തരം കാര്യങ്ങളിലേറെയും പുതുതലമുറക്ക് അറിയാനായത്. “തൊഴില്‍ കേന്ദ്രത്തിലേക്ക് “ എന്നൊരു നാടകത്തെപ്പറ്റി അതില്‍ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ തന്നെ എഴുതി തയ്യാറാക്കുകയും സ്ത്രീകള്‍ തന്നെ അഭിനയിക്കുകയും ചെയ്ത നാടകം. 1946ല്‍ ലക്കിടി ചെറമംഗലത്ത് മനയില്‍ സ്ത്രീകളുടെ കമ്യൂണായ തൊഴില്‍ കേന്ദ്രം രൂപീകൃതമായി. 1948ല്‍ തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന സ്ത്രീ നാടകം അവതരിപ്പിക്കുകയും ചെയ്തു. ആര്യാ പള്ളവും വേറെ രണ്ടു മൂന്ന് അന്തര്‍ജ്ജനങ്ങളുമായിരുന്നു മുഖ്യ രചയിതാക്കള്‍. തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന പ്രസ്തുത നാടകത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക സ്ത്രീ സമസ്യകളെ സംബോധന ചെയ്യുന്നതാണ് 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന ഡോക്യുഫിക്ഷന്‍.- .അന്നത്തെ അഭിനേതാക്കളായ ശ്രീദേവി കണ്ണമ്പള്ളിയും, കാവുങ്കര ഭാര്‍ഗ്ഗവിയും ഈ സിനിമയില്‍ സ്‌ക്രീനിലെത്തുന്നു. ഒപ്പം അന്തര്‍ജ്ജന സമാജത്തിന്റെ പ്രധാന സംഘാടകരായ ദേവകി നിലയങ്ങോടും ഗംഗാദേവിയും നാടകം സിനിമയിലൂടെ വീണ്ടും അവതരിപ്പിക്കുന്നു. പഴയ കാലം മുതലുള്ള സ്ത്രീ പ്രതിനിധാനങ്ങളായി അരിസ്റ്റോ ഫെനീസിന്റെ ലിസിസ്ട്രാറ്റ, ഇബ്‌സന്റെ നോറ, കുറിയേടത്ത് താത്രി എന്നിവര്‍ ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാണ്. പഴയ നാടകത്തിലെന്ന പോലെ ഈ ചിത്രത്തിലും അഭിനയിച്ചവരെല്ലാം (പന്ത്രണ്ടുപേര്‍) സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. കൃപ, സുനിത നെടുങ്ങാടി, ഗീത ജോസഫ്, എം.ജി. ഷൈലജ, ശോഭന കെ., ആര്യ, രജിത, ചിത്തിര എന്നിവരാണ് അഭിനയിച്ചത്. ചിറ്റൂര്‍ ഫിലം സൊസൈറ്റിക്കുവേണ്ടി ടി.ജി. നിരഞ്ജനനാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
കാണി വാര്‍ഷികത്തിന്റെ ഭാഗമായി പ്രസ്തുത ചിത്രത്തിന്റെ പ്രദര്‍ശനവും 'നവോത്ഥാന നാടകവേദിയിലെ സ്ത്രീപര്‍വ്വം' എന്ന വിഷയത്തില്‍ ഒരു സെമിനാറും സംഘടിപ്പിക്കുകയാണ്. ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഭാഷാപോഷിണി പത്രാധിപര്‍ ശ്രീ. കെ.സി. നാരായണന്‍ വിഷയാവതരണം നടത്തും.ആലങ്കോട് ലീലാകൃഷ്ണന്‍, ശ്രീമതി. ദേവകി നിലയങ്ങോട്, ശ്രീ. എം.ജി. ശശി, ശോഭന എന്നിവര്‍ സംസാരിക്കും.
 2013 മെയ് 11 ശനിയാഴ്ച വൈ. 4 മണി ഗവ. എല്‍.പി. സ്‌കൂള്‍, മൂക്കുതല

സെമിനാര്‍ : 
നവോത്ഥാന നാടകവേദിയിലെ സ്ത്രീപര്‍വ്വം
ഉദ്ഘാടനം: 
ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട്
വിഷയാവതരണം:
ശ്രീ. കെ.സി. നാരായണന്‍
(പത്രാധിപര്‍ ഭാഷാപോഷിണി)

പങ്കെടുക്കുന്നവര്‍
:ആലങ്കോട് ലീലാകൃഷ്ണന്‍
ശ്രീമതി. ദേവകി നിലയങ്ങോട്
ശ്രീ. എം.ജി. ശശി,
ശ്രീ. ടി.ജി. നിരഞ്ജന്‍
ശ്രീമതി. കെ. ശോഭന

ചലച്ചിത്ര പ്രദര്‍ശനം : 
തൊഴില്‍കേന്ദ്രത്തിലേക്ക്
സംവിധായകന്‍ : എം.ജി. ശശി
നിര്‍മ്മാണം: ടി.ജി. നിരഞ്ജന്‍ 
(ചിറ്റൂര്‍ ഫിലിം സൊസൈറ്റി)

അഭിനയിച്ചവര്‍:
ദേവകി നിലയങ്ങോട്
ശ്രീദേവി കണ്ണമ്പിള്ളി
കാവുങ്കര ഭാര്‍ഗ്ഗവി, ഗംഗാദേവി,കൃപ, സുനിത നെടുങ്ങാടി, ഗീത ജോസഫ്, എം.ജി. ഷൈലജ, ശോഭന കെ., ആര്യ, രജിത, ചിത്തിര 

കാലത്ത് 10 മണി മുതല്‍
ചിത്ര-ശില്പ പ്രദര്‍ശനം 
പങ്കെടുക്കുന്നവര്‍:
കെ.കെ. ബാലന്‍ മാസ്റ്റര്‍, മോഹന്‍ ആലങ്കോട്, പി.ഷൗക്കത്തലി,
കുമാര്‍ പി. മൂക്കുതല, മന്‍സൂര്‍ ഖാന്‍,
ലത ചന്ദ്രമോഹന്‍, ദിനേശന്‍ ചാഴിയത്ത്
തുടങ്ങിയവര്‍...